Idukki local

വനത്തില്‍ മാലിന്യം തള്ളാനെത്തിയ നാല് യുവാക്കള്‍ പിടിയില്‍

അടിമാലി: നേര്യമംഗലം വനത്തില്‍ മാലിന്യം ലോറിയിലെത്തിച്ച് തള്ളാന്‍ ശ്രമിക്കുന്നതിനിടെ നാലു യുവാക്കള്‍ അറസ്റ്റിലായി. അടിമാലി യൗണിലെ വ്യാപാരിയടക്കം അഞ്ചുപേര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു.
അടിമാലി മന്നാംകണ്ടം വില്ലേജ് പരിധിയില്‍ അടിമാലി സ്വദേശികളായ വലിയതെക്കേതില്‍ മിഥുന്‍ മധു (19), തല്ലാപ്പിള്ളി ഷാലു ചാക്കോ (26), പുത്തന്‍പുരയ്ക്കല്‍ ഹരി സെന്തില്‍ (26), കുമാരന്‍ചിറയില്‍ സുബിന്‍ സുരേന്ദ്രന്‍ (26) എന്നിവരെയാണ് നേര്യമംഗലം റേഞ്ച് ഓഫിസറുടെ ചുമതല വഹിക്കുന്ന അടിമാലി റേഞ്ച് ഓഫിസര്‍ കെ എന്‍ ബാബുവും സംഘവും അറസ്റ്റ് ചെയ്തത്.
മാലിന്യം കൊടുത്തയച്ച അടിമാലി ടൗണില്‍ മന്നാംകാല ജങ്ഷനില്‍ ആക്രി വ്യാപാരം നടത്തുന്ന കബീറിനെ അഞ്ചാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. മാലിന്യവുമായി വന്ന ലോറിയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പുലര്‍ച്ചെ മൂന്നു മണിയോടെ കൊച്ചിധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയുടെ ആറാം മൈലിനു സമീപത്തു നിന്നുമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.
ആറാംമൈല്‍ വനംവകുപ്പ് ഓഫിസിലെ ജീവനക്കാരായ ബൈജു ചെട്ടിയാര്‍, ഒ എ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നൈറ്റ് പട്രോളിങിനിടെയാണ് ഇവരെ മാലിന്യവുമായി കണ്ടെത്തിയത്. ചീയപ്പാറയക്കു സമീപവും മൂന്നു കലുങ്കിനു സമീപവും പ്രതികള്‍ കുറെ മാലിന്യം തള്ളിയിരുന്നു. ബാക്കിയുള്ളവ ആറാംമൈലില്‍ വനത്തില്‍ നിക്ഷേപിക്കാന്‍ വരുന്നതിനിടെയാണ് വനപാലകര്‍ പിടികൂടിയത്.
വനമേഖലയില്‍ വന്‍തോതില്‍ മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പെപ്പട്ടതിനെ തുടര്‍ന്ന് മൂന്നാര്‍ ഡിഎഫ്ഒ നരേന്ദ്രബാബു കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച ശേഷം കര്‍ശന പട്രോളിങിന് നിര്‍ദേശം നല്‍കിയിരുന്നു. പ്രതികളെ വെള്ളിയാഴ്ച രാത്രിയോടെ അടിമാലി കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it