വനിതാ കമ്മീഷന്‍ റിപോര്‍ട്ട് തേടി



കോട്ടയം: വൈക്കം ടിവി പുരത്ത് വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അടിയന്തരമായി റിപോര്‍ട്ട് നല്‍കാന്‍ കോട്ടയം എസ്പിക്ക് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. യുവതി വീട്ടിനുള്ളില്‍ മര്‍ദനത്തിനിരയാവുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും മരുന്നുനല്‍കി മയക്കിക്കിടത്തിയിരിക്കുകയാണെന്നും ഉള്‍പ്പെടെയുള്ള വാര്‍ത്തകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്നാണ് എസ്പിയോട് ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ വീട്ടിനുള്ളില്‍ അച്ഛന്‍ മര്‍ദിക്കാറുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും മരണം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഡോ. ഹാദിയ പറയുന്ന വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത്. ഹാദിയയെ മരുന്നുനല്‍കി മയക്കിക്കിടത്താറുണ്ടെന്നു രാഹുല്‍ ഈശ്വര്‍ പറഞ്ഞതായി പ്രമുഖ ഡോക്യൂമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോനും കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഡോ. ഹാദിയാ കേസ് ഈ മാസം 30ന് സുപ്രിംകോടതിയുടെ പരിഗണനയ്ക്കായി വരുന്നതിനാല്‍ എത്രയും വേഗം റിപോര്‍ട്ട് വേണമെന്ന് എസ്പിക്ക് നല്‍കിയ കത്തില്‍ കമ്മീഷന്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it