Idukki local

വണ്ടിപ്പെരിയാറില്‍ തൊഴിലാളികള്‍ എസ്‌റ്റേറ്റ് മാനേജരെ തടഞ്ഞുവച്ചു

വണ്ടിപ്പെരിയാര്‍: സ്വകാര്യ തേയില തോട്ടത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് മൂന്നു മാസമായി ശമ്പളവും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിച്ചില്ല. ഇതേതുടര്‍ന്ന്, തൊഴിലാളികള്‍ എസ്‌റ്റേറ്റ് മാനേജരെ തടഞ്ഞുവച്ചു. വണ്ടിപ്പെരിയാര്‍ എംഎംജെ എസ്‌റ്റേറ്റിലെ തൊഴിലാളികളാണ് മാനേജരെ തടഞ്ഞുവച്ചത്. തിങ്കളാഴ്ച്ച രാവിലെ മുതല്‍ തൊഴിലാളികള്‍ പണിയ്ക്ക് ഇറങ്ങാതെ മാനേജരെ കമ്പനി ഓഫീസില്‍ മാനേജരെ തടഞ്ഞുവച്ചത്. എംഎംജെ എസ്‌റ്റേറ്റില്‍ അയ്യപ്പന്‍കോവില്‍, ചുരക്കുളം അപ്പര്‍, ചുരക്കുളം ലോവര്‍, എന്നിങ്ങനെ മൂന്നു ഡിവിഷനുകളിലായി 250ഓളം തൊഴിലാളികളാണ് ഉള്ളത്.
തോട്ടത്തില്‍ പണിചെയ്യുന്ന തൊഴിലാളികള്‍ക്ക് മൂന്നു മാസമായി  ശമ്പളവും കൃത്യമായി ലഭിക്കുന്നില്ല എന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.കഴിഞ്ഞ മൂന്നാം തീയ്യതി  ശമ്പളം നല്‍കാമെന്ന് കമ്പനി അധികൃതര്‍ തൊഴിലാളികളോട് പറഞ്ഞുവെങ്കിലും ഇത് നല്‍കിയില്ല. ആഴ്ചയില്‍ നല്‍കുന്ന ചിലവു കാശ് മാത്രമാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. ഇത് കൂടാതെ താല്ക്കാലികമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും ശമ്പളം വൈകിയാണ് ലഭിക്കുന്നത്.
നിരവധി തവണ മാനേജ്‌മെന്റുമായി ട്രേഡ് യൂനിയനുകള്‍ ചര്‍ച്ച നടത്തിയെങ്കിലും അനുകൂലമായി യാതൊരു നടപടികളും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ മാനേജരെ തടഞ്ഞുവെച്ചത്. ശമ്പളം നല്‍കാതെ തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ ആരോപിക്കുന്നത്.
അടുത്ത ദിവസങ്ങളില്‍ രണ്ട് മാസത്തെ ശമ്പളമെങ്കിലും തല്‍ക്കാലം നല്‍കണമെന്നാണ് തൊഴിലാളികള്‍ മാനേജ്‌മെന്റ് അതികൃതരോട് ആവശ്യപ്പെട്ടുവെങ്കിലും ഇത് പോലും നല്‍കാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം ചെയ്യാനുണ്ടായ കാരണം. തേയിലയുടെ ഉല്പാദനം കുറഞ്ഞത് കമ്പനിയുടെ വരുമാനത്തില്‍ ഉണ്ടായ കുറവുമൂലമാണ് ശമ്പളം നല്‍കാത്തതെന്നും ഈ മാസം 17 ന് രണ്ട് മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാമെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം.മുഴുവന്‍  ആനുകൂല്യങ്ങളും ലഭിക്കാതെ വന്നാല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകും എന്ന നിലപാടിലാണ് തൊഴിലാളികള്‍.
വേനലറുതിയില്‍ ചുട്ടുപൊള്ളുമ്പോഴും അതിരാവിലെ തന്നെ തോട്ടത്തില്‍ ഇറങ്ങി പണിയെടുക്കുന്ന ആയിരക്കണക്കിനു തൊഴിലാളികളാണുള്ളത്. എന്നാല്‍, കൃത്യമായി ശമ്പളം പോലും ലഭിക്കാത്തത് ജീവിതം ദുരിതമാവുന്നു. ഫണ്ട് ഉണ്ടായിട്ടുപോലും ചില എസ്‌റ്റേറ്റ് ഉടമകളും മാനേജര്‍മാരും ഒത്തുകളിച്ച് ശമ്പളവും ആനുകൂല്യവും തടയുകയാണെന്നാണ് ഇവരുടെ പരാതി.
Next Story

RELATED STORIES

Share it