Flash News

വണ്‍ ടു ത്രീ പ്രസംഗം : എം എം മണിക്കെതിരായ കേസ് തള്ളി



തൊടുപുഴ: മണക്കാട്ടെ വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം എം മണിക്കെതിരേ തൊടുപുഴ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതു സംബന്ധിച്ച് എം എം മണി സമര്‍പ്പിച്ച വിടുതല്‍ ഹരജി അംഗീകരിച്ച തൊടുപുഴ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ജോമോന്‍ ടി ജോണ്‍  അദ്ദേഹത്തെ  കുറ്റവിമുക്തനാക്കുകയായിരുന്നു.  2012 മെയ് 25നായിരുന്നു സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി എം എം മണിയുടെ മണക്കാട്ടെ വിവാദ പ്രസംഗം. രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയെന്നായിരുന്നു മണി പറഞ്ഞത്. ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പന്‍, മുള്ളന്‍ചിറ മത്തായി എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചാണു മണി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ഇതേ തുടര്‍ന്നാണു മണക്കാട് പ്രസംഗത്തിന്റെ പേരില്‍ മണിയെ ഒന്നാംപ്രതിയാക്കി തൊടുപുഴ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രകോപനപരമായും ഭീതി പരത്തുന്നതും ലഹളയ്ക്ക് പ്രേരിപ്പിക്കുന്നതുമായ പ്രസംഗം നടത്തിയതിന്റെ പേരിലും കൃത്യനിര്‍വഹണത്തില്‍ തടസ്സപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ പോലിസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നുമുള്ള വകുപ്പുകളും മണിക്കെതിരേ ചുമത്തിയിരുന്നു. എന്നാല്‍, മണിക്കെതിരേ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്നു കോടതി നിരീക്ഷിച്ചു. മണക്കാട്ടെ പ്രസംഗത്തെ തുടര്‍ന്നു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അഞ്ചേരി ബേബി, മുട്ടുകാട് നാണപ്പന്‍, മുള്ളന്‍ചിറ മത്തായി എന്നീ വധക്കേസുകളില്‍ മണിയെ പ്രതിയാക്കി കേസെടുത്തിരുന്നു.അറസ്റ്റിലായ എം എം മണിയെ 42 ദിവസം പീരുമേട് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. ഇതില്‍ അഞ്ചേരി ബേബി വധക്കേസില്‍ മാത്രമാണ് തൊടുപുഴ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനെതിരേ എം എം മണി സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എം എം മണിക്കുവേണ്ടി ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ ശ്രീകുമാര്‍, എം എം തോമസ്, അരുണ്‍ തോമസ് തുടങ്ങിയവര്‍ സിജെഎം കോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it