malappuram local

വനിതകളുടെ മോചനം ലക്ഷ്യമിട്ട് ഒറ്റയാള്‍ സത്യഗ്രഹവുമായി 'വടിക്കാക്ക'

കെ പി ഒ റഹ്്മത്തുല്ല

മലപ്പുറം: അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി 60കാരന്റെ ഒറ്റയാള്‍ സമരം. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് മലപ്പുറം കലക്ടററ്റിനു മുന്നില്‍ പി പി അബ്ദുല്‍ മജീദ് എന്ന വടിക്കാക്ക മേശയും കസേരയും ബാനറുമായി സമരത്തിനെത്തിയത്. സ്ത്രീ ലോകത്തിന്റെ മുഴുവന്‍ അമ്മയാണെന്ന് പറയുന്ന ബാനറുയര്‍ത്തിയായിരുന്നു സമരത്തുടക്കം. സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞറിയിക്കുന്ന വലിയ ബാനറും കലക്ടറേറ്റിനു മുന്നില്‍ ഉയര്‍ത്തിയിരുന്നു. കൊണ്ടോട്ടി, നീറാട് സ്വദേശിയായ അബ്ദുല്‍ മജീദ് വ്യത്യസ്തമായ സമരങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങളും നിര്‍വഹിച്ച് പൊതുപ്രവര്‍ത്തന രംഗത്തെ സജീവ സാനിധ്യമായിട്ട് കാല്‍നൂറ്റാണ്ടായി. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് സ്ത്രീകള്‍ മാത്രം രംഗത്തിറങ്ങിയാല്‍ പോരെന്നും പുരുഷന്മാര്‍ കൂടി രംഗത്തുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം തേജസിനോട് പറഞ്ഞു. നിങ്ങളില്‍ ഏറ്റവും നല്ലവന്‍ സ്ത്രീകളോട് നന്നായി പെരുമാറുന്നവരാണെന്ന് മുഹമ്മദ് നബി പഠിപ്പിച്ചതില്‍ ലോകത്തിന് വലിയ പാഠങ്ങളുണ്ടെന്ന് മജീദ് വിശദീകരിക്കുന്നു. വനിതാ ദിനത്തില്‍ രാവിലെ മുതല്‍ സ്ത്രീകളുടെ പ്രകടനങ്ങളുടേയും കൂട്ടഓട്ടത്തിന്റേയും ബോധവല്‍ക്കരണ പരിപാടികളുടേയും പൊടിപൂരമായിരുന്നു മലപ്പുറത്ത്. എന്നാല്‍, സ്ത്രീകള്‍ക്കുവേണ്ടി പുരുഷന്‍ നടത്തിയ ഒറ്റയാള്‍ സമരം ജനങ്ങളെ ആകര്‍ഷിച്ചു. മജീദിന്റെ ഒറ്റയാള്‍ സമരം കാണാന്‍ നൂറുകണക്കിനാളുകളാണ് കലക്ടറേറ്റിനു മുന്നില്‍ തടിച്ചുകൂടിയത്.
സ്ത്രീ വിമോചനത്തിന്റെ പ്രാധാന്യം അവരോടെല്ലാം അദ്ദേഹം പറയുകയും ചെയ്തു. മജീദ് വയസ്സന്‍മാര്‍ക്ക് വടി കൊടുത്തുകൊണ്ടാണ് സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയത്. റോഡിലൂടേയും ഗ്രാമങ്ങളിലൂടേയും വിറക് കൊള്ളികളും വടിക്കഷണങ്ങളും കുത്തിപ്പിടിച്ച് നടക്കുന്ന പാവപ്പെട്ട വൃദ്ധന്മാര്‍ക്ക് നിലമ്പൂര്‍ കാട്ടില്‍ നിന്നും കൊണ്ടുവരുന്ന ചൂരല്‍വടികള്‍ നല്‍കുന്ന പതിവ് തുടങ്ങിയതോടെ മജീദിന്റെ പേര് വടിക്കാക്ക എന്നാക്കി നാട്ടുകാര്‍ മാറ്റി. ഇതിനകം അര ലക്ഷത്തോളം പേര്‍ക്ക് ഇദ്ദേഹം ഒന്നാംതരം വടികള്‍ നല്‍കിയിട്ടുണ്ട്. റോഡിലും വഴിവക്കിലും മരിച്ചുകിടക്കുന്ന പട്ടി, പൂച്ച, മറ്റു ജന്തുക്കള്‍ എന്നിവയെ എല്ലാം കുഴിച്ചിടുന്ന ജോലിയും ഇദ്ദേഹം ഏറ്റെടുക്കുന്നു. കണ്ണുകാണാത്തവരെയും ഭ്രന്തന്മാരേയും സഹായിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. മാനസിക രോഗമുള്ളവരെ കണ്ടാല്‍ അവരെ കുളിപ്പിച്ച് പുതിയ വസ്ത്രം നല്‍കിയും വയറ് നിറച്ച് ആഹാരം നല്‍കിയും സംരക്ഷണാലയങ്ങളില്‍ ഏല്‍പിക്കുന്ന പതിവും കുറേകാലമായി തുടര്‍ന്നുവരുന്നു.
നല്ലൊരു സിനിമാ അഭിനയക്കാരന്‍കൂടിയാണ് ഇദ്ദേഹം. ഈ മാസം 30ന് റിലീസ് ചെയ്യുന്ന അരക്കിറുക്കന്‍ എന്ന സിനിമയില്‍ മുന്‍സിപ്പല്‍ ചെയര്‍മാനായി വേഷമിടുന്നുണ്ട്. പ്രമുഖ ചാനലില്‍ എല്ലനും മല്ലനും എന്ന സീരിയലില്‍ ചായകടക്കാരന്‍ ഖാദറായും വേഷമിടുന്നുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന അസ്തമയം സിനിമയില്‍ ആദിവാസി സ്‌കൂള്‍ അധ്യാപനായും സ്വപ്‌നഭൂമി ചലച്ചിത്രത്തില്‍ വടിക്കാക്കയായും അഭിനയിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് പീഡനവും പ്രശ്‌നങ്ങളും ഇല്ലാത്ത ഒരു കേരളവും ഇന്ത്യയും യാഥാര്‍ഥ്യമാവണമെന്ന ആവശ്യവുമായിട്ടാണ് അദ്ദേഹം മുന്നോട്ടുപോവുന്നത്. വൈകീട്ട് ഏഴോടെ ഒറ്റയാള്‍ സമരം അവസാനിച്ചപ്പോള്‍ നിരവധി പേരാണ് മജീദിനെ അഭിനന്ദിക്കാനും പരിചയപ്പെടാനുമായി കലക്ടറേറ്റിനു മുന്നില്‍ എത്തിയത്.
Next Story

RELATED STORIES

Share it