Flash News

വനിതാ ഏഷ്യ കപ്പ്: ഹോക്കി ഇന്ത്യ ഫൈനലില്‍

വനിതാ ഏഷ്യ കപ്പ്: ഹോക്കി ഇന്ത്യ ഫൈനലില്‍
X


ടോക്കിയോ: വനിതാ ഏഷ്യാ കപ്പ് ഹോക്കി സെമിയില്‍ ആതിഥേയരും നിലവിലെ ചാംപ്യന്‍മാരുമായ ജപ്പാനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ ഇന്ത്യ ചൈനയെ നേരിടും. 2009 ല്‍ ഫൈനലില്‍ ഇന്ത്യയെ 5-3 ന് തകര്‍ത്ത ചൈനയോടുള്ള പ്രതികാരത്തിന്റെ കണക്കു തീര്‍ക്കല്‍ കൂടിയാവും ഈ ഫൈനല്‍. ഗുര്‍ജിത്തിന്റെ ഇരട്ടഗോള്‍ നേട്ടമാണ് ഫൈനലിലേക്കുള്ള പ്രവേശത്തിന് നിര്‍ണായകമായത്. കളി തുടങ്ങി ആദ്യ ക്വാര്‍ട്ടറില്‍ തന്നെ മൂന്ന് ഗോളും ജപ്പാന്റെ വലയിലാക്കിയാണ് ഇന്ത്യന്‍ പെണ്‍പട കരുത്തറിയിച്ചത്. ഏഴാം മിനിറ്റില്‍ ലഭിച്ച  പെനല്‍റ്റിയെ ഉന്നം പിഴക്കാതെ ഗുര്‍ജിത്ത് കൗര്‍ ലക്ഷ്യത്തിലെത്തിച്ചു.  ഇന്ത്യ 1-0ന് മുന്നില്‍.  ആദ്യ ഗോളിന്റെ ആഘോഷം തീരുംമുമ്പേ ജപ്പാന്റെ ഗോള്‍ പോസ്റ്റില്‍ സീനിയര്‍ താരം നവ്‌ജോത് കൗറും ലക്ഷ്യം കണ്ടു. 2-0. ഒന്‍പതാം മിനിറ്റില്‍  തന്നെ ഗുര്‍ജിത്ത് തന്റെ രണ്ടാമത്തെ ഗോളും അക്കൗണ്ടിലിട്ടു, സ്‌കോര്‍ 3-0. രണ്ടാം ക്വാര്‍ട്ടറില്‍ 17ാം മിനിറ്റിലും 28ാം മിനിറ്റിലും ജപ്പാന്‍ താരങ്ങള്‍ ഇന്ത്യന്‍ വല കുലുക്കിക്കൊണ്ട് ഇന്ത്യക്ക് ഷോക്ക് നല്‍കിയെങ്കിലും മൂന്നാം ക്വാര്‍ട്ടറില്‍ ടൂര്‍ണമെന്റിലെ ആദ്യ ഗോളുമായി ലാല്‍ റംസിയാമി ഇന്ത്യക്ക് വേണ്ടി നാലാം ഗോളും അടിച്ചെടുത്തു.മൂന്ന് തവണ ഇന്ത്യന്‍ പെണ്‍പട ഫൈനലിലെത്തിയപ്പോള്‍ 2004 ല്‍ ഇന്ത്യയില്‍ നടന്ന ഏഷ്യാകപ്പ് ഹോക്കിയിലാണ് ഇന്ത്യ കിരീടം നേടിയത്. 1999ലും 2009 ലും ഇന്ത്യ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു.
Next Story

RELATED STORIES

Share it