thrissur local

വട്ടിപ്പലിശക്കാര്‍ പിടിമുറുക്കുന്നു; മല്‍സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

ചാവക്കാട്: മല്‍സ്യ ലഭ്യത കുറഞ്ഞതോടെ തീരദേശ മേഖലയിലെ ആയിരക്കണക്കിന് മല്‍സ്യതൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തില്‍. ഇതോടെ മേഖലയില്‍ വട്ടിപ്പലിശ സംഘം സജീവമായി. തമിഴ്‌നാട്ടുകാരടക്കം നിരവധി വട്ടിപ്പലിശക്കാരാണ് ഇപ്പോള്‍ തീരദേശ മേഖലയില്‍ പിടിമുറുക്കിയിട്ടുള്ളത്.
മധ്യകേരളത്തിലെ പ്രധാന മല്‍സ്യബന്ധന കേന്ദ്രങ്ങളിലൊന്നായ ചാവക്കാട്ട് ഇത്തവണ ആഗസ്ത് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഒന്നോ രണ്ടോ തവണയാണ് ഭേദപ്പെട്ട തോതില്‍ മല്‍സ്യം ലഭിച്ചത്. വറുതിയുടെ കയത്തില്‍ അമരുന്ന തീരമേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുമെന്ന പ്രതീക്ഷയിലാണ് വലിയ മല്‍സ്യബന്ധന സീസണ്‍ ആരംഭിച്ചത്.
തദ്ദേശീയര്‍ക്ക് പുറമെ തെക്കന്‍ ജില്ലകളില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും നൂറുകണക്കിന് മല്‍സ്യബന്ധന വഞ്ചികളും ഇവിടെയെത്തിയിരുന്നു. എന്നാല്‍ ആഴക്കടലില്‍ വിദേശ കപ്പലുകളും വലിയ ബോട്ടുകളും വന്‍മീനുകള്‍ അരിച്ച് പിടിക്കാന്‍ തുടങ്ങിയതോടേയാണ് പരമ്പരാഗത മല്‍സ്യ ബന്ധനതൊഴിലാളി—ക്ക് മല്‍സ്യം ലഭിക്കാതായതെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതോടെ കടലില്‍നിന്ന് കരയ്ക്കണയുമ്പോള്‍ വഞ്ചിയുടെ കള്ളികള്‍ നിറയെ വന്‍ മല്‍സ്യം ലഭിച്ചിരുന്ന കാലം ഒഴുക്കുവലക്കാര്‍ക്ക് ഓര്‍മ്മ മാത്രമായി.
മല്‍സ്യക്കുറവു മൂലം ഒഴുക്കുപണി ക്രമേണ തങ്ങ് പണിയായി. കടലില്‍ ദിവസങ്ങളോളം കിടന്ന് മല്‍സ്യം പിടിക്കുന്ന അവസ്ഥ. ഒരാഴ്ചയോളം കടലില്‍ തങ്ങിയാണ് പരമ്പരാഗത തൊഴിലാളികള്‍ ഇപ്പോള്‍ മല്‍സ്യബന്ധനം നടത്തുന്നത്. ഏകദേശം ഒരാഴ്ചത്തെ പണിയ്ക്ക് പോകാന്‍ 30,000 രൂപ ചെലവ് വരിക. മല്‍സ്യം കിട്ടാതെ തിരികെ വരുമ്പോള്‍ ഇത് കടത്തിന്റെ പട്ടികയില്‍ ഇടം പിടിക്കും.
മാസങ്ങളോളം പണിയ്ക്ക് പോയി ഒഴിഞ്ഞ വഞ്ചികളുമായി കരയ്ക്കണഞ്ഞതിന്റെ ഫലമായി ഇപ്പോല്‍ ഓരോ വഞ്ചിക്കാരും ലക്ഷക്കണക്കിന് രൂപയുടെ കടക്കാരായിരിക്കയാണ്. ഇതുമൂലം ഒട്ടുമിക്ക വഞ്ചിക്കാരും പണിയ്ക്ക് പോവാതെ വഞ്ചികള്‍ കടപ്പുറങ്ങളില്‍ കയറ്റി വെച്ചിരിക്കയാണ്. ഈ അവസരം മുതലെടുത്താണ് വട്ടിപ്പലിശക്കാര്‍ പിടിമുറുക്കിയത്. ഇപ്പോള്‍ വട്ടിപ്പലിശക്കാരുടെ കനിവിലാണ് തൊഴിലാളികളുടെ വീടുകളിലെ അടുപ്പുകള്‍ പുകയുന്നത്. കടം കയറി ആത്മഹത്യാമുനമ്പിലാണ് ഈ മേഖലയിലെ പതിനായിരക്കണക്കിന് വരുന്ന തൊഴിലാളികള്‍.
Next Story

RELATED STORIES

Share it