വനിതാ ജയിലിലെ ആത്മഹത്യ: സസ്‌പെന്‍ഷന്‍ വിവാദത്തില്‍

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ ഏക പ്രതിയും റിമാന്‍ഡ് തടവുകാരിയുമായ സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തിലെ സസ്‌പെന്‍ഷന്‍ നടപടി വിവാദത്തില്‍. സംഭവസമയം ഡ്യൂട്ടിയിലില്ലാതിരുന്ന വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണു നടപടിയെടുത്തതെന്നാണു സൂചന. ജയില്‍ ഡിഐജി എസ് സന്തോഷും റീജ്യനല്‍ വെല്‍ഫെയര്‍ ഓഫിസര്‍ മുകേഷും നല്‍കിയ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ മൂന്നു വനിതാ ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തതായി വിവരം പുറത്തുവന്നിരുന്നത്. എന്നാല്‍, ഇന്നലെ ഉത്തരവു പുറത്തിറങ്ങിയതോടെയാണ് പേരുകളിലെ വൈരുധ്യം പുറത്തായത്. വനിതാ അസി. പ്രിസണ്‍ ഓഫിസര്‍മാരായ മിനി തെക്കേവീട്ടില്‍, കെ പി ദീപ, എന്‍ വി സോജ എന്നിവരെ സസ്‌പെന്‍ഡ് ചെയ്‌തെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍, ഉത്തരവില്‍ ദീപയെ ഒഴിവാക്കുകയായിരുന്നു. പകരം അസി. പ്രിസണ്‍ ഓഫിസറായ ജീനയ്‌ക്കെതിരേയാണു നടപടിയെടുത്തത്. ഇതില്‍ സോജയും ജീനയും സംഭവസമയം ഡ്യൂട്ടിയില്‍ ഇല്ലെന്നതിന്റെ തെളിവുകളുണ്ടായിട്ടും നടപടിയെടുത്തതാണ് സംശയങ്ങള്‍ക്ക് ഇടവരുത്തുന്നത്. സിസിടിവിയും ഇന്‍-ഔട്ട് രജിസ്റ്ററും ഉള്‍പ്പെടെയുള്ള തെളിവുകളുണ്ടായിട്ടും കീഴുദ്യോഗസ്ഥര്‍ക്കെതിരേ വിവേചനപരമായ നടപടിയെടുത്തെന്നാണു വ്യക്തമാവുന്നത്. സംഭവത്തില്‍ വീഴ്ചവരുത്തിയതിനു ജയില്‍ സൂപ്രണ്ട് പി ശകുന്തളയ്‌ക്കെതിരേ നടപടി വേണമോയെന്ന കാര്യത്തില്‍ സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നാണു ശുപാര്‍ശ ചെയ്തിട്ടുള്ളത്. അസി. സൂപ്രണ്ട് സി സി രമ, എപിഒ കെ പി ദീപ എന്നിവര്‍ക്കെതിരേ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഇവരെ ഒഴിവാക്കുകയായിരുന്നു. സൗമ്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിന്റെ തലേന്ന് 23ന് രാത്രിഡ്യൂട്ടിയാണു സോജയ്ക്കുണ്ടായിരുന്നത്. 24നു രാവിലെ 8.30നാണ് ഡ്യൂട്ടി മാറേണ്ടത്. പകരം ബ്ലോക്ക് ഡ്യൂട്ടിക്കെത്തേണ്ട ദീപ വൈകിയതു കാരണം 8.55നു ഡ്യൂട്ടി കൈമാറി 9.05നാണു പുറത്തിറങ്ങിയത്. അതുപോലെത്തന്നെ രാത്രി ഡ്യൂട്ടിയിലായിരുന്ന ജീനയാവട്ടെ കാന്റീന്‍ വിതരണ ചാര്‍ജ് ഉണ്ടായതിനാല്‍ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ 9.30നാണു പുറത്തിറങ്ങിയത്. ഇതെല്ലാം ഇന്‍-ഔട്ട് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. രാവിലെ 5.30നാണു വനിതാ ജയിലിലെ തടവുകാരെ പ്രാഥമിക കൃത്യങ്ങള്‍ക്കായി വിടുന്നത്. പിന്നീട് ജോലിക്കു പോയശേഷം ഡ്യൂട്ടി കൈമാറുന്ന സമയത്ത് പകരം ഡ്യൂട്ടിയെടുക്കേണ്ടവര്‍ തടവുകാരെ നോക്കി ഉറപ്പുവരുത്തുകയാണു ചെയ്യുന്നത്. രാവിലെ 9.10 വരെ ജയില്‍ കോംപൗണ്ടില്‍ സൗമ്യ ഉണ്ടായിരുന്നതായി സിസിടിവിയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഗാങ് രജിസ്റ്ററില്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയില്ലെന്നു പറഞ്ഞാണ് ഇരുവര്‍ക്കുമെതിരേ നടപടിയെടുത്തത്. വനിതാ ജയിലില്‍ ഇതുവരെയായി ഗാങ് രജിസ്റ്ററില്‍ രേഖപ്പെടുത്തുന്ന പതിവില്ലെന്നാണു വിവരം. ദുരൂഹതകള്‍ ഏറെയുള്ള കേസിലെ പ്രതിയെ ജയിലിലെ കശുമാവിന്‍കൊമ്പില്‍ സാരി ഉപയോഗിച്ച് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതോടെയാണ് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ അന്വേഷണത്തിനായി ഉത്തരമേഖല ഡിഐജി എസ് സന്തോഷിനെയും റീജ്യനല്‍ വെല്‍ഫെയര്‍ ഓഫിസര്‍ കെ വി മുകേഷിനെയും ചുമതലപ്പെടുത്തിയത്.മൂന്നുദിവസം കഴിഞ്ഞാണ് ഡിഐജി തെളിവെടുപ്പിനെത്തിയത്. ഇരുവരുടെയും റിപോര്‍ട്ടിലും സംശയമുയര്‍ന്നിട്ടുണ്ട്. നടപടിക്കിരയായ സോജയില്‍ നിന്ന് മൊഴിയെടുത്ത ഡിഐജി ഇത് വായിച്ചുകേള്‍പ്പിക്കാതെ ധൃതിപിടിച്ച് വാങ്ങിയെന്നാണു സൂചന. ഇരുവരില്‍നിന്നും റീജ്യനല്‍ ഓഫിസറും മൊഴിയെടുത്തിട്ടില്ല. അതിനാല്‍ത്തന്നെ അസ്വാഭാവികതയൊന്നും തോന്നാതിരുന്ന ഇരുവരും നടപടിയുടെ ഉത്തരവ് ഇന്നലെ ഉച്ചയോടെ കൈപ്പറ്റിയപ്പോഴാണ് വൈരുധ്യം ബോധ്യപ്പെട്ടത്. ഇടത് അനുകൂല ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ നിരപരാധികളെ ബലിയാടാക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.



Next Story

RELATED STORIES

Share it