Flash News

വനഭൂമി കൈയേറ്റം : വിധി പുനപ്പരിശോധിക്കണമെന്ന ഹരജി തള്ളി



കൊച്ചി: 1977 ജനുവരി ഒന്നിനു ശേഷമുള്ള വനഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. നിയമപ്രക്രിയയെ ദുരുപയോഗം ചെയ്യുന്നതിന് ഉദാഹരണമാണു ഹരജിയെന്നു ചൂണ്ടിക്കാട്ടിയാണു ലക്ഷ്മി എന്നയാള്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹരജി കോടതി തള്ളിയത്. 2015 സപ്തംബര്‍ നാലിനാണു വനഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. 2011ല്‍ കേസ് പരിഗണിക്കവെ സംസ്ഥാനത്ത് 11917.8952 ഹെക്റ്റര്‍ വനഭൂമി കൈയേറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതില്‍ 4628.5555 ഹെക്റ്റര്‍ ഭൂമി മാത്രമാണ് ഒഴിപ്പിക്കാനായത്. 7289.337 ഹെക്റ്റര്‍ ഭൂമി വിവിധ കാരണങ്ങളാല്‍ ഒഴിപ്പിക്കാനായില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനകം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാണു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. ഈ വിധിക്കെതിരേയാണു ലക്ഷ്മി പുനപ്പരിശോധനാ ഹരജി നല്‍കിയത്. ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതു സര്‍ക്കാരാണെന്നും ഭൂമി നല്‍കാമെന്നു സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതിനാല്‍ 1993ലെ വിവിധ സര്‍ക്കാര്‍ ഉത്തരവുകളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ഹരജിക്കാര്‍ക്കു ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it