kozhikode local

വനപാലകരെ ആക്രമിച്ചതില്‍ പ്രതിഷേധം

കോഴിക്കോട്: കാട്ടുപോത്തിനെ കൊന്ന് ഇറച്ചി എടുത്ത് വിതരണം ചെയ്ത കേസില്‍ വനപാലകര്‍ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത പ്രതി മുതുകാട് സ്വദേശി തയ്യില്‍ ജയ്‌മോനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പെരുവണ്ണാമുഴി റേഞ്ച് ഓഫിസിന് മുന്നില്‍ സമരം നടത്തുന്നവര്‍ വനപാലകരെ ആക്രമിച്ച് പരിക്കേല്‍പിക്കുകയും വനം വകുപ്പ് വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്ത സംഭവത്തില്‍ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും വനപാലകര്‍ക്ക് ഭയരഹിതമായും സുരക്ഷിതമായും ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും യോഗംആവശ്യപ്പെട്ടു. പന്തീരിക്കര ജാനകി വയലില്‍ ഒരു വീട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി പെരുവണ്ണാമുഴി വന്യജീവി പരിപാലന കേന്ദ്രത്തില്‍ എത്തിച്ച് റേഞ്ച് ഓഫിസിലേക്ക് വരുന്നവഴി സമര പന്തലില്‍ നിന്ന് ജിതേഷ് മുതുകാട്, ഷെമിലി സുനില്‍, പ്രമോദ് ആന്റണി എന്നിവരടങ്ങിയ സംഘം ഔദ്യോഗിക വാഹനം തടഞ്ഞുനിര്‍ത്തി ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ദേവാനന്ദിനെ കൈയേറ്റം ചെയ്യുകയും ട്രൈബല്‍ വാച്ചര്‍ ചന്ദനത്തില്‍ ബാബുവിനെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. ആക്രമണത്തില്‍ പങ്കെടുത്ത ചില ജന പ്രതിനിധികള്‍ തുടര്‍ച്ചയായി വനപാലകരെ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും കസ്റ്റഡിയില്‍ എടുത്ത പ്രതികളെ ബലമായി മോചിപ്പിക്കാന്‍ ശ്രമിക്കുകയും വനം കുറ്റകൃത്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികളെ യോഗം അപലപിച്ചു. ജില്ലാ പ്രസിഡണ്ട് ടി ബാബു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ പി അബ്ദുള്‍ ഗഫൂര്‍, എന്‍ ബിജേഷ്, കെ ഷാജു, സി അബ്ദുള്‍ നാസര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it