malappuram local

വണ്ടൂര്‍ മണ്ഡലം: യുഡിഎഫില്‍ മഞ്ഞുരുക്കം; ചോക്കാട് വൈസ് പ്രസിഡന്റ് രാജിവച്ചു

കാളികാവ്: പരസ്പരം പോരടിച്ച് മുന്നോട്ടുപോവുന്ന വണ്ടൂര്‍ മണ്ഡലം യുഡിഎഫില്‍ മഞ്ഞുരുക്കം. ഇതിന്റെ ഭാഗമായി ചോക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ്സിലെ ആനിക്കോട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ രാജിവച്ചു. യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും ഒറ്റയ്ക്കു മല്‍സരിച്ച് നേടിയ സ്ഥാനങ്ങള്‍ രാജിവയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട്, പോരൂര്‍, തുവ്വൂര്‍ പഞ്ചായത്തുകളില്‍ മുസ്‌ലിംലീഗും കോണ്‍ഗ്രസും ഒറ്റയ്ക്കാണ് മല്‍സരിച്ചിരുന്നത്. ഈ അഞ്ചിടങ്ങളിലും യുഡിഎഫിന് ഭരണം നഷ്ടമാവുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ വണ്ടൂര്‍ മണ്ഡലത്തിലും തിരിച്ചടി നേരിടുമോയെന്ന ഭയമാണ് പുതിയ അനുരഞ്ജനത്തിന് വഴി തുറന്നത്.
മന്ത്രി എ പി അനില്‍കുമാറാണ് വണ്ടൂരിലെ സ്ഥാനാര്‍ഥി. അനില്‍കുമാര്‍ സ്ഥാനാര്‍ഥിയാവുമെന്നുറപ്പായപ്പോള്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനെ തോല്‍പിക്കുമെന്ന് പലയിടങ്ങളിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചോക്കാട് പഞ്ചായത്തില്‍ സിപിഎമ്മിനാണ് ഭരണം ലഭിച്ചത്. മുസ്‌ലിംലീഗിന്റെ പിന്തുണ അന്ന് സിപിഎമ്മിനായിരുന്നു. പഞ്ചായത്തിലെ വലിയ കക്ഷി കോണ്‍ഗ്രസ്സായിരുന്നിട്ടും പിന്തുണയ്ക്കാന്‍ ലീഗ് തയ്യാറായിരുന്നില്ല. പിന്നീട് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വിഭാഗീയതയില്‍ കോണ്‍ഗ്രസ്സിന് സ്ഥാനം ലഭിക്കുകയും ചെയ്തു. കോണ്‍ഗ്രസ് എട്ട്, ലീഗ് നാല്, സിപിഎം ആറ് എന്നിങ്ങനെയാണ് കക്ഷി നില. അതിനുശേഷം വണ്ടൂര്‍ മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ ജില്ലാ നേതൃത്വം കിണഞ്ഞു ശ്രമിച്ചിട്ടും പ്രശ്‌നത്തിനു പരിഹാരം കാണാന്‍കഴിഞ്ഞിരുന്നില്ല.
ഇപ്പോഴത്തെ തീരുമാനത്തിനു പിന്നില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലാണ്. അതേസമയം, താഴെക്കിടയില്‍ ശക്തമായ കോണ്‍ഗ്രസ് വിരോധം ലീഗണികളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. യുഡിഎഫ് ഭിന്നത മുതലെടുത്ത് വണ്ടൂര്‍ മണ്ഡലം പിടിക്കാന്‍ സിപിഎം കരുത്തനെ തന്നെ ഇറക്കാനുള്ള തീരുമാനത്തിലാണ്. സംസ്ഥാനത്ത് പലയിടത്തും സിനിമാതാരങ്ങളെ ഇറക്കി മല്‍സരിക്കാന്‍ മുന്നണികള്‍ തീരുമാനിച്ചിരിക്കെ വണ്ടൂര്‍ സംവരണ മണ്ഡലത്തില്‍ സിപിഎം കലാഭവന്‍ മണിയെ ഇറക്കാന്‍ ആലോചിച്ചതായാണ് വിവരം.
Next Story

RELATED STORIES

Share it