malappuram local

വണ്ടൂര്‍ മണ്ഡലത്തില്‍ ഇക്കുറി ഇരു മുന്നണികളും പ്രതീക്ഷയില്‍

കുഞ്ഞിമുഹമ്മദ് കാളികാവ്

കാളികാവ്: പ്രചാരണം അന്തിമഘട്ടത്തിലെത്തിയിരിക്കെ വണ്ടൂര്‍ മണ്ഡലത്തില്‍ ഇരു മുന്നണികളും നിന്നു കിതക്കുന്നു. ഭൂരിപക്ഷത്തിന്റെ ഇടിവ് തടുക്കാന്‍ യുഡിഎഫും 96 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ ഇടതു മുന്നണിയും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. മണ്ഡലത്തില്‍ പശ്ചാത്തല വികസനം നടന്നിട്ടില്ലെന്ന് ആരും പറയില്ല. എന്നാലും മന്ത്രിയും സിറ്റിങ് എംഎല്‍എയുമായ എ പി അനില്‍കുമാറിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ശബ്ദകോലാഹലങ്ങള്‍ക്ക് വിട നല്‍കി അടുക്കള വാതില്‍ മുട്ടിയുള്ള പ്രചാരണമാണ് മുന്നണികള്‍ ഇപ്പോള്‍ പയറ്റുന്നത്. കാര്യങ്ങളില്‍ മുന്‍തൂക്കം യുഡിഎഫിനാണെങ്കിലും അടിയൊഴുക്കും കാലുവാരലും നടക്കുമൊ എന്നത് അവരുടെ ചങ്കിടിപ്പ് കൂട്ടുകയാണ്. മണ്ഡലം നിലവില്‍ വന്ന ശേഷം നടന്ന എട്ടു തിരഞ്ഞെടുപ്പില്‍ 96ല്‍ മാത്രമാണ് വണ്ടൂര്‍ ഇടത്തോട്ട് ചാഞ്ഞത്. നാട്ടുകാരനായ സഖാവ് കണ്ണന്‍ 4,200 വോട്ടിനാണ് കോണ്‍ഗ്രസ്സിലെ പന്തളം സുധാകരനെ തോല്‍പ്പിച്ചത്. അനില്‍കുമാര്‍ നാലാം അങ്കത്തിനാണ് ഇപ്പോള്‍ കളത്തിലുള്ളത്. ഇപ്രാവശ്യം നാട്ടുകാരനും യുവതുര്‍ക്കിയുമായ നിഷാന്താണ് ഇതിന്റെ ബാറ്റണുമായി കളത്തില്‍ നിറഞ്ഞു കളിക്കുന്നത്. അഴിമതിയും കാര്‍ഷികോല്‍പ്പന്ന വിലയിടിവും ആദിവാസി ദളിത് ദുരിതവുമാണ് ഇടതിന്റെ പ്രചാരണ വിഷയം. 29,000 വോട്ടിന്റെ ലിഡാണ് കഴിഞ്ഞതവണ അനില്‍കുമാറിന്. ഇതു മറികടക്കല്‍ എളുപ്പമല്ലെങ്കിലും ഇടതിന്റെ വിശ്വാസത്തിനൊട്ടും കുറവില്ല. കോണ്‍ഗ്രസ്-ലീഗ് പോരില്‍ നിന്ന് മുതലെടുക്കാനാവുമെന്നും അവര്‍ കണക്കുകൂട്ടുന്നുണ്ട്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ആകെയുള്ള എട്ടു പഞ്ചായത്തുകളില്‍ അഞ്ചിലും പരസ്പരം കൊമ്പുകോര്‍ത്താണ് യുഡിഎഫ് മല്‍സരം നേരിട്ടത്. യോജിച്ച് മല്‍സരിച്ചടത്ത് പോലും പരസ്പരം കാലുവാരുകയും ചെയ്തു. ലീഗിന്റെ ഉന്നതരായ പലരെയും തോല്‍പ്പിച്ചതും കാലുവാരലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും ലീഗ് ഭിഷണി മുഴക്കിയിരുന്നു. കോണ്‍ഗ്രസിനോട് പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുന്നവരും കുറവല്ല. കൊടും ചൂടിനെ അവഗണിച്ച് രാവിലെ മുതല്‍ ഇരുട്ടുന്നതു വരെ സ്ഥാനാര്‍ഥികളും സംഘവും നെട്ടോട്ടത്തിലാണ്. ഇരുമുന്നണികള്‍ക്കും ഭീഷണിയുയര്‍ത്തി എസ്ഡിപിഐ-എസ്പി സഖ്യവും മണ്ഡലം അരിച്ചുപൊറുക്കിയുള്ള പ്രചാരണത്തിലാണ്. തിരഞ്ഞെടുപ്പ് രംഗത്ത് പഴറ്റിത്തെളിഞ്ഞ കൃഷ്ണന്‍ എരഞ്ഞിക്കലാണ് ഇവിടെ എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി. എസ്ഡിപിഐക്ക് ഏറെ സ്വാധീനവുമുള്ള മണ്ഡലമാണ് വണ്ടൂര്‍. ആദിവാസി, ദലിത് പിന്നാക്ക മേഖലയില്‍ ശക്തമായ ഇടപെടലാണ് പാര്‍ട്ടി നടത്തുന്നത്. ആദിവാസി വിഭാഗത്തിന്റെ കഞ്ഞികുടി മുട്ടിക്കുന്നതൊന്നും വികസനമല്ലെന്നാണ് പ്രധാന പ്രചാരണായുധം. ഓടിക്കിതച്ച് ഒപ്പമെത്താന്‍ പാടുപെടുന്ന ബിജെപിയും രംഗത്തുണ്ട്. 2,885 വോട്ടാണ് 2011ല്‍ ബിജെപി നേടിയത്.
Next Story

RELATED STORIES

Share it