Idukki local

വണ്ടിപ്പെരിയാറിലെ അഞ്ച് കടകളില്‍ കവര്‍ച്ച

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ ടൗണില്‍ മോഷണ പരമ്പര. അഞ്ച് കടകള്‍ കുത്തിത്തുറന്ന് 30,000ഓളം രൂപ മോഷ്ടാക്കള്‍ അപഹരിച്ചു. വണ്ടിപ്പെരിയാര്‍ മുബാറക്ക് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ലെനിന്‍ ബ്രദേഴ്‌സ്, ശിവനടിമ നാടാര്‍ സ്‌റ്റോര്‍, മുബാറക്ക് സ്‌പെയര്‍ പാര്‍ട്‌സ് താജ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മുബാറക്ക് പ്ലൈവുഡ്, സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സൂര്യാ മെബൈല്‍സ്, എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 മണിയോടുകൂടിയാണ് സംഭവം.
മോഷണം നടന്നിരിക്കുന്ന സ്ഥാപനങ്ങളെല്ലാം തന്നെ കൊട്ടാരക്കര ദണ്ഡുക്കല്‍ ദേശിയ പാതയിലെ റോഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് പ്രവര്‍ത്തിക്കുന്നവയാണ്. മുബാറക്ക് സ്‌പെയര്‍ പാര്‍ട്‌സ് കടയില്‍ നിന്നും 18,000 രൂപയും, ശിവനടിമ നാടാര്‍ സ്‌റ്റോര്‍ എന്ന പലചരക്ക് കടയില്‍ നിന്നും 13,000 രൂപയും ഇലക്ട്രിക്ക് കടയായ ലെനിന്‍ ബ്രദേഴ്‌സില്‍ നിന്നും 2000 രൂപയും സൂര്യാ മൊബൈല്‍സില്‍ നിന്നും 800 രൂപയോളം നഷ്ടപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്.
സമീപത്തെ സ്വര്‍ണ്ണാഭരണ വില്‍പ്പന ശാലയിലും മോഷണശ്രമം നടത്തിയിട്ടുണ്ട്. ഇതിന്റെ ഷട്ടറുകളില്‍ മോഷ്ടാക്കളുടെ വിരലടയാളങ്ങള്‍ പതിഞ്ഞിട്ടുണ്ട്.  പുലര്‍ച്ചെ പത്രം ഇടാന്‍ പോയവരാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. പിന്നീട് ഇവര്‍ സ്ഥാപന ഉടമകളെ ഫോണില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇരുമ്പ് ഷട്ടര്‍ പൂട്ടുകളൊന്നും തന്നെ തകര്‍ക്കാതെ കമ്പിയും മറ്റും ഉപയോഗിച്ച് ഷട്ടര്‍ കുത്തി തുറന്ന് ഇതിനിടയിലൂടെ ഒരാള്‍ക്ക് മാത്രം കടക്കാവുന്ന രീതിയില്‍ ഉയര്‍ത്തിയ ശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കയറി മോഷണം നടത്തിയിരിക്കുന്നത്. മോഷ്ടാക്കളില്‍ ഒരാളുടെ മുഖം മുബാറക്ക് സ്‌പെപെയര്‍ പാര്‍ട്‌സ് കടയില്‍ സ്ഥാപിച്ചിട്ടുള്ള  സി സി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ സ്ഥാപനത്തിലെ പണം മോഷ്ടിക്കുന്ന 2.37 മുതല്‍ 2.38 വരെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ മുഖം വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. ഷട്ടറുകള്‍ ജാക്കി ഉപയോഗിച്ച് ഉയര്‍ത്തിയാവാം മോഷണം നടത്തിയതെന്നാണ് സംശയക്കുന്നത്. ഒന്നിലധികം സംഘങ്ങള്‍ വാഹനവുമായി എത്തിയാവാം മോഷണം നടത്തിയിരിക്കുന്നതായാണ് പോലീസ് പ്രാഥമിക നിഗമനം  വിരലടയാള വിദഗ്ധരും ഇടുക്കിയില്‍ നിന്നും ഡോഗ് സ്‌കോഡും സ്ഥലത്ത് പരിശോധന നടത്തി. സകട്ടപ്പന ഡിവൈഎസ്പി എം സി രാജ്‌മോഹന്‍, കുമളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി കെ ജയപ്രകാശ്,വണ്ടിപ്പെരിയാര്‍ സബ് ഇന്‍സ്‌പെക്ടര്‍ സ്ഥലത്ത് എത്തി.
Next Story

RELATED STORIES

Share it