malappuram local

വട്ടംകുളം സഹകരണ ബാങ്ക്അനധികൃത നിയമനം: അന്വേഷണം ആരംഭിച്ചു

എടപ്പാള്‍: വട്ടംകുളം സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന അനധികൃത നിയമനത്തെക്കുറിച്ച് സഹകരണ അസി. രജിസ്ട്രാര്‍ അന്വേഷമാരംഭിച്ചു. ബാങ്കില്‍ നടന്ന അനധികൃത നിയമനങ്ങളെ സംബന്ധിച്ചു ലഭിച്ച പരാതിയിലാണ് അന്വേഷണം. പ്രാരംഭഘട്ടമെന്ന നിലയില്‍ ബാങ്ക് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചുകൊണ്ടുള്ള നോട്ടീസ് നല്‍കിക്കഴിഞ്ഞു. യുഡിഎഫ് ഭരിക്കുന്ന ബാങ്കില്‍ വിവിധ കാലഘട്ടങ്ങളിലായി അഞ്ചുപേരെയാണ് താല്‍ക്കാലിക ജീവനക്കാരായി നിയമിച്ചിരുന്നത്. എന്നാല്‍, താല്‍ക്കാലിക നിയമനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാന സഹകരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതോടെ ഈ അഞ്ച് പേരെയും ബാങ്കില്‍നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍, മാസങ്ങള്‍ക്കു ശേഷം ഒഴിവാക്കിയവരില്‍ രണ്ടുപേരെ വീണ്ടും നിയമിക്കുകയായിരുന്നു. ഈ നിയമനത്തെ ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സഹകരണ വകുപ്പു മന്ത്രിക്കും സഹകരണ സംഘം സംസ്ഥാന രജിസ്ട്രാര്‍ക്കും പൊന്നാനി താലൂക്ക് സഹകരണ സംഘം അസി.രജിസ്ട്രാര്‍ക്കും പരാതി നല്‍കിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹകരണ അസി.രജിസ്ട്രാര്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ബാങ്ക് ഭരണസമിതിയിലെ കോണ്‍ഗ്രസിനുള്ളില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഗ്രൂപ്പ് വടംവലിയാണ് പരാതിക്കടിസ്ഥാനമായിട്ടുള്ളത്. നേരത്തെ ബാങ്ക് ഭരണ സമിതിയിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പല പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
അവസാനം പാര്‍ട്ടി നേതൃത്വം ഇടപെട്ട് ചില ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് വിമതര്‍ മല്‍സര രംഗത്തുനിന്ന് പിന്‍മാറിയത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ ചില തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പിന്നീട് പാര്‍ട്ടി നേതൃത്വവും യുഡിഎഫ് നേതൃത്വവും തയ്യാറായില്ലെന്നാരോപിച്ചായിരുന്നു അനധികൃത നിയമനത്തെ ചോദ്യം ചെയ്തുകൊണ്ട് സഹകരണ മന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it