Idukki local

വണ്ടിപ്പെരിയാര്‍ ആശുപത്രിയില്‍ കിടത്തിച്ചികില്‍സ നിഷേധിക്കുന്നെന്ന്

വണ്ടിപ്പെരിയാര്‍: നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നെന്ന് കാട്ടി വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പുരുഷന്‍മാര്‍ കിടക്കുന്ന വിഭാഗം താല്‍കാലികമായി അടച്ചു പൂട്ടിയതായി ആരോപണം. കിടത്തി ചികില്‍സ നല്‍കേണ്ട രോഗികളെ പോലും പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം കുമളി, പീരുമേട് ആശുപത്രിയിലേക്കാണ് അധികൃതര്‍ പറഞ്ഞ് അയക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
പെരിയാര്‍ മേഖലയില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളുടേയും കര്‍ഷകരുടേയും  ചികല്‍സയ്ക്കായുള്ള ഏക ആശ്രയ കേന്ദ്രമാണ് ഇത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സാമൂഹിക ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയെങ്കിലും ഡോക്ടര്‍മാരുടെ കുറവും, കിടത്തി ചികില്‍സ നല്‍കുന്നതിന് ആവശ്യമായ കെട്ടിടങ്ങള്‍ തുറന്നു നല്‍കാത്തതും സാധാരണക്കാര്‍ക്ക് ഇപ്പോഴും തിരിച്ചടിയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഡോക്ടര്‍മാരുടെ പഴയ പാറ്റേണ്‍ ഇതുവരെ മാറ്റിയിട്ടില്ല. ഏഴ് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് നാല് പേരെ മാത്രമാണ് നിയമിച്ചിരിക്കുന്നത്.
ഇവരില്‍ രണ്ടു പേര്‍ കോണ്‍ഫറന്‍സ്, ക്യാമ്പ് ആവശ്യങ്ങള്‍ക്കായി  പുറത്തേക്ക്  പോവുമ്പോഴാണ് ഏറെ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ദിനവും എഴുന്നൂറോളം പേരാണ് ഒ പി ടിക്കറ്റില്‍ ചികിത്സ തേടിയെത്തുന്നത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം ബ്ലോക്ക് പണികള്‍ പൂര്‍ത്തിയാക്കീട്ടും ജനങ്ങള്‍ക്ക് ഇതുവരെ തുറന്ന് നല്‍കിയിട്ടില്ലെന്നും അരോപണം ശക്തമാണ്.സ്ത്രീ ,പുരുഷ, വാര്‍ഡുകളിലായി രോഗികളെ കിടത്തി ചികില്‍സ ഉണ്ടെങ്കിലും ഒരാഴ്ചയായി പുരുഷ വാര്‍ഡില്‍ കിടപ്പു രോഗികളെ കിടത്തുന്നില്ല.
പുരുഷ വാര്‍ഡിന്റെ കെട്ടിടം പണിതു ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇത് തുറന്നു കൊടുക്കാത്തതില്‍ രോഗികളും ജീവനക്കാരും ഒരേ പോലെയാണ് വലയുന്നത്. അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കൊട്ടാരക്കര  ദിണ്ഡുക്കല്‍ ദേശിയ പാതയോട് ചേര്‍ന്നാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. നിരവധി റോഡ് അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ രാത്രി സമയം കിലോ മീറ്റര്‍ അകലെ പീരുമേട് താലൂക്ക് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. സാമൂഹിക ആരോഗ്യ കേന്ദ്രമാണെങ്കിലും പുതുക്കിയ സ്റ്റാഫ് പാറ്റേണ്‍ സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയിട്ടില്ല. ആശുപത്രിയിലെ കിടപ്പ് രോഗികളുടെ എണ്ണം 28 മാത്രമാണ്.
സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ സ്റ്റാഫ് പാറ്റേണ്‍ 7 ഡോക്ടര്‍മാരും ,14 സ്റ്റാഫ് നേഴ്‌സുമാരാണ് വേണ്ടതെങ്കിലും ജീവനക്കാരും കുറവാണ്.  ഒരാഴ്ചയായി ഇവിടെ കിടപ്പു രോഗികള്‍ ഇല്ലെന്നും സ്ത്രീ വാര്‍ഡിനോട്  കെട്ടിടത്തിനോട് ചേ ര്‍ന്ന് പുതിയ ടോയ്‌ലറ്റ്  സംവീധാനം പണിയുന്നതിന്റെ പേരില്‍ സ്ത്രീ വാര്‍ഡ് മാത്രമാണ് താത്ക്കാലികമായി അടച്ചിടാ ന്‍ പോവുന്നതെന്നും പുരുഷ വാര്‍ഡുകള്‍ അടിച്ചിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Next Story

RELATED STORIES

Share it