Kottayam Local

വണ്‍ എംപി വണ്‍ ഐഡിയ: വിജ്ഞാനവും വികസനവുമായി ബന്ധിപ്പിക്കും- ജോസ് കെ മാണി

കോട്ടയം: വികസനത്തെ വിജ്ഞാനവും വിദ്യാഭ്യാസപരവുമായി ബന്ധിപ്പിക്കുക എന്നതാണ് വണ്‍ എംപി വണ്‍ ഐഡിയ എന്ന പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ജോസ് കെ മാണി എംപി. വണ്‍ എംപി വണ്‍ ഐഡിയ പരിപാടിയുടെ ഭാഗമായി എംടി സെമിനാരി സ്‌കൂളില്‍ ജില്ലയിലെ സ്‌കൂള്‍ കോഓഡിനേറ്റര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കലക്ടര്‍ ഡോ. ബി എസ് തിരുമേനി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ലോഗോ പ്രകാശനം എംജി യൂനിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് നിര്‍വഹിച്ചു. കോളജിയറ്റ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മാത്യു ജോര്‍ജ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ ടെസ് പി മാത്യു എന്നിവര്‍ സംസാരിച്ചു. കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ വ്യക്തികള്‍, സംഘടനകള്‍, വിദ്യാലയങ്ങള്‍, ക്ലബുകള്‍, സംരംഭകര്‍, വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി ആര്‍ക്കും ഒറ്റയ്‌ക്കോ കൂട്ടായോ പങ്കെടുക്കാം. പ്രായപരിധി ഇല്ല. ഈ മാസം 10 മുതല്‍ 25 വരെയാണ് ആശയങ്ങള്‍ സമര്‍പ്പിക്കേണ്ടത്. കലക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി എന്‍ട്രികളുടെ പ്രാഥമിക പരിശോധന നടത്തും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന 10 എന്‍ട്രികളില്‍ നിന്ന് സംസ്ഥാനത്തെ പ്രഗല്‍ഭരുടെ പാനല്‍ വിജയികളെ തിരഞ്ഞെടുക്കും. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 2.5 ലക്ഷം രൂപയും 1.5 ലക്ഷവും ഒരു ലക്ഷവും  ലഭിക്കും. അഞ്ചു സ്ഥാനക്കാര്‍ക്ക് പ്രശംസാ പത്രവും നല്‍കും. ജില്ലാ ഭരണകൂടത്തിന്റെയും ആസൂത്രണ വകുപ്പിന്റെയും സഹകരണത്തോടെ നടത്തുന്ന മല്‍സരങ്ങളുടെ വിശദാംശങ്ങള്‍  വെബ്‌സൈറ്റില്‍ ലഭിക്കും.  ഫോണ്‍: 9544736992, 907 4033561.
Next Story

RELATED STORIES

Share it