Idukki local

വണ്ണപ്പുറത്ത് രണ്ടു മാസത്തിനിടെ 35 പേര്‍ക്ക് ഡെങ്കിപ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അനാസ്ഥയെന്ന് ആക്ഷേപം

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലും പരിസരത്തും ഡെങ്കിപ്പനി വ്യാപിക്കുന്നു. വണ്ണപ്പുറത്ത് രണ്ടു മാസത്തിനിടെ 35 ഡെങ്കിപ്പനി കേസുകള്‍ സ്ഥിരീകരിച്ചു. നിരവധി പേര്‍ നിരീക്ഷണത്തിലാണ്.
ഒപിയില്‍ വന്നുപോവുന്നവരും നിരവധിയാണ്. വണ്ണപ്പുറത്തും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകമാവുന്നതായി നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ താല്‍ക്കാലിക ഇടപെടലുകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തൊടുപുഴ താലൂക്ക് ആശുപത്രിയിലും സമീപ പ്രദേശങ്ങളിലും നിരവധി പേര്‍ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും വണ്ണപ്പുറം പ്രദേശത്തുള്ളവരാണ്. ഇതിലും കൂടുതലാണ് സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയവര്‍. ഇതിനിടെ ആഴ്ചകള്‍ക്ക് മുമ്പ് പനി ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം ക്രമാതീതമായി താഴുന്നതാണ് രോഗത്തെ അപകടാവസ്ഥയിലെത്തിക്കുന്നത്. ഈ സ്ഥിതിയിലെത്തിയാല്‍ അടിയന്തരമായി രക്തം നല്‍കേണ്ടി വരും. പല രോഗികള്‍ക്കും പനി മാറിയ ശേഷമാണ് കടുത്ത ക്ഷീണം അനുഭവപ്പെടുക.
ഈ ഘട്ടത്തില്‍ രക്തപരിശോധന നടത്തി പ്ലേറ്റ്‌ലെറ്റ് കുറഞ്ഞോയെന്ന് നോക്കേണ്ടതാണ്. ചിലപ്പോള്‍ എല്ലാ ദിവസവും രക്തപരിശോധന വേണ്ടിവരാം. രോഗം കടുത്താല്‍ പല്ലിനിടയില്‍ നിന്നും മൂത്രത്തിലും രക്തം വരാം. ഈ ഘട്ടത്തില്‍ രോഗിയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച് രക്തം കൊടുക്കണം. കൃത്യമായി മരുന്നു കഴിക്കുകയും വിശ്രമിക്കുകയും ചെയ്താല്‍ ഒരാഴ്ചകൊണ്ട് രോഗം പൂര്‍ണമായും ഭേദപ്പെടുത്താം.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണം പെരുകിയിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ ശ്രദ്ധിച്ചിട്ടില്ലെന്നാണു പ്രദേശവാസികളുടെ പരാതി.
Next Story

RELATED STORIES

Share it