Kottayam Local

വടവാതൂര്‍: നഗരസഭാ കൗണ്‍സില്‍ തീരുമാനമാവാതെ പിരിഞ്ഞു

കോട്ടയം: വടവാതൂര്‍ മാലിന്യ നിക്ഷേപ കേന്ദ്രത്തിലെ പഴയ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടു നഗരസഭാ കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല.
വിജയപുരം പഞ്ചായത്ത് അധികൃതര്‍ നഗരസഭയുടെ ഉദാസീന മനോഭാവത്തിനെതിരേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍ പരസ്പരം പോരടിച്ച് നഗരസഭാ കൗണ്‍സിലര്‍മാര്‍ സമയം കളഞ്ഞു.
ഒടുവില്‍ തീരുമാനമൊന്നുമാവാതെ കൗണ്‍സില്‍ യോഗം പിരിയുകയും ചെയ്തു. വടവാതൂര്‍ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്ന് പഴയ മാലിന്യം കോട്ടയം നഗരസഭ നീക്കം ചെയ്യാത്തതില്‍ െൈഹക്കോടതി കഴിഞ്ഞ ദിവസം നീരസം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വടവാതൂര്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, റാംകി കമ്പനിയുടെ മുന്‍ കണ്‍സള്‍ട്ടന്റ് രഘു ആര്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
അസൗകര്യം മൂലം മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതു വിമര്‍ശനത്തിനു കാരണമായി. വടവാതൂര്‍ മാലിന്യ പ്ലാന്റ്ുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ നഗരസഭയുടെ അലംഭാവം മൂലം റാംകി കമ്പനി ലക്ഷങ്ങള്‍ കൊണ്ടുപോയതായും പ്രതിപക്ഷ അംഗം അഡ്വ. ഷീജ അനില്‍ ആരോപിച്ചു. ഇനി വടവാതൂരിലേക്കു മാലിന്യം കൊണ്ടുവന്ന് ജനങ്ങളെ ദുരിതത്തിലാക്കരുതെന്നും കെട്ടിക്കിടക്കുന്ന മാലിന്യം ഇവിടെ നിന്ന് ഉടന്‍ നീക്കണമെന്നും വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, വൈസ് പ്രസിഡന്റ് ബൈജു ചെറുകോട്ടയില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ റോയി ജോണ്‍ ഇടയത്തറ, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പോള്‍സണ്‍ പീറ്റര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാത്ത നഗരസഭയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി സിസി ബോബി പറഞ്ഞു. വിഷയം പരിഹരിക്കാന്‍ എന്തെങ്കിലും പദ്ധതി നഗരസഭ തയ്യാറാക്കിയിരിക്കും എന്ന ചിന്തയോടെയാണ് യോഗത്തിലേക്കു വന്നതെന്നും സിസി പറഞ്ഞു. മാലിന്യം കൊണ്ടു വന്നു ജനങ്ങളെ ദുരിതത്തിലാക്കരുതെന്നു ബൈജു ചെറുകോട്ടയിലിന്റെ അഭിപ്രായത്തിന്റെ പേരില്‍ ബൈജും കൗണ്‍സിലര്‍ ഷീജ അനിലും തമ്മില്‍ വാക്കേറ്റമുണ്ടായി.
വടവാതൂര്‍ വിഷയവുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പില്‍ തന്നെ വീഴ്ചകളുണ്ടായതായി കൗണ്‍സിലര്‍ എംപി സന്തോഷ് കുമാര്‍ പറഞ്ഞു.
ശത്രുതാ മനോഭാവമില്ലാതെ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കുകയാണ് വേണ്ടതെന്നു ടിസി റോയി പറഞ്ഞു. വടവാതൂര്‍ ഡപിങ്ങ് യാര്‍ഡ് സ്ഥിതി ചെയ്യുന്ന സ്ഥലം നഗരസഭയുതേട തന്നെയാണെന്നും പ്രശ്‌നത്തിനു ശാശ്വത പരിഹാരമുണ്ടാവുകയാണ് വേണ്ടതെന്നും ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന പറഞ്ഞു.
Next Story

RELATED STORIES

Share it