palakkad local

വണ്ടിത്താവളത്ത് എസ്എഫ്‌ഐ- വിദ്യാര്‍ഥി ജനത സംഘര്‍ഷം

ചിറ്റൂര്‍: വണ്ടിത്താവളത്ത് എസ്എഫ്‌ഐ- വിദ്യാര്‍ഥി ജനത സംഘര്‍ഷം. വ്യാപക അക്രമം. സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെയും അക്രമണമുണ്ടായി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും, വിദ്യാര്‍ഥി ജനത പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. വണ്ടിത്താവളം കെകെഎംഎച്ച്എസ് സ്‌കൂളിനകത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഇരു പാര്‍ട്ടിക്കാരും ഏറ്റെടുത്തതോടെ കഴിഞ്ഞ രണ്ടു ദിവസമായി വണ്ടിത്താവളം സംഘര്‍ഷ മേഖലയായി.ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, കസമ്പ, സ്റ്റേഷനുകളിലെ പോലിസിന്റെയും എസ് പിയുടെ സേനയുടെയും കാവലിലാണ് ബുധനാഴ്ച്ച വണ്ടിത്താവളം. ജനതാദള്‍ (എസ്) പ്രവര്‍ത്തകരുടെ അക്രമത്തില്‍ എട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സുധീഷ്, ബാഷിദ്, ആകാശ്, ധനിക്ക്, ഇന്‍ഷാദ്, സന്തോഷ്, ഋതിക്ക്, അഖില്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ചൊവാഴ്ച്ച സ്‌ക്കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മി ല്‍ സംഘര്‍ഷം നടന്നിരുന്നു. ഇതേ തുടര്‍ന്ന് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചതറിഞ്ഞ് സിപിഎം, ഡി വൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രദേശത്ത് സംഘടിച്ചു പ്രത്യാക്രമണം നടത്തി. ഇന്നലെ രാവിലെ തന്നെ വണ്ടിത്താവളത്ത് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും സംഘടിച്ചതിനെ തുടര്‍ന്ന് സ്‌കൂളിന് അവധി നല്‍കി. വീട്ടിലേക്ക് പോവുന്നതിനായി സ്‌കൂളിനു പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും മര്‍ദനമേറ്റു. ബസ്സിനകത്തു കയറിയും മര്‍ദനം നടത്തി. ഇതു കൂടാതെ സ്‌കൂളിന് 200 മീറ്റര്‍ അപ്പുറത്തുള്ള സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെയും അക്രമം അഴിച്ചുവിട്ടു.പാര്‍ട്ടി ഓഫിസിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ഇതിനിടെ ഇരു പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘം തിരിഞ്ഞ് കല്ലേറ് നടത്തി. സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെയും കല്ലേറുണ്ടായി.
Next Story

RELATED STORIES

Share it