Idukki local

വനംവകുപ്പ് ഓഫിസ് മാറ്റുന്നതിനെതിരേ പ്രതിഷേധം ശക്തമാവുന്നു

തൊടുപുഴ: മേഖലയിലെ ഏക വനംവകുപ്പ് ഓഫിസായ ഫ്‌ളൈയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫിസ് വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ നിന്നു മാറ്റുന്നതിനെതിരേ പ്രതിഷേധം. 22 കിലോമീറ്റര്‍ അകലെ വേളൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലേക്കാണ് ഓഫിസ് മാറ്റുന്നത്.കോതമംഗലം ഡിഎഫ്ഒയുടെ ശുപാര്‍ശ പ്രകാരം വനംവന്യജീവി വകുപ്പ് അഡീഷനല്‍ പിസിസിഎഫിന്റേതാണ് ഓഫി സ് മാറ്റുന്നതിനുള്ള ഉത്തരവ്.
മൂവാറ്റുപുഴ,കൂത്താട്ടുകുളം,കുറിഞ്ഞി,മേലുകാവ്, ഇലപ്പിള്ളി, കുളമാവ്, ചെറുതോണി, കഞ്ഞിക്കുഴി, പട്ടയക്കുടി, മുള്ളരിങ്ങാട്,പോത്താനിക്കാട്, വാരപ്പെട്ടി, പുതുപ്പാടി, മൂവാറ്റുപുഴ ഭാഗങ്ങളില്‍ വരുന്ന പ്രദേശങ്ങളാണ് ഈ ഓഫിസിന്റെ പരിധിയില്‍ വരുന്നത്. നഗരത്തിലും പരിസര പ്രദേശങ്ങളിലും വന്യജീവികള്‍ ഉറങ്ങുമ്പോഴും വന കുറ്റകൃത്യങ്ങള്‍ നടക്കുമ്പോഴും ആദ്യം എത്തിച്ചേര്‍ന്നിരുന്നത് ഈ ഓഫിസിലെ ജീവനക്കാരാണ്.
ഓഫിസ് മാറ്റുന്നതോടെ അകലെയുള്ള ഓഫിസുകളില്‍ നിന്നു ജീവനക്കാര്‍ അടിയന്തര സാഹചര്യങ്ങളില്‍ എത്തിച്ചേരേണ്ട സാഹചര്യമാണുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ ടൗണില്‍ നിന്നും റെയ്ഞ്ച് ഓഫിസ് മുട്ടം ശങ്കരപ്പിള്ളിയിലേക്കും ഇടവെട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫിസ് ഇടുക്കിയിലേക്കും മാറ്റിയിരുന്നു.
തൊടുപുഴയില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ അകലെ ഇടവെട്ടിയിലുള്ള കുട്ടിവനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നന്നാക്കിയും പുതിയ കെട്ടിടം പണിതും ഓഫിസ് അവിടേക്ക് മാറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്.
അവിടേക്ക് ഓഫിസ് മാറ്റിയാല്‍ ഇടവെട്ടി വനത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്കും മറ്റ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമായിരുന്നു. എന്നാല്‍ വാടകക്കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്ന കാരണത്താലാണ് ഓഫിസ് മാറ്റുന്നതിന് അടിയന്തര ഉത്തരവ് ഇറക്കിയത്.എന്നാല്‍ ഇടവെട്ടിയില്‍ പുതിയ കെട്ടിടം പണിതതിനുശേഷം മാത്രമേ ഓഫിസ് മാറ്റാവൂ എന്ന് കേരള ഫോറസ്റ്റ് പ്രെട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് എഎന്‍. പ്രദീപ്കുമാര്‍ അധ്യക്ഷതവഹിച്ചു.
Next Story

RELATED STORIES

Share it