വധഭീഷണിയുണ്ടെന്ന് ജിഷയുടെ പിതാവ്

പെരുമ്പാവൂര്‍: തനിക്ക് വധഭീഷണിയുണ്ടെന്ന് പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനു വിധേയമായി കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ വിവാദ പരാമര്‍ശത്തില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ താന്‍ നല്‍കിയ പരാതി തന്നെക്കൊണ്ട് വാര്‍ഡ് മെംബര്‍ 1000 രൂപ തന്ന് എഴുതിച്ചതാണെന്നു വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വധഭീഷണി വന്നതെന്നും പാപ്പു പറഞ്ഞു.
ഇതേസമയം ജിഷയുടെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ കുന്നത്ത്‌നാട് താലൂക്ക് ഓഫിസില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍, ജിഷയുടെ കുടുംബവുമായി വര്‍ഷങ്ങളായി അകന്നുകഴിയുന്ന ദീപയ്ക്ക് ജോലി നല്‍കിയത് പരിശോധിക്കണമെന്നുള്ള വാദവും പല കോണില്‍ നിന്ന് ഉയരുന്നുണ്ട്. രാജേശ്വരിയുടെ പേരില്‍ പെരുമ്പാവൂര്‍ എസ്ബിഐയില്‍ വന്ന ഒരു കോടി രുപയ്‌ക്കോ പെരുമ്പാവൂര്‍ അര്‍ബന്‍ കോ-ഓപറേറ്റിവ് ബാങ്കില്‍ വന്ന 15 ലക്ഷത്തിനോ ദീപയെ നോമിനി ആയി വയ്ക്കാന്‍ രാജേശ്വരി തയ്യാറായിരുന്നില്ല. ജിഷയുടെ ഘാതകരെ കണ്ടെത്തുന്നതിനായി ജനങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പുതിയ അന്വേഷണസംഘം ജനകീയ ഓഫിസ് തുറന്നിട്ടുണ്ട്. പെരുമ്പാവൂര്‍ ട്രാഫിക് സ്‌റ്റേഷനിലാണ് ഓഫിസ് തുറന്നിരിക്കുന്നത്. ജനങ്ങള്‍ നേരിട്ടോ ഫോണിലോ പോലിസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണ്. 0484- 2595009 എന്ന നമ്പരില്‍ കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാം.
പുതിയ അന്വേഷണ സംഘം രാജേശ്വരിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. സമീപവാസികള്‍ തന്നെയാണ് കൃത്യം ചെയ്തതെന്ന വിശ്വാസത്തില്‍ തന്നെയാണ് രാജേശ്വരി ഇപ്പോഴും. സംഭവദിവസം രാവിലെ 11ന് ജിഷ പുറത്തുപോയതായി കണ്ടെന്നും ഒരാള്‍ അന്വേഷണ സംഘത്തിന് മൊഴിനല്‍കിയിട്ടുണ്ട്. ഇതിനിടെ ജിഷയുടെ മൃതദേഹം സംസ്‌കരിച്ച ദിവസം ശ്മശാനം സ്ഥിതിചെയ്യുന്ന മലമുറിയില്‍ നാല് കാറുകളിലായി ക്വട്ടേഷന്‍ സംഘങ്ങള്‍ കറങ്ങിനടന്നതു സംബന്ധിച്ച് അന്വേഷണം നടക്കാത്തതിനെതിരേ വ്യാപക പ്രതിഷേധമുണ്ട്. അപരിചിതരായ ഇവരുടെ സാന്നിധ്യം അന്നു വൈകീട്ട് നാലു മുതല്‍ മൃതദേഹം സംസ്‌കരിക്കുന്നതുവരെ തുടര്‍ന്നെന്ന് പരിസരവാസികള്‍ കുറുപ്പംപടി പോലിസ് സ്‌റ്റേഷനില്‍ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it