Breaking News

വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം പറയണമെന്ന് ജിഗ്‌നേഷ് മേവാനി

വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം പറയണമെന്ന് ജിഗ്‌നേഷ് മേവാനി
X
പുത്തന്‍കുരിശ്: വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമര പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ദളിത് സമരനേതാവ് ജിഗ്‌നേഷ് മേവാനി.

വടയമ്പാടിയില്‍ സംഭവിച്ചത് അപലപനീയമാണെന്നും ദളിത് പ്രക്ഷോഭങ്ങള്‍ക്കെതിരായ പൊലിസിന്റെ നടപടി വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാണെന്നും ജിഗ്‌നേഷ് പറഞ്ഞു.

എന്തിന്റെ പേരിലാണ് പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം പറയണമെന്നും ജിഗ്‌നേഷ് പറയുന്നു. പൊലീസ് രാജിനും ദളിത് അതിക്രമങ്ങള്‍ക്കുമെതിരെ ദളിത് ലാന്റ് റൈറ്റ് ഫ്രന്റ് സംഘടിപ്പിച്ചതാണ് വടയമ്പാടിയിലെ ദളിത് ആത്മാഭിമാന കണ്‍വെന്‍ഷനെന്നും എന്‍എസ്എസിന്റെ ജാതി മതിലിനുമെതിരെയുമാണ് കണ്‍വെന്‍ഷനെന്നും അദ്ദേഹം പറയുന്നു.

ജനാധിപത്യപരമായും സമാധാനപരമായും നടന്ന സമരത്തെ പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നുവെന്നും ആര്‍എസ്എസിന്റേയും ഹിന്ദു ഐക്യവേദിയുടേയും പ്രവര്‍ത്തകരെ പൊലിസ് സംരക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത് സംഘപരിവാറുമായും ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുമായും കേരള സര്‍ക്കാര്‍ സന്ധിയിലാണെന്നതിന്റെ തെളിവാണെന്നും ജിഗ്‌നേഷ് പറയുന്നു.

ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുമായി ഇടത് സര്‍ക്കാര്‍ അവിശുദ്ധ സന്ധിയിലാണെന്ന് പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്കെതിരെ പുരോഗമ പ്രസ്ഥാനങ്ങള്‍ ഒരുമിക്കേണ്ട സമയത്ത് ഇടത് സര്‍ക്കാരിന്റെ നടപടി ദളിത്ഇടത് ഐക്യത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറയുന്നു.

വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമരത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ദളിത് ആത്മാഭിമാന പ്രവര്‍ത്തകരെ വിട്ടയച്ചു. പുത്തന്‍ കുരിശ് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെയാണ് വിട്ടയച്ചത്.
Next Story

RELATED STORIES

Share it