ernakulam local

'വനവിസ്മയ' എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ തുടങ്ങി

കൊച്ചി: പ്രാചീന ആദിവാസികളുടെ ജീവിതരീതികളും ഭക്ഷണവും കൊച്ചിക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന 'വനവിസ്മയ 2016' ആരംഭിച്ചു. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ പ്രകൃതി, ആരോഗ്യ വിചാരവേദിയുടെ ആഭിമുഖ്യത്തിലാണ് ആദിവാസി മേള നടക്കുന്നത്.
വനത്തിന്റെ അന്തരീക്ഷത്തില്‍ ഒരുക്കുന്ന പ്രദര്‍ശനത്തില്‍ ഏറുമാടം, ആദിവാസി കുടിലുകള്‍, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, ആദിവാസി വൈദ്യന്മാരുടെ ചികിത്സ എന്നിവ ഒരിക്കിയിട്ടുണ്ട്. കോതമംഗലം ഉറിയംപെട്ടി ആദിവാസി ഊരില്‍ നിന്നുള്ളവരാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. ഗ്രൗണ്ടില്‍ പ്രദര്‍ശനം നടക്കുന്നതിന്റെ മുന്നിലായി മരത്തില്‍ ഒരുക്കിയിരിക്കുന്ന ഏറുമാടം സന്ദര്‍ശകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. ഓല കൊണ്ടു മേഞ്ഞ കുടിലുകളില്‍ കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും ആദിവാസി ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. ആദിവാസി ഊരുകളില്‍ മാത്രം കാണപ്പെടുന്ന മുള കൊണ്ടു നിര്‍മിച്ച കുടിലില്‍ ആദിവാസി വൈദ്യന്മാര്‍ ചികിത്സയും നടത്തും.
ഊരുവാസികള്‍ നിര്‍മിക്കുന്ന വിവിധ തരം കരകൗശല വസ്തുക്കളാണ് ഇവിടെ വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നത്. വനത്തിലെ പ്രത്യേക തരം തേനും ലഭിക്കും. ഭക്ഷണശാലയില്‍ മുളയരി കഞ്ഞി, മുളയരിപ്പായസം, മുളയ്ക്കകത്ത് വേവിച്ച വിവിധ തരം കിഴങ്ങ് വിഭവങ്ങള്‍, പനനൂറ്, പുവേലനൂറ് എന്നിവ ലഭ്യമായിരിക്കും.
പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയ്ക്കുള്ള പ്രത്യേക രീതിയിലുള്ള ചികിത്സയും ഇവിടെയുണ്ട്. വനത്തില്‍ നിന്നു കൊണ്ടു വരുന്ന പച്ചവേരുകള്‍ ഉപയോഗിച്ചാണു ചികിത്സ. ശങ്കുരു മൂപ്പന്‍, പൊന്നപ്പന്‍ എന്നീ വൈദ്യന്മാരുടെ നേതൃത്വത്തില്‍ ഒറ്റമൂലി ചികിത്സയാണ് നല്‍കുന്നത്. മൈസൂര്‍ വനാന്തരങ്ങളില്‍ നിന്നുള്ള ആദിവാസി മൂപ്പന്റെ ചികിത്സയും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
പ്രദര്‍ശനത്തില്‍ 150 ല്‍ പരം അലങ്കാര മത്സ്യങ്ങള്‍, 15 വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രാവുകള്‍, 12 തരം തത്തകള്‍, അലങ്കാര കോഴികള്‍, ഡിനോസര്‍ വര്‍ഗത്തില്‍ പെട്ട ഇഗ്വാന ഓന്തുകള്‍, പത്ത് വിവിധ തരം വളര്‍ത്തുനായ്ക്കള്‍, എന്നിവയും ഉണ്ട്. അലങ്കാര മത്സ്യങ്ങളായ എലിഗേറ്റര്‍ ഗാര്‍, പിരാന, ചൈനയില്‍ നിന്നുള്ള കാട്ടുകോഴി വര്‍ഗത്തില്‍ പെട്ട ഗോള്‍ഡന്‍, സില്‍വര്‍, റിങ് നെക്ക്, യെല്ലോ ഫെസന്റുകള്‍, ആഫ്രിക്കയില്‍ കാണപ്പെടുന്ന മെക്കാവോ തത്ത, ഗ്രെ പാരറ്റ് എന്നിവ പ്രദര്‍ശനത്തിന്റെ ഭാഗമാണ്. ഔഷധസസ്യങ്ങളുടെ വിത്തുകളും ചെടികളും വില്‍പനയ്ക്കുണ്ട്. ഗൃഹോപകരണ മേളയും ഫുഡ് കോര്‍ട്ടും മേളയുടെ ഭാഗമായി ഉണ്ട്.
Next Story

RELATED STORIES

Share it