വടയമ്പാടി പോലിസ് ഭീകരത ദലിതരോടുള്ള സര്‍ക്കാര്‍ നയം

ന്യൂഡല്‍ഹി: വടയമ്പാടി പോലിസ് ഭീകരതയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ദലിത് നേതാവും ഗുജറാത്ത്  എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി. വടയമ്പാടിയിലെ സമരപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ പോലിസ് അതിക്രമം ദലിതരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയമാണ് വ്യക്തമാക്കുന്നതെന്ന് ജിഗ്‌നേഷ് പറഞ്ഞു. സംഭവം അപലപനീയമാണ്. വടയമ്പാടിയിലേത് ദലിതരുടെ ഭൂ അവകാശങ്ങള്‍ക്കു വേണ്ടിയും പോലിസ് രാജിനും ദലിതര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കുമെതിരേയും സംഘടിപ്പിക്കപ്പെട്ട ഒന്നാണ്. സവര്‍ണ സംഘടനയായ എന്‍എസ്എസിന്റെ ജാതി മതിലിനെതിരേ കൂടിയാണ് കണ്‍വന്‍ഷന്‍ നടന്നത്.  സമാധാനപരമായും ജനാധിപത്യപരമായും നടന്ന ആ സമരത്തെ പോലിസ് നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തിയത് എന്ത് കാരണത്താല്‍ ആണെന്ന്  കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം നല്‍കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുത്വ ഫാഷിസ്റ്റ്് ശക്തികളുമായി ഇടത് സര്‍ക്കാര്‍ അവിശുദ്ധ കൂട്ടുകെട്ടിലാണെന്ന് പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും, ഇത്തരത്തിലുള്ള ഇടത് സര്‍ക്കാര്‍ നടപടി ദലിത്- ഇടത് ഐക്യത്തെ തകര്‍ക്കുമെന്നും ജിഗ്‌നേഷ് കൂട്ടിചേര്‍ത്തു.അതേസമയം, വടയമ്പാടിയില്‍ പോലിസ് അതിക്രമത്തെ തുടര്‍ന്ന് മുടങ്ങിയ ദലിത് സ്വാഭിമാന കണ്‍വന്‍ഷന്‍ പുനരാരംഭിച്ചു. വടയമ്പാടിയില്‍ ജാതിമതിലിനെതിരായി പോരാടുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചാണ് സ്വാഭിമാന കണ്‍വന്‍ഷന്‍ വീണ്ടും നടക്കുന്നത്. രാവിലെ 11 ഓടെ ആദ്യം പരിപാടി ആരംഭിച്ചെങ്കിലും പോലിസ് - സംഘപരിവാര ആക്രമണത്തെ തുടര്‍ന്ന് തടസ്സപ്പെടുകയായിരുന്നു.  സംഘര്‍ഷം സൃഷ്ടിക്കാന്‍ സ്വാഭിമാന കണ്‍വന്‍ഷനെതിരേ മുദ്രാവാക്യം വിളികളുമായി അമ്പതോളം സംഘപരിവാര പ്രവര്‍ത്തകരെത്തുകയും പോലിസ് ഇവര്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയുമായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ തടയാന്‍ ശ്രമിക്കുന്നതിനു പകരം അവരെ സഹായിച്ച പോലിസ് അനുമതിയില്ലെന്നു പറഞ്ഞ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത സാമൂഹിക പ്രവര്‍ത്തരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലിസിന്റെയും ആര്‍എസ്എസിന്റേയും വിലക്ക് ലംഘിച്ച് നിരവധി പേരാണ് ദലിത് ആത്മാഭിമാന കണ്‍വന്‍ഷന് എത്തിച്ചേര്‍ന്നത്. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച പോലിസുകാര്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന റിപോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അഞ്ചോളം സമരാനുകൂലികളെ അതിക്രൂരമായാണ് മര്‍ദിച്ചത്.
Next Story

RELATED STORIES

Share it