വദ്രയ്ക്ക് ആയുധവ്യാപാരിയുമായി ബന്ധം; ആരോപണം ഗൂഢാലോചന: സോണിയഗാന്ധി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് വിവാദ ആയുധവ്യാപാരിയുമായി ബന്ധമുണ്ടെന്നും അയാള്‍ വദ്രയ്ക്കായി ലണ്ടനില്‍ വീടു വാങ്ങിയെന്നുമുള്ള ആരോപണത്തിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി.
ആരോപണം ഗൂഢാലോചനയാണെന്ന് വ്യക്തമാക്കിയ സോണിയ തെളിവുണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ആരോപണ വിധേയനായ ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി 2009ല്‍ ബ്രിയാന്‍സ്റ്റന്‍ സ്‌ക്വയറില്‍ 19 കോടി വിലമതിക്കുന്ന വീട് ബിനാമി പേരില്‍ വദ്രയ്ക്കായി വാങ്ങിയെന്നാണ് ആരോപണം.
ഭണ്ഡാരിയുടെ ഇടപാടുകള്‍ സംബന്ധിച്ച് ധനമന്ത്രാലയം നിലവില്‍ അന്വേഷണം നടത്തുന്നുണ്ട്. റോബര്‍ട്ട് വദ്ര ഹരിയാനയിലെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനാണ്. ഓരോ ദിവസവും അവര്‍ ഓരോ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്നു സോണിയ ഗാന്ധി പറഞ്ഞു. അവര്‍ അന്വേഷണം നടത്തട്ടേ, സത്യം പുറത്തുവന്നോളും- സോണിയാപറഞ്ഞു.
കോണ്‍ഗ്രസ്സിനെ രാജ്യത്തുനിന്ന് തുടച്ചുനീക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും പ്രഖ്യാപിത നയത്തിന്റെ ഭാഗമാണ് ഇതെന്നും സോണിയ പറഞ്ഞു.
ഭണ്ഡാരിയുടെ ഓഫിസ് റെയ്ഡ് നടത്തുന്നതിനിടെ ഇ-മെയില്‍ പരിശോധച്ചപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലണ്ടനിലെ വീടു സംബന്ധിച്ച വിവരം കിട്ടിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. റോബര്‍ട്ട് വദ്ര, വദ്രയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് മനോജ് അറോറ എന്നിവര്‍ തമ്മില്‍ ഈ വീടിന്റെ പണമിടപാടും നവീകരണവും സംബന്ധിച്ച് നടത്തിയ ഇ-മെയില്‍ സന്ദേശങ്ങളും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഭണ്ഡാരിയുടെ ലണ്ടനിലുള്ള ബന്ധു സുമിത് ചദ്ദയുമായും ഇവര്‍ ഇ-മെയിലിലൂടെ ആശയവിനിമയം നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസിനെ താറടിക്കാന്‍ കെട്ടിച്ചമച്ച തെളിവുകളുമായി വദ്രയ്‌ക്കെതിരേ അന്വേഷണം നടത്തുകയാണ് സര്‍ക്കാരെന്നു കോണ്‍ഗ്രസ് പറയുന്നു.
ഭണ്ഡാരിയുമായി ബന്ധമുള്ള ബിജെപി നേതാക്കളുടെ പേരുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it