Cricket

വണ്ടര്‍ കോഹ്‌ലി; ഇന്ത്യ ശക്തമായ നിലയില്‍

വണ്ടര്‍ കോഹ്‌ലി; ഇന്ത്യ ശക്തമായ നിലയില്‍
X


ന്യൂഡല്‍ഹി: ഇന്ത്യയുടെ വീര നായകന്‍ ഇരട്ടച്ചങ്കോടെ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഏഴ് വിക്കറ്റിന് 536 എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക രണ്ടാം ദിനം കളി പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 131 എന്ന നിലയിലാണുള്ളത്. ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 405 റണ്‍സിന് പിന്നിലാണ് ശ്രീലങ്കയുള്ളത്. രണ്ടാം ദിനം നാല് വിക്കറ്റിന് 371 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കുവേണ്ടി രോഹിത് - കോഹ്‌ലി സഖ്യം ഉജ്ജ്വല കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കി വിരാട് കോഹ്‌ലി (243) കളം വാണപ്പോള്‍ അര്‍ധ സെഞ്ച്വറിയോടെ  രോഹിത് ശര്‍മ (65) മികച്ച പിന്തുണ നല്‍കി. ഒടുവില്‍ സണ്ടകന്റെ പന്തില്‍ രോഹിത് ശര്‍മ അഞ്ചാമനായി ക്രീസ് വിടുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 500 റണ്‍സ് എന്ന മികച്ച നിലയിലെത്തിയിരുന്നു. തൊട്ടുപിന്നാലെ എത്തിയ രവിചന്ദ്ര അശ്വിന്‍ (4) വന്നതുപോലെ മടങ്ങി. ഗമേഗയ്ക്കാണ് വിക്കറ്റ്. ഇരട്ട സെഞ്ച്വറിയുമായി കുതിക്കുകയായിരുന്നു കോഹ്‌ലി സണ്ടകന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ഏഴിന് 523 എന്ന നിലയിലായിരുന്നു. 287 പന്തുകള്‍ നേരിട്ട് 25 ഫോറുകള്‍ പറത്തിയാണ് കോഹ്‌ലിയുടെ ഇരട്ട സെഞ്ച്വറി പ്രകടനം. കോഹ്‌ലി മടങ്ങി അധികം വൈകാതെ ഇന്ത്യ 127.5 ഓവറില്‍ ഏഴ് വിക്കറ്റിന് 536 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വൃധിമാന്‍ സാഹ (9), രവീന്ദ്ര ജഡേജ (5) എന്നിവര്‍ പുറത്താവാതെ നിന്നു. ഡല്‍ഹിയിലെ വായുമലിനീകരണത്തെത്തുടര്‍ന്ന് മാസ്‌ക്കണിഞ്ഞാണ് ശ്രീലങ്കന്‍ താരങ്ങള്‍ ഫീല്‍ഡിങിനിറങ്ങിയത്.ശ്രീലങ്കയ്ക്ക് വേണ്ടി സണ്ടകന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഗമേഗ രണ്ടും ദില്‍റൂവന്‍ പെരേര ഒരു വിക്കറ്റും സ്വന്തമാക്കി.ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ ഓവറില്‍ത്തന്നെ പ്രഹരമേറ്റു. അക്കൗണ്ട് തുറക്കും മുമ്പേ കരുണരത്‌നയെ മുഹമ്മദ് ഷമി സാഹയുടെ കൈകളിലെത്തിച്ചു. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ധനഞ്ജയ് ഡി സില്‍വയെ ഇഷാന്തും (1) മടക്കിയതോടെ ശ്രീലങ്ക തകര്‍ച്ചയെ മുന്നില്‍ക്കണ്ടു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഏയ്ഞ്ചലോ മാത്യൂസും (57*) ദില്‍റൂവന്‍ പെരേരയും (42) ചേര്‍ന്ന് ശ്രീലങ്കയെ രക്ഷിക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറിയിലേക്കടുക്കവെ പെരേരയെ ജഡേജ എല്‍ബിയില്‍ കുരുക്കിമടക്കി. നാലാം വിക്കറ്റില്‍ ലങ്കന്‍ നായകന്‍ ദിനേഷ് ചണ്ഡിമാലും (25*) ഭേദപ്പെട്ട നിലയില്‍ ബാറ്റുവീശിയപ്പോള്‍ കൂടുതല്‍ അപകടം വരാതെ ശ്രീലങ്ക രണ്ടാം ദിനം മൂന്നിന് 131 എന്ന നിലയില്‍ കളിയവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യക്കുവേണ്ടി ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
Next Story

RELATED STORIES

Share it