Flash News

വനപാലകര്‍ യുവാവിനെ മര്‍ദിച്ചു കൊന്ന കേസ് : വിസ്താരം 19നു തുടങ്ങും



തൊടുപുഴ: ഹൈക്കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് വനപാലകര്‍ പ്രതികളായ കൊ—ലപാതകക്കേസില്‍ വിസ്താരം 19ന് ആരംഭിക്കും. ചന്ദനമോഷ്ടാവെന്ന് ആരോപിച്ച് കാളിയാര്‍ വടക്കേക്കുന്നേല്‍ ബാബു തോമസിനെ വനംവകുപ്പ് ജീവനക്കാര്‍ ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദിച്ച് കൊന്ന കേസിലാണു വിസ്താരം ആരംഭിക്കുന്നത്. അതിനിടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബാബു തോമസിന്റെ ബന്ധുക്കള്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് അപേക്ഷ നല്‍കി. ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും അറിയിച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാലാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് ബാബു തോമസിന്റെ മാതാപിതാക്കള്‍ പറഞ്ഞു.2006 നവംബര്‍ 23നാണു ബാബുവിനെ മറയൂരിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാംമുറ പ്രയോഗിച്ച് കൊന്നത്. മറയൂരില്‍ വിനോദയാത്രയ്ക്കു പോയ ബാബുവിനെയും മൂന്ന് സുഹൃത്തുക്കളെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒറ്റപ്പാലത്ത് ചന്ദനമരം പിടികൂടിയ കേസില്‍ ചന്ദനം എത്തിച്ചത് ബാബുവും കൂട്ടുകാരുമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപിച്ചത്. വിനോദയാത്രയ്ക്കു വന്നവരാണെന്നു പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നു. അന്നു രാത്രി 11മണിയോടെ ഗുരുതര സ്ഥിതിയിലായ ബാബുവിനെ വനംവകുപ്പ് ജീവനക്കാര്‍ മറയൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. സ്ഥിതി ഗുരുതരമാണെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് മൂന്നാര്‍ ടാറ്റാ ആശുപത്രിയിലേക്കു നീക്കിയെങ്കിലും ബാബു മരിക്കുകയായിരുന്നു. മൃതദേഹം ടാറ്റാ ആശുപത്രിയില്‍ എത്തിച്ച വനംവകുപ്പ് ജീവനക്കാര്‍ മറയൂര്‍ പോലിസിനെ വിവരം അറിയിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ബാബുവിന്റെ ശരീരത്തില്‍ 30 മുറിവുകളുണ്ടെന്നു കണ്ടെത്തി. മര്‍ദനത്തെത്തുടര്‍ന്നാണു മരണം സംഭവിച്ചതെന്നു വ്യക്തമായതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്നത്തെ മറയൂര്‍ ഡിഎഫ്ഒ ആയിരുന്ന പ്രദീപ്കുമാര്‍ ഉള്‍പ്പെടെ 16 വനംവകുപ്പ് ജീവനക്കാരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. ഡിഎഫ്ഒയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ ഡിഎഫ്ഒയെ ഒഴിവാക്കി വനംവകുപ്പ് ജീവനക്കാരായ ശ്രീകുമാര്‍, അലക്‌സാണ്ടര്‍, അഖില്‍ ബാബു, സന്തോഷ്, വിനോദ്, രാജു ഗോപാലന്‍, കെ ജെ ദീപക്, ബൈജു ചെട്ടിയാര്‍, സിബി, വി എന്‍ അനില്‍കുമാര്‍, റെന്നി, കെ എന്‍ ബാബു, ഇ പി അനീഷ്, കെ കെ പ്രമോദ്, അജയന്‍ എന്നിവരെ പ്രതിയാക്കി തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കി. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആറു വര്‍ഷം കോടതി വ്യവഹാരങ്ങളില്‍പ്പെട്ട് കേസ് കിടന്നു. അടുത്തിടെയാണു വിസ്താരം ആരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. അതിനിടെയാണ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബാബുവിന്റെ അച്ഛനും അമ്മയും ആഭ്യന്തരസെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്.
Next Story

RELATED STORIES

Share it