Flash News

വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്; സൗദിയില്‍ 13 ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടമാകും

വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്; സൗദിയില്‍ 13 ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടമാകും
X


ദമ്മാം: ഈ വര്‍ഷം ജൂണ്‍ മാസം മുതല്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതോടെ അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ സൗദി അറേബ്യയില്‍ 13 ലക്ഷത്തോളം വിദേശികളായ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പായി. രാജ്യത്ത് 15.5 ലക്ഷം വീട്ടു ഡ്രൈവര്‍മാരാണുള്ളതെന്ന് സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപോര്‍ട്ടില്‍ പറയുന്നു. സൗദിയില്‍ 22 ശതമാനം വീടുകളില്‍ മാത്രമാണ് വീട്ടു വേലക്കാരികളുള്ളത്. എന്നാല്‍ 45 ശതമാനം വീടുകളിലും വിദേശികളായ ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിച്ചതാണ് വീട്ടു ഡ്രൈവര്‍മാരുടെ എണ്ണവും ഗണ്യമായി കൂടാന്‍ കാരണമായത്. ഇനി സ്ത്രീകള്‍ക്ക് സ്വയം വാഹനമോടിക്കാന്‍ സാധ്യമാകുന്നതോടെ അദ്യം ജോലി നഷ്ടപ്പെടുന്നത് അവരെ സ്ഥാപനങ്ങളിലെത്തിക്കാനും തിരിച്ചെടുക്കാനും നിയമിക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്കായിരിക്കും. തുടര്‍ന്ന് കുട്ടികളെ സ്‌കൂളില്‍ വിടുന്നതിന് മാത്രമായി ഒരു ഡ്രൈവറെ നിലനിര്‍ത്താന്‍ ഒട്ടുമിക്ക കുടുംബങ്ങളും ഒരുക്കമായിരിക്കില്ല. ടാക്‌സി മേഖലയില്‍ ജോലി ചെയ്യാന്‍ തയ്യാറായി നിരവധി വനിതകളാണ് മുന്നോട്ട് വന്നിട്ടുള്ളത്. വനിതാ ടാക്‌സികള്‍ നിരത്തിലിറങ്ങുന്നതോടെ ചെറിയ തോതിലെങ്കിലും ആ മേഖലയില്‍ ജോലി ചെയ്യുന്നവരെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സ്വദേശികള്‍ വീട്ടു ഡ്രൈവര്‍മാരെ നിയമിക്കുന്നതിനായി വര്‍ഷം ചുരുങ്ങിയത് 12,000 റിയാല്‍ ചെലവഴിക്കുന്നതായാണ് കണക്ക്. ഭക്ഷണം, താമസം തുടങ്ങിയ മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെയാണിത്. ഇതില്‍ തന്നെ വിശ്വാസ്യത, അനുസരണ, ജോലി സ്ഥിരത തുടങ്ങിയ ഗുണങ്ങള്‍ കണക്കിലെടുത്ത് സ്വദേശികള്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കുന്നത് ഏഷ്യന്‍ വംശജരായ ഡ്രൈവര്‍മാരെ കിട്ടുന്നതിന് വേണ്ടിയാണ്. അതിനായി വന്‍തുക ചെലവഴിക്കാനും അവര്‍ ഒരുക്കമായിരുന്നു.

സൗദിയില്‍ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കാന്‍ ചുരുങ്ങിയ പ്രായം സ്വകാര്യ വാഹനങ്ങള്‍ക്ക് 18ഉം പൊതു ഗതാഗത വാഹനങ്ങള്‍ക്ക് 20ഉം വയസ്സാണ് നിശ്ചയിച്ചിട്ടുള്ളത്. 17 തികഞ്ഞവര്‍ക്ക് ഒരു വര്‍ഷത്തേക്ക് താല്‍കാലിക ലൈസന്‍സും അനുവദിക്കും. ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നതിന് വിദേശ വനിതകളെ നിയമിക്കുന്നത് തൊഴില്‍ മന്ത്രാലയത്തിന്റെ നിയമ ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കും. സ്ത്രീകളും പുരുഷന്‍മാരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും ലൈസന്‍സ് ലഭിച്ചാല്‍ രാജ്യത്ത് എവിടെയും ഏത് സമയത്തും മോട്ടോര്‍ സൈക്കിളോ, കാറോ, ട്രക്കോ ഓടിക്കുന്നതിന് സ്ത്രീകള്‍ക്ക് വിലക്കുകള്‍ ഏതുമില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി. സ്വദേശിവല്‍ക്കരണം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന വിദേശികളില്‍ ഗണ്യമായ ഒരു ഭാഗം ഇന്ത്യക്കാരാണ്. സ്ത്രീകള്‍ വാഹനമോടിക്കാന്‍ തുടങ്ങുന്നതോടെ രാജ്യം വിടേണ്ടിവരുന്ന ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളായിരിക്കുമെന്നതും യാഥാര്‍ഥ്യമാണ്. സൗദി സ്വകാര്യമേഖലയില്‍ 20 ശതമാനമാണ് ഇന്ത്യക്കാരുടെ സാന്നിധ്യം. തൊട്ടുപിന്നില്‍ 17 ശതമാനവുമായി പാകിസ്താനികളാണ്. സൗദി തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം നടത്തിയ പഠന റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it