വണ്ടി റോങ്‌സൈഡില്‍ തന്നെ

വണ്ടി റോങ്‌സൈഡില്‍ തന്നെ
X
slug-a-bഉമ്മന്‍ചാണ്ടി പുണ്യാത്മാവാണെങ്കിലും അല്ലെങ്കിലും ടിയാനൊരു ചരിത്രസംഭാവന ചെയ്തുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ സെക്‌സ് പ്രൊഫൈല്‍ വരെ വിചാരണ ചെയ്യപ്പെടുന്ന പരുവത്തിലേക്ക് അധികാരക്കസേരയെ വികസിപ്പിച്ചെടുത്ത കഥാപുരുഷന്‍ എന്ന നിലയില്‍. ബിജു രാധാകൃഷ്ണന്‍ എന്ന ജയില്‍പ്പുള്ളി പറയുന്ന സിഡി ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഇനി അയാള്‍ പറയുന്നതത്രയും നുണയാണെങ്കില്‍ പോലും ഉമ്മന്‍ചാണ്ടിയുടെ സംഭാവനയ്ക്ക് വ്യത്യാസമൊന്നുമില്ല. ഒന്നാമത്, സോളാര്‍ കേസുകെട്ടിനെ ഒരു സാമ്പത്തിക കുറ്റകൃത്യമായിട്ടാണ് കേസ് അന്വേഷിച്ച പ്രത്യേക സംഘം കണക്കാക്കിയതും കോടതികളില്‍ കുറ്റപത്രം സമര്‍പ്പിച്ചതും.
നിര്‍ണായകമായ രണ്ട് ഔദ്യോഗിക തട്ടിപ്പുകള്‍ ഈ നടപടിയില്‍ നടന്നു. ഒന്ന്: പ്രതികള്‍ക്കെതിരേ ചുമത്തേണ്ടിയിരുന്ന ഗൂഢാലോചനക്കുറ്റം ഏമാന്മാര്‍ സമര്‍ഥമായി ഒഴിവാക്കി. ഗൂഢാലോചനയില്ലെങ്കില്‍ പിന്നെ ഇതെന്താ യാദൃച്ഛികമായി സംഭവിച്ച വല്ല തട്ടിപ്പുമാണോ? കൊടുക്കല്‍വാങ്ങലുകള്‍ക്കിടയില്‍ യദൃച്ഛയാ സംഭവിച്ചുപോയ ഒരു വീഴ്ചയാണെങ്കില്‍ അത് സംസ്ഥാനവ്യാപകമായി പല വ്യക്തികളുടെ കാര്യത്തില്‍ ഉണ്ടാവുമോ? വന്‍തുക പലരില്‍ നിന്നായി സ്വരൂപിച്ച ഒരു കമ്പനി ഒരു സുപ്രഭാതത്തില്‍ പൊട്ടിപ്പോവുന്നത് കമ്പോളത്തിലെയോ സമ്പദ്ഘടനയിലെയോ വല്ല ചാഞ്ചാട്ടങ്ങള്‍ കൊണ്ടുമായിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു.
