wayanad local

വനാവകാശത്തിന്റെ മറവില്‍ വനം കൈയേറ്റം; സബ് കലക്ടര്‍ക്കെതിരേ കേസെടുക്കണമെന്ന്

കല്‍പ്പറ്റ: വനാവകാശത്തിനെന്ന പേരില്‍ നിയമം ലംഘിച്ച് ചെതലയം ഫോറസ്റ്റ് റേഞ്ചിലെ നെയ്ക്കുപ്പയിലും ചങ്ങലമൂലക്കൊല്ലിയിലും കാട് വെട്ടിത്തെളിച്ച സര്‍വേ സംഘത്തിനും ട്രൈബല്‍ ഉദേ്യാഗസ്ഥര്‍ക്കും നേതൃത്വം നല്‍കിയ സബ് കലക്ടര്‍ക്കുമെതിരേ കേസെടുക്കണമെന്നും അവശേഷിക്കുന്ന കാടുകളുടെ നാശത്തിനിടയാക്കുന്ന സര്‍വേ സംഘങ്ങളെ പിന്‍വലിക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നഗ്നമായ വനം കൈയേറ്റത്തിനെതിരേ സത്വര നടപടികള്‍ ഉണ്ടാവാത്ത പക്ഷം കോടതിയെ സമീപിക്കുമെന്ന് വനം-വന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍, സൗത്ത് വയനാട് ഡിഎഫ്ഒ എന്നിവര്‍ക്കയച്ച കത്തില്‍ സമിതി വ്യക്തമാക്കി. 2005 ഡിസംബര്‍ 13ന് വനത്തിനകത്ത് താമസക്കാരും മറ്റവകാശങ്ങള്‍ ഉള്ളവരുമായ ആദിവാസികള്‍ക്കും മൂന്നു തലമുറകള്‍ കൈവശം വച്ചുവരുന്ന പരമ്പരാഗത സമൂഹങ്ങള്‍ക്കും മാത്രമേ വനാവകാശ നിയമം ബാധമാവൂ എന്നു നിയമം അനുശാസിക്കുന്നുണ്ട്.
കാടിനു പുറത്തു താമസിക്കുന്ന ഭൂരഹിതരായ ആദിവാസികള്‍ക്കും മറ്റും ഭൂമി ലഭ്യമാക്കാനുള്ള നിയമമല്ല ഇത്. ജില്ലയിലെ വിവിധ വനം ഡിവിഷനുകളില്‍ അര്‍ഹതപ്പെട്ട ആയിരക്കണക്കിനു പേര്‍ക്ക് ഇത്തരത്തില്‍ വനാവകാശം നല്‍കിയിട്ടുണ്ട്.
വനത്തിന് പുറത്ത് താമസിക്കുന്നവരും ഒരുവിധത്തിലും വനത്തെ ആശ്രയിക്കാത്തവരുമായ ആദിവാസികളില്‍ നിന്ന് അപേക്ഷകള്‍ എഴുതിവാങ്ങി കാടുകള്‍ക്കുള്ളില്‍ കുടിയിരുത്താനുള്ള മാനന്തവാടി സബ് കലക്ടറുടെ നീക്കം കടുത്ത നിയമലംഘനമാണ്. നെയ്ക്കുപ്പ പണിയ സെറ്റില്‍മെന്റിലെ 26 അപേക്ഷകര്‍ക്കായി 35 ഏക്കര്‍ വനഭൂമിയാണ് സര്‍വേ നടത്തിയത്. അപേക്ഷകര്‍ ഒരുകാലത്തും ഈ വനഭൂമിയില്‍ താമസിക്കുകയോ കൈവശം വയ്ക്കുകയോ കൃഷി ചെയ്യുകയോ മറ്റേതെങ്കിലും വിധത്തില്‍ ഉപയോഗിക്കുകയോ ഉണ്ടായിട്ടില്ല.
ഇടതൂര്‍ന്നതും നിബിഡവും ജൈവവൈവിധ്യമുള്ളതുമായ വനം ആനയടക്കമുള്ള വന്യജീവികളുടെ സുരക്ഷിത ആവാസ വ്യവസ്ഥയാണ്. ഇതിനുണ്ടാവുന്ന നാശം മനുഷ്യ-വന്യജീവി സംഘര്‍ഷം വര്‍ധിപ്പിക്കും.
ഭൂരഹിതരായ ആദിവാസികള്‍ക്ക് അവര്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ യുക്തമായ ഭൂമി വിലയ്ക്കു വാങ്ങി നല്‍കുകയോ സ്വകാര്യ തോട്ടമുടമകള്‍ നിയമവിരുദ്ധമായി കൈവശം വച്ചുവരുന്ന ഭൂമി വീണ്ടെടുത്ത് പതിച്ചു നല്‍കുകയോ ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എന്‍ ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it