വധശിക്ഷ നല്‍കണമെന്ന് വാദിഭാഗം;നീതി നിഷേധിച്ചെന്ന് പ്രതിഭാഗം

കൊച്ചി: പ്രതി അമീറുല്‍ ഇസ്‌ലാമിന്് വധ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജിഷ കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണന്‍. കോടതിവിധി വന്നതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍. വാദിഭാഗം നിരത്തിയ തെളിവുകള്‍ കോടതി പൂര്‍ണമായും വിശ്വാസത്തിലെടുത്തു. ഹാജരാക്കിയ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ പര്യാപ്തമാണെന്ന് കോടതി വിലയിരുത്തി. കുറ്റകൃത്യത്തിനു ശേഷമുള്ള പ്രതിയുടെ നടപടികള്‍ കൃത്യമായി കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചതും കേസില്‍ നിര്‍ണായകമായി. സാഹചര്യത്തെളിവുകളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളുമാണ് കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമായതെന്നും അദ്ദേഹം പറഞ്ഞു. പ്രോസിക്യൂഷന്‍ ചുമത്തിയ തെളിവുനശിപ്പിക്കല്‍ കുറ്റവും പട്ടികജാതി പട്ടികവര്‍ഗ പീഡന നിയമവും നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞതിനു പിന്നില്‍ ജിഷ പട്ടികവിഭാഗത്തില്‍ നിന്നുള്ളതാണെന്ന വിവരം പ്രതിക്ക് അറിവുണ്ടെങ്കില്‍ മാത്രമേ ആ നിയമം നിലനില്‍ക്കൂ എന്നതുകൊണ്ടാണ്. അസം സ്വദേശിയായ പ്രതിക്ക് ജിഷ പട്ടികവിഭാഗമാണെന്ന് അറിയാന്‍ കഴിയാത്തതുകൊണ്ടാണ് ആ വകുപ്പ് നിലനില്‍ക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചത്. കുറ്റകൃത്യ വേളയില്‍ പ്രതി ധരിച്ചിരുന്ന വസ്ത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് പ്രതി തെളിവു നശിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, പ്രതി അമീറുല്‍ ഇസ്‌ലാമിന് നീതി നിഷേധിച്ചുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു നിരപരാധിയാണ് ശിക്ഷിക്കപ്പെടാന്‍ പോവുന്നത്. ഐപിസി 302 ചേര്‍ത്ത സാഹചര്യത്തില്‍ വധശിക്ഷ ഒഴിവാക്കുന്നതിനു വാദിക്കും. ഒരു പൗരനു ലഭിക്കേണ്ട അവകാശങ്ങള്‍ അമീറുല്‍ ഇസ്‌ലാമിനു നിഷേധിക്കപ്പെട്ടതായും ആളൂര്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ അവിടെ എത്തി എന്ന ഒറ്റ കാരണത്താല്‍ പ്രതി കുറ്റക്കാരനാവില്ല. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന വാദത്തില്‍ കാര്യമായ അന്വേഷണം നടന്നില്ലെന്നും ആളൂര്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it