Kottayam Local

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് : 27 കേസുകള്‍ തീര്‍പ്പാക്കി; 12 എണ്ണത്തില്‍ റിപോര്‍ട്ട് തേടി



കോട്ടയം: ഇന്നലെ വനിതാ കമ്മീഷന്‍ നടത്തിയ മെഗാ അദാലത്തില്‍ ആകെ 81 പരാതികള്‍ ലഭിച്ചു. ഇതില്‍ 27 എണ്ണം തീര്‍പ്പാക്കി. 12 കേസുകളില്‍ പോലിസ് റിപോര്‍ട്ട് തേടി. എന്നാല്‍ 12 കേസുകളില്‍ കക്ഷികള്‍ ഹാജരായില്ല. കുടുംബ പ്രശ്‌നങ്ങള്‍, തൊഴില്‍ സ്ഥലത്തെ പീഡനം എന്നിവയാണ് പ്രധാനമായും അദാലത്തിനെത്തിയത്. അടുത്ത അദാലത്ത് നവംബര്‍ 18ന് കോട്ടയത്താണ്. വൈകല്യം ബാധിച്ച ഒന്നര വയസ്സുള്ള കുട്ടിയെ ഉപേക്ഷിക്കാത്തതിന്റെ പേരില്‍ തന്നെയും ഉപേക്ഷിച്ചെന്ന പരാതിയുമായി യുവതി വനിതാ കമ്മീഷനു മുന്നിലെത്തി. ശാരീരികമായ അവശത നേരിടുന്ന പിഞ്ചുകുട്ടിയെ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ മാത്രമേ തന്നെയും സ്വീകരിക്കുകയുള്ളൂ എന്നതായിരുന്നു ഭര്‍ത്താവിന്റെ നിലപാട്. ഇത് അംഗീകരിക്കാതിരുന്നതിനാല്‍ താനും പെരുവഴിയിലായതായി മണിമല സ്വദേശിയായ യുവതി കമ്മീഷനെ ബോധിപ്പിച്ചു. ജന്മനാ വൈകല്യം ബാധിച്ച കുട്ടിയുടെ പിതാവ് ഗള്‍ഫിലാണ്. തനിക്കു സാമ്പത്തിക പ്രയാസം നേരിടുന്നതിനാല്‍ കുട്ടിയുടെ ചികില്‍സ പോലും മുടങ്ങിയിരിക്കുകയാണെന്നും യുവതി വ്യക്തമാക്കി. തുടര്‍ന്നു സാമൂഹിക നീതി വകുപ്പ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ആവിഷ്‌കരിച്ച കിരണ്‍ പദ്ധതിയില്‍പെടുത്തി സൗജന്യ ചികില്‍സാ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിനു കത്ത് അയക്കാനും വനിതാ കമ്മീഷന്‍ തീരുമാനിച്ചു. കുട്ടികള്‍ക്കു വൈകല്യം ബാധിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചെന്നും ജീവിത ചെലവിനും കുട്ടികളുടെ ചികില്‍സയ്ക്കും ആവശ്യമായ പണം നല്‍കുന്നില്ലെന്നുമുള്ള പരാതിയുമായി കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതകമ്മീഷന്‍ മെഗാ അദാലത്തില്‍ രണ്ടു യുവതികളാണെത്തിയിരുന്നത്. രണ്ട് കുട്ടികളുടെ മാതാവായ കോട്ടയം സ്വദേശിനിയായ യുവതിയാണ് മറ്റൊരു പരാതിക്കാരി. വൈകല്യം ബാധിച്ച ഒമ്പതു വയസ്സുകാരിയെ ഒഴിവാക്കാത്തതിന്റെ പേരില്‍ ഉപേക്ഷിച്ചുപോയ തിരുനെല്‍വേലി സ്വദേശിയായ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. ഒപ്പം താമസിക്കുന്ന നാലു വയസ്സുകാരനും കുട്ടിയുടെ ചികില്‍സയ്ക്കും ചെലവിനും പണം തരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി കമ്മീഷനെ സമീപിച്ചത്. ഭര്‍ത്താവിനു വേണ്ടി അഭിഭാഷകനാണു ഹാജരായത്. കുട്ടിയുടെ പേരില്‍ ഭാര്യയെ ഉപേക്ഷിച്ച ഭര്‍ത്താവിന്റെ ഭാഗംകൂടി കേള്‍ക്കാന്‍ കേസ് ഡിസംബര്‍ ആദ്യവാരത്തിലെ അദാലത്തിലേക്കു മാറ്റി. മാതാപിതാക്കളുടെ ഇടപെടല്‍ മൂലം ഭാര്യയും ഭര്‍ത്താവും തമ്മില്‍ അകന്നു ജീവിച്ചപ്പോള്‍ അപരിചിതയാക്കപ്പെട്ടത് മൂന്നു വയസ്സുകാരിയായ മകളാണ്. പരാതിയില്‍ തീരുമാനം ആവുന്നത് വരെ 5000 രൂപ എല്ലാ മാസവും അഞ്ചാം തിയ്യതി അമ്മയ്ക്കും കുഞ്ഞിനും നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കുടുംബസ്വത്തിനു വേണ്ടിയുള്ള പരാതികളും കമ്മീഷനു മുന്നിലെത്തി. വിവരവും വിദ്യാഭ്യാസവും കൂടുമ്പോഴും വിശാലമായ കാഴ്ച്ചപ്പാട് സമൂഹത്തില്‍ നഷ്ടപ്പെടുന്നുവെന്നു കമ്മീഷന്‍ വിലയിരുത്തി. വനിതാ കമ്മീഷന്‍ അംഗങ്ങളായ ഇ എം രാധ, അഡ്വക്കേറ്റുമാരായ എം എസ് താര, ഷിജി ശിവജി, കമ്മീഷന്‍ ഡയറക്ടര്‍ വി യു കുര്യാക്കോസ്, അഡ്വക്കേറ്റുമാരായ എം പി തങ്കം, സി എ ജോസ്, ഷൈനി ഗോപി, സി ജി സേതുലക്ഷ്മി, പോലിസ് ഉദ്യോഗസ്ഥരായ ഫിലോമിന എന്‍, ഷീനാ സി കെ, ഉദ്യോഗസ്ഥരായ സിന്ധ്യ, ശ്രീദേവി, മധു പങ്കെടുത്തു.
Next Story

RELATED STORIES

Share it