Flash News

വനിതകളില്‍ വിന്‍ഡീസിന് കന്നി കിരീടം

കൊല്‍ക്കത്ത: ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് കന്നി കിരീടം. ഇന്നലെ നടന്ന കലാശപ്പോരാട്ടത്തില്‍ തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ആസ്‌ത്രേലിയയെയാണ് വിന്‍ഡീസ് തോല്‍പ്പിച്ചത്.
മല്‍സരത്തില്‍ മൂന്ന് പന്തും എട്ട് വിക്കറ്റും ബാക്കിനില്‍ക്കേയായിരുന്നു കരീബിയന്‍ പടയുടെ വിജയം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 148 റണ്‍സെന്ന മികച്ച സ്‌കോര്‍ അടിച്ചെടുത്തു. എന്നാല്‍, മറുപടിയില്‍ ഓപണിങ് വിക്കറ്റില്‍ ഹെയ്‌ലേ മാത്യൂസും (66) ക്യാപ്റ്റന്‍ സ്റ്റെഫാനിയ ടെയ്‌ലറും (59) 120 റണ്‍സിന്റെ ഉജ്ജ്വല കൂട്ടുകെട്ടുമായി നയിച്ചപ്പോള്‍ 19.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിന്‍ഡീസ് ലക്ഷ്യം കാണുകയായിരുന്നു.
ട്വന്റി ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ റണ്‍ ചേസ് കൂടിയാണിത്. 45 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഹെയ്‌ലേയുടെ ഇന്നിങ്‌സ്. 57 പന്ത് നേരിട്ട സ്റ്റെഫാനിയ ആറ് ബൗണ്ടറി കണ്ടെത്തി.
നേരത്തെ ക്യാപ്റ്റന്‍ മെഗ് ലന്നിങിന്റേയും (52) എലിസെ വില്ലാനിയുടേയും (52) അര്‍ധസെഞ്ച്വറികളാണ് ഓസീസിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
വിന്‍ഡീസിന്റെ ഹെയ്‌ലേയെ കളിയിലെ താരമായും സ്റ്റെഫാനിയയെ ടൂര്‍ണമെന്റിലെ താരമായും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it