malappuram local

വനിതാ ഡോക്ടറോട് വൈരാഗ്യം തീര്‍ക്കാന്‍ എംഎസ്പി ആശുപത്രി ബാരക്കാക്കി

മലപ്പുറം: എംഎസ്പിയിലെ ക്ലിനിക്ക് പോലിസുകാരുടെ താമസസ്ഥലമാക്കിയതായി ആക്ഷേപം. 30 രോഗികളെ കിടത്താന്‍ സംവിധാനമുള്ള എംഎസ്പി കോംപൗണ്ട് ആശുപത്രിയുടെ ഏക വാര്‍ഡിലാണ് പോലിസുകാരെ താമസിപ്പിച്ചത്. ഇന്നലെ രാവിലെ പത്തിനാണ് സംഭവം.
ആശുപത്രിയിലെത്തിയ ഡോക്ടര്‍മാരെ പോലിസുകാര്‍ തടയുകയായിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ കര്‍ണാടക പോലിസുകാരുടെ ബാരക്കാക്കിയെന്നായിരുന്നു പോലിസുകാരുടെ നിലപാട്. എന്നാല്‍, ഇതിന് രേഖാമൂലമുള്ള അനുമതിയില്ലാതെയാണ് പോലിസുകാര്‍ക്ക് തുറന്നുകൊടുത്തതെന്ന് ആശുപത്രി അധികൃതര്‍ ആരോപിച്ചു. മുന്ന് മണിക്കൂറോളം തുടര്‍ന്ന തര്‍ക്കത്തിനൊടുവില്‍ പിന്നീട് പി ഉബൈദുല്ല എംഎല്‍എയുടെ സാന്നിധ്യത്തില്‍ തുറന്നുകൊടുക്കുകയായിരുന്നു. അതേസമയം, ഒരു പോലിസുദ്യോഗസ്ഥനും വനിതാ ഡോക്ടറും തമ്മിലുള്ള പ്രശ്‌നമാണ് ആശുപത്രി ബാരക്കാക്കാന്‍ കാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ ക്ലിനിക്കിലെ വനിതാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സജിനി എംഎസ്പിയിലെ ഒരു അസിസ്റ്റന്റ് കമാന്റന്റിനെതിരേ പ്രത്യേക വിങ്ങിന് പരാതി നല്‍കിരുന്നു. ഈ ഉദ്യോഗസ്ഥന്‍ പരിശോധനയ്ക്കിടെ ഡോക്ടറോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. എന്നാല്‍, പരാതി ലഭിച്ചിട്ടും ഇതുവരെ നടപടിയൊന്നുമെടുത്തിരുന്നില്ലെന്ന് മാത്രമല്ല, ക്വാര്‍ട്ടേഴ്‌സുകളുടെ ചുമതലയുള്ള ഈ അസിസ്റ്റന്റ് കമാണ്ടന്റ് പ്രതികാര നടപടിയെന്ന നിലയില്‍ ഡോക്ടറെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തു. കാന്റീനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഈ ഉദ്യോഗസ്ഥനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it