Idukki local

വണ്ണപ്പുറം മേഖലയില്‍ മോഷണം പതിവായി

വണ്ണപ്പുറം: വണ്ണപ്പുറം മേഖലയില്‍ മോഷണം പതിവായി. കഴിഞ്ഞ ദിവസം രാത്രി വെണ്‍മറ്റം കൂട്ടുങ്കല്‍ ഷാജി ജോസഫിന്റെ വീട്ടില്‍ ഉണക്കി സൂക്ഷിച്ച നൂറ് റബര്‍ ഷീറ്റുകള്‍ മോഷണം പോയി. കഴിഞ്ഞ ആഴ്ച ദര്‍ഭതൊട്ടിയില്‍ വീടിനോട് ചേര്‍ന്നുള്ള പുകപ്പുര കുത്തിത്തുറന്ന് നാല്‍പതോളം ഷീറ്റുകള്‍ മോഷ്ടിച്ചു. ഇവിടെയുള്ള ഒരു വീട്ടില്‍ ഉണക്കാനിട്ട 15 റബര്‍ ഷീറ്റുകളും മോഷണം പോയി. വീടിന്റെ മുറ്റത്ത് ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. ഈ മേഖലയില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചത് ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. സ്‌കൂട്ടറിലും മറ്റും രാത്രി എത്തുന്ന സംഘമാണ് മോഷണത്തിനു പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. മോഷണം സംബന്ധിച്ച് പൊലീസില്‍ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണമില്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. അതുപോലെ വണ്ണപ്പുറം പഞ്ചായത്ത് നാല് ലക്ഷത്തോളം രൂപ മുടക്കി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചതാണെങ്കിലും ഇപ്പോള്‍ പകുതി പോലും തെളിയുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.  ബന്ധപ്പെട്ട അധികൃതര്‍ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ശക്തമായി.
Next Story

RELATED STORIES

Share it