Flash News

വധശിക്ഷ

സ്വന്തം  പ്രതിനിധി

കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ഥിനി ജിഷ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. കൊലപാതകക്കുറ്റത്തിനാണ് വധശിക്ഷ. 25,000 രൂപ പിഴയും ഒടുക്കണം. ബലാല്‍സംഗക്കുറ്റത്തിനു ജീവപര്യന്തവും 25,000 രൂപ പിഴയും അന്യായമായി തടഞ്ഞുവച്ചതിന് ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു. വീട്ടില്‍ അതിക്രമിച്ചുകടന്ന കുറ്റത്തിന് ഏഴു വര്‍ഷം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൃത്യമാണ് പ്രതി ചെയ്തതെന്നു കണ്ടെത്തിയാണ് വധശിക്ഷ വിധിച്ചത്. ക്രൂരവും പൈശാചികവും നിന്ദ്യവുമായ കൃത്യമാണ് പ്രതി ചെയ്തത്. ഇയാള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല. നിരായുധയായ ഇരയെ രക്ഷപ്പെടാന്‍ പോലും അനുവദിക്കാതെ വളരെയധികം ആഘാതം ഏല്‍പ്പിച്ചാണ് കൃത്യം ചെയ്തത്. ജിഷ മരിക്കുന്നതിനു മുമ്പുതന്നെ കടുത്ത വേദന അനുഭവിച്ചതായി സാഹചര്യത്തെളിവുകളില്‍ നിന്നു വ്യക്തമാണ്. മാനം സംരക്ഷിക്കാന്‍ വേണ്ടി ജിഷ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതായും സാഹചര്യത്തെളിവുകളില്‍ നിന്നു വ്യക്തമാണ്. പിതാവ് ഉപേക്ഷിച്ച കുട്ടിയെ മാതാവ് വളരെയധികം കഷ്ടപ്പെട്ടാണ് എല്‍എല്‍ബി വരെ പഠിപ്പിച്ചത്. ഒരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷയാണ് ജിഷയുടെ കൊലപാതകത്തിലൂടെ പ്രതി തകര്‍ത്തുകളഞ്ഞത്. സമൂഹത്തിന്റെ കെട്ടുറപ്പിനും ആത്മവിശ്വാസം നിലനിര്‍ത്തുന്നതിനും പ്രതിക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ നല്‍കാനില്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. സമൂഹത്തില്‍ ഭാവിയില്‍ ഇത്തരം കൃത്യം ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനു കൂടിയാണ് വിധിയെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടുപോലും പ്രതിക്കു യാതൊരു പശ്ചാത്താപവുമില്ല. ഒരുതരത്തിലുള്ള ഇളവിനും പ്രതിക്ക് അര്‍ഹതയില്ലെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു. വരുംകാലങ്ങളിലും സ്ത്രീയുടെ അന്തസ്സും അഭിമാനവും നിലനിര്‍ത്തുന്നതിനു വധശിക്ഷ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ സമൂഹത്തിന്റെ വികാസത്തെ ഇല്ലാതാക്കും. പിഴസംഖ്യ ഈടാക്കുന്നതിനു നിയമപരമായ നടപടികള്‍ കൈക്കൊള്ളും. അമീറുല്‍ ഇസ്‌ലാമിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കും. ക്രിമിനല്‍ നടപടി നിയമപ്രകാരം ജിഷയുടെ കുടുംബത്തിനു കിട്ടേണ്ട നഷ്ടപരിഹാരത്തുകയ്ക്കുള്ള ശുപാര്‍ശ വിധിന്യായത്തിലുണ്ട്. 2016 ജൂണ്‍ 17 മുതല്‍ ജയിലില്‍ കിടന്ന കാലയളവ് അമീറുല്‍ ഇസ്‌ലാമിന്റെ ശിക്ഷയില്‍ ഇളവു നല്‍കും. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. വധശിക്ഷ ശരിവയ്ക്കുന്നതിനായി വിധിന്യായവും കേസ് രേഖകളും ഹൈക്കോടതിക്കു കൈമാറും. കോടതി ഉത്തരവിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ അമീറുല്‍ ഇസ്‌ലാമിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു.
Next Story

RELATED STORIES

Share it