ഇവിടെ ടി തുക കമ്പനി ഉടമകള്‍ ബോധപൂര്‍വം മറിക്കുകയും അമുക്കുകയും ചെയ്തതിന്റെ ഫലമാണ് വാഗ്ദാനം പാലിക്കാനാവാതെപോയത്. ലോക്കല്‍ കോഴിമോഷണത്തില്‍ പോലും ഗൂഢാലോചനക്കുറ്റം ചുമത്താറുള്ള വിദ്വാന്മാരാണ് നമ്മുടെ കാക്കിപ്പട. അവര്‍ ഇത്ര വിപുലമായ ഒരു സാമ്പത്തിക തട്ടിപ്പില്‍ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയത് മറ്റൊരു ഗൂഢാലോചനയിലേക്ക് സ്വമേധയാ വെളിച്ചം വീശുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിനെ ചുറ്റിപ്പറ്റി ഈ കേസിലെ മിക്ക പ്രതികളും പ്രവര്‍ത്തിച്ചിരുന്നതും അക്കാര്യങ്ങള്‍ കേസില്‍ നിഴല്‍ വീഴ്ത്തുന്നതും ഗൗരവത്തിലെടുക്കേണ്ടത് ഏതൊരു കുറ്റാന്വേഷണ പദ്ധതിയുടെയും ബാലപാഠമാണ്. എന്നാല്‍, ഇവിടെ അതു ചെയ്യുന്നപക്ഷം മുഖ്യമന്ത്രിയെ പ്രതിയോ സാക്ഷിയോ ആക്കേണ്ടിവരും. കൃത്യം നടന്ന സ്ഥലത്തിന്റെ അധ്യക്ഷന്‍ എന്ന നിലയ്ക്ക് ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം അതൊഴിവാക്കാന്‍ നിര്‍വാഹമുള്ളതല്ല. ഇതാണ് ഉമ്മന്‍ചാണ്ടിയെ ഊരിക്കൊടുക്കാന്‍ അന്വേഷണസംഘം നടത്തിയ തട്ടിപ്പ് നമ്പര്‍ വണ്‍.
രണ്ട്: അന്വേഷകര്‍ സമര്‍ഥിക്കുംവിധം ഇതൊരു സാമ്പത്തിക തട്ടിപ്പു മാത്രമാണെന്നിരിക്കട്ടെ. ഏതു സാമ്പത്തിക തട്ടിപ്പിലും അതില്‍ ഉള്‍പ്പെടുന്ന പണമാണ് കേന്ദ്ര തെളിവ്. ടി പണം എവിടെ നിന്നു വന്നു, എങ്ങോട്ടു പോയി, ആത്യന്തികമായി അതിന് എന്തു സംഭവിച്ചു എന്നീ ഘടകങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. നമ്മുടെ ഏമാന്‍ഗണം ചെയ്തതെന്താണ്? ടീം സോളാറിനെതിരേ പരാതി കൊടുത്തവരില്‍ നിന്നുള്ള പണം മാത്രം ഈ തട്ടിപ്പിലെ ധനഘടകമായി കല്‍പിച്ചു. അത് എങ്ങോട്ടു പോയി എന്ന ചോദ്യത്തിന് പ്രത്യേകിച്ചൊരു എമ്പിരിക്കല്‍ വിശദീകരണമില്ല.
പകരം, തുടക്കം തൊട്ടേ 'ആഡംബര' കഥകള്‍ പ്രചരിപ്പിച്ചുകൊണ്ട് പ്രതികളുടെ വ്യക്തിഗത ധൂര്‍ത്തിലൂടെ പണം ഒഴുകിപ്പോയി എന്ന പുകമറയുണ്ടാക്കി. ഒരു പ്രതി കാമുകിക്കു വലിയ വീടും കാറും കൊടുത്തു. മറ്റൊരു പ്രതി സാരിയും ആഭരണങ്ങളും ചെരുപ്പും തൊട്ട് പഞ്ചനക്ഷത്ര ജീവിതം വരെ തരമാക്കി എന്നായിരുന്നു മാധ്യമങ്ങള്‍ വഴി വെടികലശല്‍ നടത്തിയത്. ശാലു മേനോന്റെ വീടും കാറും കോടതി പിന്നീട് അവര്‍ക്കു തന്നെ വിട്ടുകൊടുത്തതോടെ അന്വേഷകരുടെ ഈ ഉഡായിപ്പ് തരിപ്പണമായി. പക്ഷേ, ഏമാന്മാരെ അന്നേരം ചോദ്യം ചെയ്യണമെന്ന കാര്യം ആഡംബര കഥയില്‍ രസം പിടിച്ച സമൂഹം ഓര്‍ത്തില്ല. അതുകൊണ്ടുതന്നെ കമ്പക്കെട്ടില്‍ കണ്ണും നട്ടിരിക്കുന്ന മാധ്യമങ്ങളോ മറ്റുള്ളവരോ മര്‍മപ്രധാനമായ ചോദ്യം ഇപ്പോഴും ശേഷിക്കുന്ന കാര്യം കാണുന്നില്ല: തട്ടിച്ച പണം എവിടേക്കു പോയി? ഈ വഴിക്കു തിരിയാതിരുന്നതാണ് അന്വേഷകരുടെ രണ്ടാമത്തേതും നിര്‍ണായകവുമായ തട്ടിപ്പ്.
