Flash News

വനിതാ ക്രിക്കറ്റ് ലോകകപ്പിന് കളമൊരുങ്ങി



ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ആവേശത്തിന് കൊടിയിറങ്ങുമ്പോള്‍ വനിതാ ക്രിക്കറ്റില്‍ ആവേശത്തിന്റെ കൊടി ഉയരുന്നു. ഐസിസി വനിതാ ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ 24ാം തീയ്യതിയാണ് ആരംഭിക്കുന്നത്.  ലോക രാജ്യങ്ങളിലെ കരുത്തരായ എട്ട് രാജ്യങ്ങള്‍ പരസ്പരം പോരടിക്കുന്ന ലോകകപ്പിന് ഇംഗ്ലണ്ടാണ് വേദി. 22 ദിവസം നീണ്ട് നില്‍ക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ ജൂലൈ 23 ന് ലോര്‍ഡ്‌സിലാണ് നടക്കുക. നിലവിലെ ചാംപ്യന്‍മാരായ ആസ്‌ത്രേലിയ ഇത്തവണയും ശക്തമായ താരനിരയോടെ എത്തുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ടിനും കരുത്തരായ ഇന്ത്യയ്ക്കും കപ്പില്‍ മുത്തമിടാന്‍ കടുത്ത പോരാട്ടം തന്നെ നേരിടേണ്ടി വരും. പരിക്ക് ഓസീസ് ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഓസീസ് ബൗളിങിന്റെ കുന്തമുന എല്‍സി പെറി പരിക്കിനെത്തുടര്‍ന്ന് ലോകകപ്പില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസിലന്‍ഡും ശ്രീലങ്കയും ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യയുടെ ആദ്യ എതിരാളി ഇംഗ്ലണ്ടാണ്. മികച്ച താരനിരയുമായാണ് ഇന്ത്യ ഇത്തവണ ഇംഗ്ലണ്ടിലേക്ക് വണ്ടികയറിയത്. ജുലാന്‍ ഗോസാമിയുടെ ഫാസ്റ്റ് ബൗളിങ് കരുത്തും ക്യാപ്റ്റന്‍ മിഥിലി രാജിന്റെ ബാറ്റിങ് കരുത്തുമാണ് ഇന്ത്യയുടെ ശക്തി. തോല്‍വി അറിയാതെ 16 മല്‍സരങ്ങളില്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ വനിതാ ടീം എന്തുകൊണ്ടും ഇത്തവണ ചാംപ്യന്‍ പട്ടം കരസ്ഥമാക്കാന്‍ യോഗ്യരായവരാണ്. അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ പൂനം റൗത്തിന്റേയും 19 വയസുകാരി ദീപ്തി ശര്‍മയുടേയും പ്രകടനവും ഇന്ത്യയുടെ വിജയ പ്രതീക്ഷകളെ സജീവമാക്കുന്നു.  ഇരുവരും ചേര്‍ന്ന് 320 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപണിങില്‍ പടുത്തുയര്‍ത്തിയത്.ലോകകപ്പിന്റെ സന്നാഹ മല്‍സരങ്ങള്‍ പുരോഗമിക്കുകയാണ്. ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകര്‍ത്ത ഇംഗ്ലണ്ട് ലോകകപ്പിലേക്കുള്ള തങ്ങളുടെ വരവറിയിച്ച് കഴിഞ്ഞു. അതേ സമയം സന്നാഹ മല്‍സരത്തില്‍ ന്യൂസിലന്‍ഡിനോട് ഏഴ് വിക്കറ്റിന് ഇന്ത്യ പരാജയം ഏറ്റുവാങ്ങി. എട്ട് ടീമുകളും ഒന്നിനൊന്ന് മികവ് പലര്‍ത്തുമ്പോള്‍ വനിതാ ലോകകപ്പ് കിരീടം ഏത് രാജ്യത്തിനൊപ്പം നില്‍ക്കുമെന്ന് പ്രവചനാതീതമാണ്. ഇന്ന് ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അവസാന സന്നാഹ മല്‍സരം.
Next Story

RELATED STORIES

Share it