Second edit

വനവല്‍ക്കരണം പ്രധാനം

കാലാവസ്ഥ നിയന്ത്രിക്കുന്നതില്‍ വനങ്ങള്‍ക്കുള്ള പങ്ക് വളരെ പ്രധാനമാണ്. 20ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് മൊത്തം കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ 22-26 ശതമാനം വരെ കാടുകളാണ് ആഗിരണം ചെയ്തത്. നിലവിലിരിക്കുന്ന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു നടക്കുന്ന വ്യാവസായിക ഉല്‍പാദനം മൂലം നടക്കുന്ന കാര്‍ബണ്‍ നിര്‍ഗമനം തടയുന്നതിന് ഒരു മാര്‍ഗം വനവല്‍ക്കരണം തന്നെയാണ്.
പല രാജ്യങ്ങളും ഈ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്. നോര്‍വേ, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ മുന്നില്‍. അതേയവസരം ഇന്തോനീസ്യ, ബ്രസീല്‍ തുടങ്ങി വലിയ വനങ്ങളുള്ള രാജ്യങ്ങള്‍ ഇതിനു പിന്നില്‍ നില്‍ക്കുന്നു. ബ്രസീലില്‍ ആമസോണ്‍ പ്രദേശത്ത് 16 ശതമാനം വനവിസ്തൃതി കുറയുകയാണുണ്ടായത്. മരംവെട്ടലും സോയബീന്‍ കൃഷിയുമായിരുന്നു പ്രധാന കാരണം.
പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ ഉണ്ടായ ഒരു പ്രധാന നേട്ടം വനവല്‍ക്കരണത്തിനു കൊടുത്ത മുന്‍ഗണനയാണ്. ഉച്ചകോടിയില്‍ സമവായത്തിലെത്തിയ ഒരു ഘടകമായിരുന്നു അത്. ദരിദ്ര നാടുകള്‍ വനങ്ങള്‍ വെട്ടിമാറ്റുന്നതു തടയുന്നതിനു സഹായം നല്‍കാന്‍ ചില സമ്പന്ന രാഷ്ട്രങ്ങള്‍ തയ്യാറായി. എന്നാല്‍, അതു സംബന്ധിച്ച കൃത്യമായ ധാരണകളൊന്നും ഉരുത്തിരിഞ്ഞുവന്നിട്ടില്ല. പല ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയമായ ഇച്ഛാശക്തിയില്ലാത്തതും തടസ്സമാണെന്നു വിദഗ്ധര്‍ പറയുന്നു. ഉദാഹരണത്തിന്, വനവല്‍ക്കരണത്തിനു നോര്‍വേ നല്‍കിയ സഹായധനം ഇന്തോനീസ്യ മുഴുവന്‍ ഉപയോഗിച്ചില്ല.
അതേയവസരം, പാരിസ് ഉച്ചകോടി കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള ഉല്‍പാദന രീതികള്‍ പൊതുവില്‍ വിനാശകരമാണെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. എണ്ണയുല്‍പാദക രാജ്യങ്ങള്‍ പാരിസില്‍ കരാറിനെ എതിര്‍ത്തതിന്റെ കാരണവും അതായിരിക്കാം.
Next Story

RELATED STORIES

Share it