എന്തെന്നാല്‍, തട്ടിപ്പുകാശ് പോയ വഴിക്ക് നീങ്ങുന്നപക്ഷം കൈക്കൂലി, സംഭാവന, ഒത്താശപ്പണം തുടങ്ങി രാഷ്ട്രീയപ്രമാണികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റും ടീം സോളാര്‍ നല്‍കിയ വന്‍ കിഴികളുടെ ചുരുളഴിയും. പലരുടെയും ബാങ്ക് അക്കൗണ്ടുകള്‍ തൊട്ട് ബിനാമി ഇടപാടുകള്‍ വരെ തപ്പേണ്ടിവരും. അത് ഭരണമുന്നണിയിലെ പല മാന്യന്മാരെയും വെള്ളത്തിലാക്കും. അതുകൊണ്ട് കേസിലെ നിര്‍ണായകമായ ആ വഴി അന്വേഷകര്‍ തന്നെ അടച്ചുവച്ചു. ഇവിടെ ഒതുക്കല്‍ തന്ത്രമെന്ന നിലയില്‍ സാമ്പത്തിക കുറ്റകൃത്യം എന്ന ലേബലൊട്ടിച്ചപ്പോള്‍ പോലും വ്യവസ്ഥാപിത അര്‍ഥത്തില്‍ ആ ലേബല്‍ അര്‍ഹിക്കുന്ന അന്വേഷണം നടത്തിയില്ലെന്നു സാരം.
ചേതോവികാരം ഭരണരാഷ്ട്രീയക്കാരെ രക്ഷിച്ചെടുക്കുക എന്നതാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, സാമ്പത്തിക കുറ്റകൃത്യം എന്ന് ഒഴുക്കിപ്പറഞ്ഞ് ഇതില്‍ യഥാര്‍ഥത്തിലുള്ള സാമ്പത്തിക കുറ്റകൃത്യത്തെ മൂടിവയ്ക്കുകയാണ് ഈ രാഷ്ട്രീയസേവയിലൂടെ ചെയ്തത്. അവിടെയാണ് പ്രമേയത്തിനു ഗൗരവമേറുന്നതും.
ഗൂഢാലോചനക്കുറ്റമില്ലാതെ സാദാ സാമ്പത്തിക കുറ്റമായി ലളിതവല്‍ക്കരിച്ചതോടെ പ്രതിയും വാദിയും തമ്മിലുള്ള ഒത്തുതീര്‍പ്പിനു സര്‍ക്കാര്‍ കളമൊരുക്കി. അഥവാ, പരാതിപ്പെട്ടവര്‍ക്ക് കാശു തിരിച്ചുകൊടുത്താല്‍ തീരുന്നതേയുള്ളൂ 'കുറ്റകൃത്യം.' ഇങ്ങനെ ഒത്തുതീര്‍ക്കാന്‍ വഴിയൊരുക്കിക്കിട്ടുന്ന പ്രതികള്‍ എന്താണ് ചെയ്യുക? ഏതു വിധേനയും വാദികള്‍ക്കു കൊടുക്കാനുള്ള തുക ഒപ്പിക്കണം.
