Kottayam Local

വനപാലകര്‍ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ശാരദയ്ക്കും മക്കള്‍ക്കും കൈമാറി



എരുമേലി: പ്ലാച്ചേരി ഫോറസ്റ്റ് ഓഫിസിലെ വനപാലകര്‍ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ശാരദയ്ക്കും മക്കള്‍ക്കും കൈമാറി.ഇന്നലെ വരെ ഇവര്‍ കഴിഞ്ഞിരുന്ന മുക്കടയിലെ ഇടിഞ്ഞുവീഴാറായ ഓലക്കുടിലിന് പകരം വനപാലകര്‍ നിര്‍മിച്ചു നല്‍കിയ വീടിന്റേതായിരുന്നു താക്കോല്‍ദാനം. നോട്ടീസും ഫഌക്‌സുമൊന്നുമില്ലാതെ ലളിവും മാതൃകയുമായി മാറിയ ഗൃഹപ്രവേശത്തിനു സാക്ഷികളായത് വീട് നിര്‍മിക്കാന്‍ സഹായിച്ച ഏതാനും നാട്ടുകാര്‍ മാത്രം. പട്ടിക വര്‍ഗത്തിലെ ആദിവാസി മലവേടര്‍ വിഭാഗമായിട്ടും സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നുമില്ലാതെ ദുരിതത്തിലായിരുന്നു ശാരദയും കുടുംബവും. ആദിവാസികള്‍ക്കായി പദ്ധതികളും ഫണ്ടുകളും ഏറെയുണ്ടായിട്ടും ശരദയും മകള്‍ ഐശ്വര്യയും മൂന്നിലും നഴ്‌സറി ക്ലാസിലും പഠിക്കുന്ന ഐശ്വര്യയുടെ രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം തലചായ്ക്കാന്‍ സുരക്ഷിതമായ വീടില്ലാതെ ഭീതിയുടെ നിഴലില്‍ ആയിരുന്നു കഴിഞ്ഞിരുന്നത്്. മുക്കടയിലെ കോളനി അവസാനിക്കുന്ന കുന്നിന്‍ചെരുവിലെ സ്വന്തമായ നാല് സെന്റ് സ്ഥലത്ത് ഓലക്കുടിലില്‍ വരുമാന മാര്‍ഗങ്ങളൊന്നുമില്ലാതെ നാട്ടുകാരുടെ കനിവിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞയിടെ കുടിലിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ട് ഭയന്ന ഇവര്‍ മണിമല പോലിസ് സ്റ്റേഷനില്‍ അഭയം തേടി. പോലിസ് അറിയച്ചതിനെ തുടര്‍ന്ന് പാമ്പിനെ പിടിക്കാനെത്തിയ വനപാലകര്‍ കുടിലിന്റെ അവസ്ഥ കണ്ട് വീട് നിര്‍മിച്ചു നല്‍കാന്‍ പട്ടികവര്‍ഗ വകുപ്പിനെയും പഞ്ചായത്തിനെയും സമീപിച്ചെങ്കിലും നടപടികള്‍ സ്വീകരിക്കാമെന്ന് അറിയിച്ചതല്ലാതെ പ്രയോജനമുണ്ടായില്ല. തുടര്‍ന്നാണ് ഡപ്യൂട്ടി റെയിഞ്ച് ഓഫിസര്‍ രതീഷിന്റെ നേതൃത്വത്തില്‍ വീട് നിര്‍മിക്കാന്‍ വനപാലകര്‍ തന്നെ മുന്നിട്ടിറങ്ങിയത്. സര്‍ക്കാരിന്റെ പദ്ധതിയില്‍ വീട് അനുവദിക്കുന്നത് വരെ പ്രായമായ ശാരദയ്ക്കും പെണ്‍മക്കള്‍ക്കും സുരക്ഷിതമായി കഴിയാന്‍ അടച്ചുറപ്പുള്ള ഒരു കൊച്ചുവീട് നിര്‍മിക്കുകയായിരുന്നു ലക്ഷ്യം.30 വനപാലകര്‍ ശമ്പളത്തില്‍ നിന്ന് ആയിരം രൂപ വീതം നല്‍കി സമാഹരിച്ച 30,000 രൂപ കൊണ്ട് എങ്ങനെ നല്ല ഒരു വീട് നിര്‍മിക്കാനാവുമെന്നുള്ളത് വെല്ലുവിളിയായി മാറി. എങ്കിലും പിന്മാറാതെ വനപാലകര്‍ തന്നെ പണികള്‍ നേരിട്ട് നടത്തിയപ്പോള്‍ നാട്ടിലെ സുമനസ്സുകളും ഒപ്പം ചേര്‍ന്നു. ഇതോടെ ദിവസങ്ങള്‍ക്കുള്ളില്‍ വീടു പൂര്‍ത്തിയായി. ആ സ്‌നേഹ വീട്ടിലാണിപ്പോള്‍ ശാരദയും കുടുംബവും. പട്ടിണിയും ഇല്ലായ്മകളും നിറഞ്ഞ ജീവിതത്തില്‍ നിന്ന് സുരക്ഷിതത്വത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ വനപാലകരോട് ഇവരുടെ നന്ദിയ്ക്ക് അതിരില്ല.
Next Story

RELATED STORIES

Share it