thrissur local

വട്ടണാത്ര-പച്ചളിപ്പുറം പാടശേഖരത്തില്‍ വെള്ളം കയറി പച്ചക്കറി കൃഷി നശിക്കുന്നു

പുതുക്കാട്: വട്ടണാത്ര-പച്ചളിപ്പുറം പാടശേഖരത്തില്‍ വെള്ളം കയറി ഏക്കര്‍ കണക്കിന് പച്ചക്കറി കൃഷി നശിക്കുന്നു. ചീപ്പിന്റെ വശങ്ങള്‍ തകര്‍ന്നതാണ് പീച്ചി ഡാമില്‍ നിന്നു തുറന്നുവിട്ട വെള്ളം പാടത്തേക്ക് കയറാന്‍ കാരണമായത്. ഇതുമൂലം വേനലില്‍ പാടശേഖരത്തില്‍ ഇറക്കിയ ഭൂരിഭാഗം പച്ചക്കറി കൃഷിയും വെള്ളം കയറി നശിച്ചു.
വട്ടണാത്ര-പച്ചളിപ്പുറം പാടശേഖരത്തിലെ നൂറിലേറെ കര്‍ഷകരാണ് വിവിധ പച്ചക്കറികള്‍ കൃഷിയിറക്കിയിരിക്കുന്നത്. തോട്ടുരുത്തി തോടില്‍ സ്ഥിതി ചെയ്യുന്ന ചീപ്പിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് വെള്ളം പാടത്തേക്കാണ് കയറുന്നത്. കൃഷിഭവനില്‍ നിന്നു ലഭിച്ച വിത്ത് ഉപയോഗിച്ച് ഇറക്കിയ പയര്‍ കൃഷി പൂര്‍ണമായും വെള്ളത്തിനടിയിലായി. സമീപത്തെ പറമ്പുകളിലെ നേന്ത്രവാഴ തോട്ടങ്ങളിലെ കാനകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതുമൂലം വാഴ കൃഷിയും നാശത്തിന്റെ വക്കിലാണ്. കപ്പ, വഴുതന, വെണ്ട, മത്തന്‍ തുടങ്ങിയ കൃഷിയും വെള്ളക്കെട്ട് ഭീഷണിയിലാണ്.
പത്ത് വര്‍ഷം മുന്‍പ് നിര്‍മിച്ച ചീപ്പാണ് ശോചനീയാവസ്ഥയിലായിരിക്കുന്നത്. ചീപ്പിനോട് ചേര്‍ന്ന് തോടിന്റെ വശങ്ങള്‍ കരിങ്കല്‍ കെട്ടിയ ഭാഗം തകര്‍ന്നതോടെയാണ് ചീപ്പിന് ബലക്ഷയം സംഭവിച്ചിരിക്കുന്നത്. ചീപ്പിനോട് ചേര്‍ന്നുള്ള തോടിന്റെ നാലു വശവും നൂറ് മീറ്റര്‍ നീളത്തില്‍ കരിങ്കല്‍ ഭിത്തികെട്ടി സംരക്ഷിക്കുകയും, പാടശേഖരത്തിലേക്ക് ചീപ്പില്‍ നിന്നു ചെറിയ കോണ്‍ക്രീറ്റ് തോട് നിര്‍മിക്കുകയും ചെയ്താല്‍ മാത്രമാണ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുകയൂവെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. ചീപ്പില്‍ ഷട്ടറില്ലാത്ത കാരണം വെള്ളം പുഴയിലേക്ക് ഒഴുകിപ്പോകുകയാണ്.
ചീപ്പില്‍ വെള്ളം നിയന്ത്രിക്കാന്‍ സ്ഥാപിച്ചിരുന്ന മരപ്പലകകള്‍ പലതും നശിച്ചുപോയതാണ് ഡാമില്‍ നിന്നു തുറന്നു വിടുന്ന വെള്ളം തടഞ്ഞു നിര്‍ത്താന്‍ കഴിയാത്തത്. പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കണമെന്നും ചീപ്പ് അറ്റകുറ്റപണി നടത്തണമെന്നും ആവശ്യപ്പെട്ട് കര്‍ഷകര്‍ പലതവണ പഞ്ചായത്തിന്റെയും കൃഷിവകുപ്പ് അധികൃതരുടെയും മുന്‍പില്‍ പരാതിയുമായി എത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്.
വേനലില്‍ ജലക്ഷാമം പരിഹരിക്കുന്നതിനായി ഡാമില്‍നിന്നു തുറന്നുവിടുന്ന വെള്ളം ഒഴുക്കിക്കളയാതെ തടഞ്ഞുനിര്‍ത്തിയാല്‍ പൂക്കോട് പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിനും ഒരു പരിധിവരെ പരിഹാരമാകും. പ്രദേശത്തെ കാര്‍ഷികമേഖലയ്ക്കും കുടിവെള്ള പ്രശ്‌നത്തിനും ശാശ്വത പരിഹാരം കാണണമെങ്കില്‍ പടുക്കപറമ്പ് ചീപ്പിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇതിനിടെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി ബജറ്റില്‍ മാറ്റിവെച്ച ഫണ്ട് വകമാറ്റി ചിലവഴിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നതായി കര്‍ഷകര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it