സംഗതി സ്വന്തം നിലയ്ക്ക് സ്വരൂപിക്കാനാവാത്തത്ര വന്‍ തുകയാണെങ്കിലോ? അതിനുള്ള ലളിതമുറയാണ് സരിത അവലംബിച്ചത്. ഒരു ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കിവച്ച് രാഷ്ട്രീയപ്രമാണിമാരെ ബ്ലാക്‌മെയില്‍ ചെയ്യുക. അരയില്‍ കനമുള്ളവന്‍ പേടിക്കും, കാശു വീശും. ജാമ്യത്തിലിറങ്ങി രണ്ടാഴ്ചയ്ക്കകം പല കേസുകളും കാശു കൊടുത്ത് ഒതുക്കിയ കാര്യം പരസ്യമാണ്. ഇത്ര വലിയ തുക കൊടുക്കാന്‍ തക്ക സ്ഥാവര-ജംഗമ ആസ്തി ശ്രീമതിക്കുണ്ടായിരുന്നെങ്കില്‍ ഈ കേസിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ ആയത് കണ്ടുകെട്ടേണ്ടിയിരുന്നില്ലേ?
അങ്ങനെ കണ്ടുകെട്ടാന്‍തക്ക ആസ്തിയില്ലാതിരുന്ന ഒരു പ്രതി ഇത്ര പെട്ടെന്ന് ഇത്ര വലിയ തുക തരപ്പെടുത്തി എന്നത് അന്വേഷകര്‍ക്കോ സര്‍ക്കാരിനോ പ്രശ്‌നമേയല്ല. പ്രശ്‌നമാക്കിയാല്‍ തട്ടിപ്പുപണം പോയ വഴിയിലേക്കു തന്നെ അവര്‍ക്ക് അന്വേഷണം നീട്ടേണ്ടിവരും. 'തട്ടിപ്പുകാരും ഒത്താശക്കാരുമായി അവരുടെ പാടായി, ഞങ്ങള്‍ മാവിലായിക്കാര്‍' എന്ന മട്ട്. ഈ ക്രിമിനല്‍ കൂട്ടിക്കൊടുപ്പിന്റെ യുക്തിസഹമായ പരിണതി മാത്രമാണ് ഇപ്പോഴത്തെ കൂടുതല്‍ മലീമസമായ സ്ഥിതിവിശേഷം.
കൂട്ടുപ്രതിയായ ബിജു രാധാകൃഷ്ണനെ പഴയൊരു കൊലക്കേസ് തപ്പിയെടുത്ത് ശടപടേന്നു വിചാരണ നടത്തി സ്ഥിരമായി അകത്തിടുന്നു. നാളിതേവരെ ടിയാനു ജാമ്യമോ പരോളോ ഇല്ല. വാ തുറക്കാന്‍ അനുവദിക്കാതെ കൊടും ക്രിമിനലായി മുദ്രയടിച്ചും പ്രചരിപ്പിച്ചും തുറുങ്കിലിടുന്നു. സരിതയുടെ വാ തുറന്നാലുണ്ടാവുന്ന ലൈംഗിക ഭീഷണി രാധാകൃഷ്ണന്റെ കാര്യത്തിലില്ല. മാത്രമല്ല, ടിയാന്‍ സംഗതി ഉന്നയിച്ചാലും ലൈംഗിക ചൂഷണത്തിന് ഇരയായ കൂട്ടുപ്രതിയുടെ അനുകൂല മൊഴി കിട്ടണം. രണ്ടാളും തല്ലിപ്പിരിഞ്ഞ സ്ഥിതിക്ക് അതുണ്ടാവില്ലെന്ന കണക്കുകൂട്ടലാണ് ഏമാന്‍മാര്‍ക്കും അവരുടെ ഏമാന്‍മാര്‍ക്കും ഉണ്ടായിരുന്നത്.
