Idukki local

വധശ്രമമെന്ന പരാതി; സിപിഐ ജില്ലാ ഘടകത്തില്‍ പൊട്ടിത്തെറി

തൊടുപുഴ: വധിക്കാന്‍ ശ്രമിച്ചുവെന്ന ഇ എസ് ബിജിമോള്‍ എംഎല്‍എയുടെ ആരോപണം സിപിഐ ജില്ലാ ഘടകത്തില്‍ പൊട്ടിത്തെറിക്കു കാരണമായി. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ഉരുണ്ടുകൂടിയ പ്രശ്‌നങ്ങളാണ് ഈയിടെ ഇ എസ് ബിജിമോള്‍ ഒരു വാരികയ്ക്കു നല്‍കിയ വിവാദ അഭിമുഖത്തിലൂടെ മറനീക്കി പുറത്തുവന്നത്.
ഇന്നലെ തൊടുപുഴയില്‍ നടന്ന യോഗത്തില്‍ എംഎല്‍എയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പീരുമേട് താലൂക്കിലെ നേതാവിന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു. ഒപ്പം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസിദ്ധീകരണത്തിന് അഭിമുഖം നല്‍കിയതിനും അച്ചടക്കം ലംഘിച്ചതിനും ഇ എസ് ബിജിമോളില്‍ നിന്നു വിശദീകരണവും തേടും. ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ബിജിമോള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് അംഗങ്ങള്‍ ഉന്നയിച്ചത്.
പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനാണു ബിജിമോളുടെ നീക്കമെന്നും പാര്‍ട്ടി വേദിയില്‍ പറയേണ്ട കാര്യങ്ങള്‍ പ്രസിദ്ധീകരണത്തിലൂടെ പുറത്തു വിട്ട ബിജിമോളുടെ നടപടിയെ ഒരു കാരണവശാലും അംഗീകരിക്കരുതെന്നും മിക്ക അംഗങ്ങളും ആവശ്യപ്പെട്ടു. ബിജിമോളുടെ അസാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. പീരുമേട് മേഖലയില്‍ വിഭാഗീയത വളര്‍ത്താനാണു ബിജിമോളും സംസ്ഥാന കമ്മിറ്റി അംഗം വാഴൂര്‍ സോമനും ശ്രമിക്കുന്നതെന്നും അംഗങ്ങള്‍ തുറന്നടിച്ചു. പ്രസിദ്ധീകരണത്തിന് അഭിമുഖം നല്‍കിയ ബിജിമോളുടെ നടപടി അനുചിതമായിപ്പോയി. ബിജിമോളെ നിലയ്ക്കു നിര്‍ത്താന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിനു കഴിയുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു.
ഇതേ തുടര്‍ന്നാണു ബിജിമോളില്‍ നിന്നു വിശദീകരണം തേടാനും വാഴൂര്‍ സോമന് നോട്ടീസ് നല്‍കാനും ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.
ബിജിമോളുടെ നടപടി മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും പാര്‍ട്ടി ഗൗരവമായാണു കാണുന്നതെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു .ബിജിമോള്‍ നല്‍കിയ പരാതി ജില്ലാ നേതൃത്വം അന്വേഷിക്കും.
ഇക്കാര്യങ്ങള്‍ 18, 19 തീയതികളില്‍ ചേരുന്ന യോഗം ചര്‍ച്ച ചെയ്യുമെന്നും ശിവരാമന്‍ പറഞ്ഞു. തന്നെയും കുടുംബത്തെയും കൂട്ടത്തോടെ കൊലപ്പെടുത്താന്‍ പാര്‍ട്ടിയിലെ പീരുമേട് താലൂക്കില്‍ നിന്നുള്ള പ്രമുഖ നേതാവ് ഗൂഢാലോചന നടത്തിയെന്ന് ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ബിജിമോള്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it