Idukki local

വണ്ടിപ്പെരിയാര്‍ മേഖലയില്‍ വ്യാപക മണ്ണിടിച്ചില്‍

വണ്ടിപ്പെരിയാര്‍: 62ാം മൈലിലും പരിസരങ്ങളിലും മണ്ണിടിച്ചില്‍ വ്യാപകമായി. ഇതോടെ, നിരവധി കുടുംബങ്ങളാണ് ഭീതിയിലായിരിക്കുന്നത്.  62ാം മൈല്‍ സ്വദേശികളായ കാനത്തില്‍ വീട്ടില്‍ ആലീസ് ജോര്‍ജ്, സുരേഷ്, കടയപ്പറമ്പില്‍ ഫാത്തിമ, കോട്ടയില്‍ വീട്ടില്‍ അനീഷ് എന്നിവരുടെ വീടുകളുടെ സംരക്ഷണ ഭിത്തികള്‍ ഇടിഞ്ഞ് വീടുകള്‍ അപകട ഭീഷണിയിലാണ്. ചോറ്റുപാറ-പെരിയാര്‍ കൈത്തോടിന്റെ വശങ്ങളോട് ചേര്‍ന്ന വീടുകളാണ് അപകടാവസ്ഥയിലായത്. തോട്ടില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ പത്തടി ഉയരമുള്ള കല്ലുകെട്ടാണ്  ഇടിഞ്ഞ് തോട്ടിലേക്ക് വീണിരിക്കുന്നത്. ഇതോടെ ആലീസിന്റെ വീട് അപകടഭീഷണി നേരിടുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍  ബാക്കിയുള്ള സംരക്ഷണ ഭിത്തി കൂടി ഇടിഞ്ഞ് തോടിനോട് ചേര്‍ന്നുള്ള വീട് ഏത് നിമിഷവും നിലംപൊത്തുമെന്ന നിലയിലാണ്. സംരക്ഷണഭിത്തി തകര്‍ന്നപ്പോള്‍ വീടിനുള്ളില്‍ മൂന്ന് കുട്ടികളടക്കം ഏഴുപേരാണുണ്ടായിരുന്നത്. തോട്ടില്‍ വെള്ളം കുറയാത്തതിനാല്‍ പ്രദേശത്ത് നിരവധി വീടുകളാണ് അപകട ഭീഷണി നേരിടുന്നത്. കഴിഞ്ഞ ദിവസം  സുരേഷിന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായിരുന്നു. കനത്ത മഴയില്‍ കടയപ്പറമ്പില്‍ വീട്ടില്‍  ഫാത്തിമ  ബീവിയുടെ വീട് ഇടിയുകയും കോട്ടയില്‍ വീട്ടില്‍ അനീഷിന്റെ വീടിന്റെ സംരക്ഷണഭിത്തി തകരുകയും ചെയ്തു.
ഫാത്തിമയുടെ വീടിന്റെ ഭിത്തിയാണ് ഇടിഞ്ഞുപോയത്.  ഫാത്തിമാബീവിയും ഭര്‍ത്താവും മാത്രമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. വീടിന്റെ ഒരുഭാഗം ഇടിഞ്ഞു പോയതോടെ കനത്ത മഴയില്‍ വീട്ടിലുള്ള സാധനങ്ങളും ഉപകരണങ്ങളും നശിച്ചു. നാട്ടുകാരുടെ സഹായത്തോടെ പടുത ഉപയോഗിച്ച് ഭിത്തി ഇടിഞ്ഞുപോയ ഭാഗം മറിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it