ernakulam local

വട്ടക്കാട്ടുപടിയില്‍ പാടം മണ്ണിട്ട് നികത്തുന്നതായി പരാതി

പെരുമ്പാവൂര്‍: വട്ടക്കാട്ടുപടിയില്‍ പാടം മണ്ണിട്ടു നികത്തുന്നതായി പരാതി. രായമംഗലം പഞ്ചായത്തിലെ പെരുമ്പാവൂര്‍ വില്ലേജില്‍പെട്ട ബ്ലോക്ക് 18ലെ 32/8/2/3 സര്‍വെ നമ്പറിലുള്ള പൂവ് കൃഷി ചെയ്യുന്ന പാടമാണ് മണ്ണിട്ട് നികത്തുന്നത്.
നാലുവര്‍ഷം മുമ്പ് സ്ഥലം വാങ്ങിയപ്പോള്‍തന്നെ മണ്ണിട്ടു നികത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.
നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇതില്‍നിന്നും ഉടമകള്‍ പിന്‍മാറുകയാണുണ്ടായത്. പ്രദേശത്തെ റെസിഡന്റ്‌സ് അസോസിയേഷന്‍ പെരുമ്പാവൂര്‍ വില്ലേജ് ഓഫിസര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വില്ലേജധികൃതര്‍ അന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
ഇപ്പോള്‍ സ്ഥലയുടമ ടിപ്പര്‍ ലോറികളില്‍ മണ്ണ് കൊണ്ടുവന്ന് നിക്ഷേപിക്കാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്ന് നാട്ടുകാരും പാടശേഖര സമിതിയും ഇടപ്പെട്ട് തടഞ്ഞിരിക്കുകയാണ്.
റെസിഡന്റ്‌സ് അസോസിയേഷന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫിസര്‍ 2008ലെ കേരള നെല്‍വയല്‍, തണ്ണീര്‍തട സംരക്ഷണ നിയമപ്രകാരം സ്റ്റോപ്പ് മെമ്മോ നല്‍കി.
ഇത് അവഗണിച്ചുകൊണ്ട് സ്ഥല ഉടമ ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെ മണ്ണടിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വിവരം വില്ലേജ് ഓഫിസറേയും തഹസില്‍ദാരേയും അറിയച്ചപ്പോള്‍ മണ്ണുമായി വരുന്ന വാഹനങ്ങള്‍ തടഞ്ഞിട്ട് പോലിസിനെ വിവരം അറിയിക്കാനായിരുന്നു മറുപടി ലഭിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. സ്‌റ്റോപ്പ് മെമ്മോ അവഗണിച്ചുകൊണ്ട് പാടം നികത്തുന്ന ഉടമക്കെതിരേ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രദേശത്തെ കുറുന്തുരുത്തി പാടശേഖരമുള്‍പ്പടെ ഭൂമാഫിയ മണ്ണിട്ടു നികത്തുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it