ബിജു രാധാകൃഷ്ണനില്‍ നിന്ന് പണം പോയ വഴിയെക്കുറിച്ച വിവരങ്ങള്‍ പുറത്തുവരാതിരിക്കാനായിരുന്നു പ്രത്യേക ജാഗ്രത. അതുകൊണ്ട് അയാള്‍ക്ക് ശാശ്വതമായ കൂച്ചുവിലങ്ങ്. സരിതയില്‍ നിന്ന് ലൈംഗിക ബോംബുഭീഷണി സൂക്ഷിച്ചാല്‍ മതി. അതിനു വേണ്ടി ബ്ലാക്‌മെയില്‍ ചെയ്ത് തുകയൊപ്പിച്ച് കേസുകള്‍ തീര്‍ക്കാനുള്ള മാര്‍ജിന്‍ അവര്‍ക്ക് അനുവദിക്കുക. ഇതാണ് ഭരണസംഘം പോലിസിനെ ചട്ടുകമാക്കി നടത്തിയ തട്ടിപ്പ്.
വൈകിക്കിട്ടിയ അപൂര്‍വാവസരം വസൂലാക്കാന്‍ ശ്രമിക്കുക മാത്രമാണ് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ ചെയ്തത്. കമ്മീഷനില്‍ ടിയാന്‍ എത്താതെനോക്കാന്‍ ജയില്‍ സൂപ്രണ്ട് വഴി ഭരണസംഘം ആവുന്നത്ര പയറ്റിനോക്കി. ഒടുവില്‍ കമ്മീഷന്റെ തന്നെ വിരട്ടലും ലോക്‌നാഥ് ബെഹ്‌റ എന്ന ജയില്‍ ഡിജിപിയുടെ കല്‍പനയും വേണ്ടിവന്നു ഈ വിലക്കൊന്നു മാറ്റിക്കിട്ടാന്‍. (അതിന്റെ പേരിലാണ് ബെഹ്‌റയ്ക്ക് കസേര തെറിച്ചതെന്ന കഥ വേറെ). ഇത്രമാത്രം ഒരു ജയില്‍പ്പുള്ളിയെ പേടിക്കുന്നതാരാണ്? അയാളെ വാ പൂട്ടി അകത്തിടേണ്ടത് ആരുടെ ആവശ്യം?
ഒരുത്തരം സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയുടെ വായില്‍ നിന്ന് അറിയാതെ പുറത്തുവീണിട്ടുണ്ട്. ബ്ലാക്‌മെയ്‌ലിങ് അതിജീവിച്ചാണ് താന്‍ ബിജു രാധാകൃഷ്ണനെ നിയമത്തിന്റെ വഴിയിലൂടെ ശിക്ഷിച്ചതെന്നാണ് കഴിഞ്ഞ ദിവസം ടിയാന്‍ നിയമസഭയില്‍ പറഞ്ഞത്. എന്താണ് ഇതിനര്‍ഥം?
കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയോ പങ്കാളിയാവുകയോ ഒത്താശ ചെയ്യുകയോ ചെയ്തിട്ടുള്ളയാളെ സംഗതി പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്ന കലാപരിപാടിക്കാണല്ലോ ബ്ലാക്‌മെയിലിങ് എന്നു പറയുക. ഉമ്മന്‍ചാണ്ടിയെ ഏത് കുറ്റകൃത്യത്തിന്റെ പേരിലാണ് ഇവിടെ വിരട്ടിപ്പോന്നത്? ഒരു സംസ്ഥാനത്തിന്റെ തലതൊട്ടപ്പനെ ബ്ലാക്‌മെയില്‍ ചെയ്യുന്നു എന്നതില്‍പരം ക്രിമിനല്‍ കുറ്റമുണ്ടോ? ആ കുറ്റത്തിന് എന്തു നടപടി സ്വീകരിച്ചു?
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, അങ്ങയുടെ വണ്ടി റോങ്‌സൈഡിലാണെന്നു മാത്രമല്ല, ടയര്‍ പഞ്ചറും എന്‍ജിന്‍ തൊന്തരവിലുമാണ്. $
Next Story

RELATED STORIES

Share it