palakkad local

വടവന്നൂര്‍ പഞ്ചായത്തില്‍ ഉദ്യോഗസ്ഥരും ഭരണസമിതി അനുകൂലികളും തമ്മില്‍ കൈയാങ്കളി

കൊല്ലങ്കോട്: വടവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ അധിക്ഷേപിച്ചെന്നാരോപിച്ച് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. വൃദ്ധരായവര്‍ക്ക് കട്ടില്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വടവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈരന്ദ്രി മോഹന്‍ദാസിനെ അസി.സെക്രട്ടറി ചുരത്തില്‍ ഗംഗ അധിക്ഷേപിച്ചെന്നാരോപിച്ചാണ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ഉദ്യോഗസ്ഥയെ തടഞ്ഞുവച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3ഓടെയാണ് സംഭവം. കട്ടില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്നുള്ള പ്രശ്‌നത്തില്‍ പ്രസിഡന്റ് ഇടപെടുകയും അസി.സെക്രട്ടറിയോട് കട്ടില്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതംഗീകരിക്കില്ലെന്ന നിലപാട് അസി.സെക്രട്ടറി എടുത്തതോടെ വാക്കേറ്റമാവുകയും സംഭവം കൈയ്യങ്കാളിയിലെത്തുകയുമായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റിനെ എതിര്‍ത്ത അസി.സെക്രട്ടറിക്കെതിരേ നടപടിയെടുക്കും വരെ സമരത്തില്‍ നിന്നും പിന്തിരിയില്ലെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. കൊല്ലങ്കോട് എസ്‌ഐ അനീഷ് സ്ഥലത്തെത്തിയെങ്കിലും പരിഹാരമുണ്ടായില്ല. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ പി ബി ഉഷയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ചര്‍ച്ച നടത്തി.  31 വരെ സെക്രട്ടറി ജോലികള്‍ ചെയ്തു തീര്‍ക്കുമെന്നും ശേഷം ദീര്‍ഘ അവധിയില്‍ പ്രവേശിക്കുമെന്ന് സെക്രട്ടറി എല്‍സി ജ്യോതി അറിയിച്ചു.
എന്നാല്‍, താന്‍ അവധിയില്‍ പ്രവേശിക്കില്ലെന്ന് അസി.സെക്രട്ടറി പറഞ്ഞതോടെ സമരക്കാര്‍ ബഹളം വച്ചു. പ്രസിഡന്റ് അധികാരം ഉപയോഗിച്ച് അസി.സെക്രട്ടറിക്കെതിരേ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുമെന്ന തീരുമാനത്തില്‍ സമരം അവസാനിപ്പിച്ചു.അസി.സെക്രട്ടറിയെ പോലിസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു.
Next Story

RELATED STORIES

Share it