വനംകൊള്ള: രഹസ്യവിവര ശേഖരണവും കേസന്വേഷണവും ഊര്‍ജിതമാക്കും

എച്ച് സുധീര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വനമേഖലയില്‍ നിയമലംഘനങ്ങള്‍ വ്യാപകമായതോടെ പരിശോധനയും മറ്റ് നടപടികളും കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നു. രഹസ്യവിവര ശേഖരണവും കേസന്വേഷണവും ഊര്‍ജിതപ്പെടുത്തുന്നതിനായി വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ സെല്‍ രൂപീകരിക്കാനുള്ള നടപടികള്‍ വനംവകുപ്പിന്റെ പരിഗണനയിലാണ്.
വനമേഖല കേന്ദ്രീകരിച്ച് കാട്ടാന ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ വേട്ടയാടല്‍, വനസമ്പത്ത് വ്യാപകമായി കൊള്ളയടിക്കല്‍ എന്നിവ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടിക്രമങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നത്. സംരക്ഷിത വനമേഖലയില്‍ നടപ്പാക്കിയിട്ടുള്ള പ്രൊട്ടക്ഷന്‍ പ്ലാന്‍ മറ്റു വനപ്രദേശത്തും നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, കാമറ ട്രാപ്പ്, ജിപിഎസ് സംവിധാനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനും പട്രോളിങ് ശക്തമാക്കാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തെ വനമേഖലയില്‍ 118 കൊമ്പന്‍ ഉള്‍പ്പടെ 386 കാട്ടാനകള്‍ ചരിഞ്ഞിട്ടുണ്ടെന്നാണ് വനംവകുപ്പ് നല്‍കുന്ന വിശദീകരണം. ഇതില്‍ 33 ആനകളെ വേട്ടയാടി കൊന്നതാണെന്നും അധികൃതര്‍ പറയുന്നു. 2012ലെ എലിഫന്റ് സെന്‍സസ് കണക്കുപ്രകാരം സംസ്ഥാനത്ത് 6177 ആനകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വനമേഖലിയില്‍ നിന്ന് മരം മുറിച്ചുകടത്തുന്നതും വ്യാപകമായിട്ടുണ്ട്. തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിള്‍, പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍, തിരുവനന്തപുരം അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക്, കോട്ടയം പ്രോജക്ട് ടൈഗര്‍ റിസര്‍വ് മേഖലകളിലാണ് വന്‍തോതില്‍ മരംകടത്തു വ്യാപകമായത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കു പ്രകാരം ഈ മേഖലയില്‍ മരം മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ടു മാത്രം 863 കേസുകളും വനം സംബന്ധമായ 2699 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, ജീവനക്കാരുടെ കുറവും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാത്തതും വനംവകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഒഴിവുകള്‍ യഥാസമയം നികത്താത്തതിനാല്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ മുതല്‍ അസി. കണ്‍സര്‍വേറ്റര്‍ വരെയുള്ള തസ്തികകള്‍ പലതും ഒഴിഞ്ഞുകിടക്കുകയാണ്.
തോക്കും മറ്റ് ആയുധങ്ങളുമായി സാമൂഹികവിരുദ്ധര്‍ വനംചുറ്റുമ്പോള്‍ വനംവകുപ്പ് ജീവനക്കാര്‍ വനംസംരക്ഷിക്കാനിറങ്ങേണ്ടത് മുളവടിയുമായാണ്. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താന്‍ വനംവകുപ്പ് ജീവനക്കാര്‍ ഉപയോഗിക്കുന്നതാവട്ടെ പടക്കവും.
Next Story

RELATED STORIES

Share it