malappuram local

വട്ടംകുളത്തെ കോണ്‍ഗ്രസ്സില്‍ കലാപക്കൊടി ഉയരുന്നു

വട്ടംകുളത്തെ കോണ്‍ഗ്രസ്സില്‍
കലാപക്കൊടി ഉയരുന്നുഎടപ്പാള്‍: യുഡിഎഫ് ഭരിക്കുന്ന വട്ടംകുളം സര്‍വീസ് സഹകരണ ബാങ്കില്‍ അടുത്തു നടക്കാനിരിക്കുന്ന ഭരണ സമിതി തിരഞ്ഞെടുപ്പിനെയും ബാങ്കില്‍ വിവിധ ജോലികള്‍ക്കായി നടത്തിയ താല്‍ക്കാലിക നിയമനത്തെച്ചൊല്ലിയും കോണ്‍ഗ്രസ്സില്‍ കലാപക്കൊടി ഉയരുന്നു. മൂന്നു ദിവസം മുമ്പ് താല്‍ക്കാലികമായി ജോലിക്ക് ഒരു വനിതയെ നിയമിച്ചതോടെയാണു വര്‍ഷങ്ങളായി ഇരു ഗ്രൂപ്പുകള്‍ തമ്മിലുണ്ടായിരുന്ന വിഭാഗീയത മറനീക്കി പുറത്തുവന്നത്. വിഭാഗീയത രൂക്ഷമായതോടെ ബാങ്കിന്റെ ഹെഡ്ഡ് ഓഫിസിലും വിവിധ ബ്രാഞ്ചുകളിലുമായി താല്‍ക്കാലികമായി ജോലി ചെയ്തുവന്ന അഞ്ചു ജീവനക്കാരെ പിരിച്ചുവിടാന്‍ ഭരണസമിതി തീരുമാനിച്ചു.
ഇതേ തുടര്‍ന്ന് പൊന്നാനി സഹകരണ രജിസ്ട്രാറാണു ജീവനക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. ബാങ്കിന്റെ നിലവിലെ ഭരണ സമിതിയുടെ കാലാവധി തീരാനിരിക്കെ പുതിയ ഭരണ സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുകയാണ്.
മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും ഐ ഗ്രൂപ്പില്‍ വക്താവുമായ വ്യക്തിയെ ബാങ്കിന്റെ ഭരണ സമിതി അംഗമാക്കണമെന്ന ആവശ്യമാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. ഈ ആവശ്യമുയര്‍ന്നതോടെ അര്‍ഹതയില്ലാത്ത പലരും ബാങ്കില്‍ താല്‍ക്കാലിക ജീവനക്കാരായി കയറിയിട്ടുണ്ടെന്നും അവരെ ഒഴിവാക്കണമെന്നുമുള്ള വാദവുമായി ഒരുവിഭാഗം രംഗത്തുവരികയായിരുന്നു.
കഴിഞ്ഞ നാലു ദിവസമായി പാര്‍ട്ടി നേതൃത്വം ഇടപെട്ട് ഒട്ടേറെ അനുരഞ്ജനയോഗങ്ങള്‍ വിളിച്ചു ചേര്‍ത്തെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണറിയുന്നത്. ഐ ഗ്രൂപ്പിന് പിന്തുണയുമായി മുസ്‌ലിംലീഗിലെ ഒരുവിഭാഗവും രംഗത്തുണ്ട്.
അതിനിടെ ഇപ്പോള്‍ ബാങ്ക് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മുസ്‌ലിംലീഗില്‍ നിന്നും പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്കു വേണമെന്ന ആവശ്യവും കോണ്‍ഗ്രസിലെ ഐ വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. ഐ ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെങ്കില്‍ പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നാണ് ഐ വിഭാഗം നേതാക്കള്‍ പറയുന്നത്.
Next Story

RELATED STORIES

Share it