palakkad local

വനിതാ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ അശ്ലീല പരാമര്‍ശം; ലീഗ് മെംബര്‍ക്കെതിരേ പരാതി

ചെര്‍പ്പുളശ്ശേരി: പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ വനിതാ സെക്രെട്ടറിക്കെതിരെ അശ്ലീപരാമര്‍ശം നടത്തിയ ലീഗ് മെംബര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  പരാതി. കഴിഞ്ഞ തിങ്കളാഴ്ച നടന്ന നെല്ലായ ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് മുസ്്‌ലിം ലീഗിലെ പഞ്ചായത്ത് അംഗം പി ടി സന്തോഷ് വനിതാ സെക്രട്ടറിക്കെതിരെ അതിരുവിട്ട പരാമര്‍ശം നടത്തിയത്. ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ ലിസ്റ്റ് അംഗീകരിക്കുന്നതിന് വേണ്ടിയാണ് ഉച്ചക്ക് അടിയന്തിര ബോര്‍ഡ് മീറ്റിങ് തീരുമാനിച്ചത്. പഞ്ചായത്ത് സെക്രട്ടറി അവധിയില്‍ ആയിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിയാണ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. ലൈഫ് മിഷന്‍ ലിസ്റ്റ് അംഗീകരിക്കാന്‍ യോഗം തീരുമാനിക്കുകയും ചെയ്തു. ഇതിനിടയിലാണ് ലീഗിലെ പഞ്ചായത്തംഗം പി ടി സന്തോഷ് വനിതയായ പഞ്ചായത്ത് സെക്രട്ടറിയെ കേട്ടാല്‍ അറക്കുന്ന വാക്കുപയോഗിച്ച് സംബോധന ചെയ്തത്. 10 വനിത മെംബര്‍മാര്‍ ഉള്‍പ്പെടെ 18 പേരാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. അശ്ലീല പ്രയോഗം നടത്തിയ സന്തോഷിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനു രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ഭരണ സമിതി യോഗങ്ങളില്‍ നിരന്തരമായി അനാവശ്യ പ്രയോഗം നടത്തുന്നത് മെംബറുടെ പതിവാണെന്നും പരാതിയുണ്ട്.
Next Story

RELATED STORIES

Share it