Flash News

വണ്ടിച്ചെക്ക് കേസുകളില്‍ ഇടക്കാല നഷ്ടപരിഹാരം: ബില്ല് പാസാക്കി

ന്യൂഡല്‍ഹി: വണ്ടിച്ചെക്ക് കേസുകളില്‍ അന്തിമ കോടതിവിധി വരുന്നതിനുമുമ്പുതന്നെ ആരോപണവിധേയരില്‍ നിന്ന് ഇടക്കാല നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിക്ക് ലോക്‌സഭ അംഗീകാരം നല്‍കി.
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്് (ഭേദഗതി) ബില്ല് 2017 ആണ് സഭ ഇന്നലെ പാസാക്കിയത്.ചെക്കില്‍ ഒപ്പുവച്ചയാള്‍, ചെക്കില്‍ രേഖപ്പെടുത്തിയ തുകയുടെ 20 ശതമാനമാണ് പരാതിക്കാര്‍ക്ക് ഇടക്കാല നഷ്ടപരിഹാരമായി നല്‍കേണ്ടത്. നിലവില്‍ ആരോപണവിധേയര്‍ നല്‍കിയത് വണ്ടിച്ചെക്കാണെന്ന് കോടതി കണ്ടെത്തിയശേഷം പരാതിക്കാര്‍ക്ക് മുഴുവന്‍ തുകയും ഒന്നിച്ചുനല്‍കുകയാണു ചെയ്യുന്നത്.
എന്നാല്‍, പുതിയ ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ ഇടക്കാല നഷ്ടപരിഹാരം നല്‍കുന്നതിനുള്ള കോടതിയുടെ നിര്‍ദേശം വന്ന് 60 ദിവസത്തിനുള്ളില്‍ തുകയുടെ 20 ശതമാനം പരാതിക്കാര്‍ക്കു നല്‍കണം. പരാതിപ്രകാരമുള്ള തട്ടിപ്പ് ശരിയാണെന്ന് കോടതി കണ്ടെത്തിയാല്‍ ബാക്കി തുകയും കൈമാറും.ആരോപണവിധേയരെ വെറുതെവിട്ടുകൊണ്ടാണ് കോടതിയുടെ ഉത്തരവെങ്കില്‍ പരാതിക്കാര്‍ ഈ തുക തിരികെ നല്‍കണമെന്നും വ്യവസ്ഥ ചെയ്യുന്നു.
കോടതികളില്‍ ഇത്തരം കേസുകള്‍ കെട്ടിക്കിടക്കുകയാണെന്നും പരിഹാരത്തിന് കാലതാമസം വരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി അവതരിപ്പിച്ചത്. കീഴ്‌ക്കോടതികളില്‍ 16 ലക്ഷവും ഹൈക്കോടതികളില്‍ 35,000ഉം വണ്ടിച്ചെക്ക് കേസുകള്‍ കെട്ടിക്കിടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കേസുകളിലെ കാലതാമസം പരാതിക്കാരോട് ചെയ്യുന്ന അനീതിയാണെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
ചെക്ക് കേസുകളില്‍ പെടുന്നവരില്‍നിന്ന് അവര്‍ക്കെതിരായ പരാതി സത്യമാണോയെന്ന് തീരുമാനിക്കുന്നതിനു മുമ്പുതന്നെ ഇടക്കാല നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നിയമനിര്‍മാണത്തിനെതിരേ പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.
കൊള്ളപ്പണക്കാര്‍ക്കും സ്വകാര്യ പണമിടപാടുകാര്‍ക്കും വേണ്ടി സര്‍ക്കാര്‍ നിരത്തുന്ന വാദമുഖങ്ങള്‍ അപലപനീയമാണെന്നും ഈ ബില്ല് തന്നെ നിയമവിരുദ്ധമാണെന്നും സിപിഎം എംപി എ സമ്പത്ത് പറഞ്ഞു. സാധാരണക്കാര്‍ക്ക് നിയമത്തിന്റെ നൂലാമാലകളുടെ ഭാരം വര്‍ധിപ്പിക്കാനേ നിയമനിര്‍മാണം കാരണമാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it