Flash News

വടയമ്പാടിയിലേത് മൈതാനത്തിന്റെ മാത്രം പ്രശ്‌നമല്ല

വടയമ്പാടിയിലേത് മൈതാനത്തിന്റെ മാത്രം പ്രശ്‌നമല്ല
X




സി എ  സജീവന്‍

കൊച്ചി: വടയമ്പാടി ഗ്രാമം. ഇവിടെ വര്‍ത്തമാന കാലത്തെയും ചരിത്രത്തെയും തുലോം പിന്നാക്കം പായിക്കാനൊരുങ്ങുകയാണ് ഒരു വിഭാഗമാളുകള്‍. അതിനെതിരേ ആത്മാഭിമാനം അടിയറവുവയ്ക്കാത്ത നാട്ടുകൂട്ടം ഇവിടെ പോരാട്ടത്തിന്റെ പാതയിലാണ്. പറഞ്ഞുവരുന്നത് വടയമ്പാടി കോളനി നിവാസികള്‍ ഒരു വര്‍ഷമായി തുടരുന്ന ഭൂസമരത്തെക്കുറിച്ചാണ്. സമരം പൊതുസമൂഹത്തോട് ഉയര്‍ത്തുന്ന ചോദ്യങ്ങളെക്കുറിച്ചാണ്.

ഭരണകൂടത്തിന്റെയും ഇടിയന്‍മാരായ പോലിസ് തമ്പ്രാക്കന്‍മാരുടെയും മുഷ്‌കിനെയും നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ പണക്കൊഴുപ്പിനെയും നേരിടാന്‍ സ്വന്തം ജീവിതവും ആത്മാഭിമാനവും നല്‍കുന്ന കരുത്തും മാത്രമാണ് പ്രക്ഷോഭകര്‍ക്കുള്ളത്. ഈ ധര്‍മസമരം കേരള ചരിത്രത്തിലെ സുവര്‍ണ ഏടായി മാറുമെന്ന് ഉറപ്പാണ്. കാരണം ഈ സമരം നീതിയും ന്യായവും സത്യവും അടിവരയിടുന്നതാണ്. ഇവിടെ സ്വകാര്യ പ്രയോക്താക്കളില്ല. സമരത്തിന്റെ നേട്ടം രാജ്യത്തിനാകെയുള്ളതാണ്. ദീര്‍ഘകാല പോരാട്ടത്തിലൂടെ പൊതുസമൂഹം നേടിയെന്ന് ഊറ്റംകൊള്ളുന്ന അയിത്തം അടക്കമുള്ള ഉച്ചനീചത്വങ്ങളെ മാറിയ സാഹചര്യത്തില്‍ പുനരവതരിപ്പിച്ചതിനെതിരെയുള്ള കാലത്തിന്റെ ചെറുത്തുനില്‍പ്പും ചുവരെഴുത്തുമാവും ഈ പോരാട്ടം. ഈ തിരിച്ചറിവിന് വ്യാപ്തി കൂടിയിട്ടുണ്ട്. അതിന് തെളിവാണ് മൈതാനത്തിന്റെ മോചനമാവശ്യപ്പെട്ടുള്ള സിപിഎമ്മിന്റെ രംഗപ്രവേശം.

സമരസമിതി മുന്നോട്ടുവച്ച വ്യാജപ്പട്ടയം തുടങ്ങിയ കാതലായ പ്രശ്‌നങ്ങളെക്കുറിച്ചു സിപിഎം മൗനം പാലിക്കുന്നുവെന്നതാണ് പുതിയ ആക്ഷേപം. സമരം തുടങ്ങിവച്ചത് സിപിഎം നേതൃത്വത്തിലായിരുന്നു. എന്നാല്‍ പിന്നീട് സമ്മര്‍ദങ്ങളെ തുടര്‍ന്ന് സമരമുഖത്തു നിന്ന് അവര്‍ പിന്‍മാറുകയായിരുന്നു.കോളനിവാസികളായ പാപ്പുവും കണ്ടനും കോരനും പിന്നീട് സുരേന്ദ്രനും രാജപ്പനും അയ്യപ്പന്‍കുട്ടിയും അവരുടെ മക്കളുമൊക്കെ പിച്ചവച്ചും മണ്ണുവാരിയും കളിച്ച പൊതു ഇടമാണ് സവര്‍ണജാതിക്കോമരങ്ങള്‍ 'ജാതി' മതില്‍ കെട്ടി അടച്ചത്. ഈ കോമാളിക്കോട്ട പൊളിച്ചുനീക്കാനൊരുങ്ങിയതിന് ഭരണകൂടത്തിന്റെ പിണിയാളന്‍മാരും പോലിസും ഒത്തുചേര്‍ന്ന് കൈവിലങ്ങും തടവറയുമായാണ് നേരിട്ടത്. വടയമ്പാടിയിലെ അധസ്ഥിതര്‍ അങ്കം കുറിച്ചത് ഈ കാട്ടാള നീതിക്കെതിരെയായിരുന്നു.



ആ പോരാട്ടം ഇപ്പോഴും തുടരുന്നു. ഇതിനിടെ നിരവധിപേരെ ജയിലിലിട്ടു. ഇപ്പോഴും ചില സമരഭടന്‍മാര്‍ തടവറയ്ക്കുള്ളിലാണ്. എന്നിട്ടും പോരാട്ടം തുടരുകയാണ്, വീര്യം തെല്ലും കുറയാതെ.  ഏഴു പതിറ്റാണ്ടോളം എല്ലാവരും ഒന്നായി ഓടിക്കളിച്ച വടയമ്പാടി മൈതാനം. അവിടുത്തെ സന്ധ്യകളില്‍ ഗ്രാമത്തിന്റെ സാംസ്‌കാരിക ഗാഥകള്‍ വീചിയുണര്‍ത്തിയിരുന്നു. കലാ, കായികോല്‍സവങ്ങള്‍ ആഘോഷമൊരുക്കിയിരുന്നു. ഒന്നുമില്ലെങ്കിലും അല്‍പ്പനേരം വെറുതെ കളിപറഞ്ഞിരിക്കാന്‍ ആളുകള്‍ എന്നും സായന്തനങ്ങളില്‍ ഒത്തുകൂടിയിരുന്നു. ചെന്നിരിക്കാന്‍ ഏവര്‍ക്കും ഒരിടമുണ്ടായിരുന്നു. അതായിരുന്നു വടയമ്പാടിക്ക് ആ കളിയിടം.ആ പൊതു നന്‍മയ്ക്ക് ഒരു സുപ്രഭാതത്തില്‍ സ്വകാര്യ അവകാശികളുണ്ടാവുക. അവര്‍ ആ മൈതാനത്തെ മതില്‍ കെട്ടി സ്വന്തമാക്കുക. കാല്‍പ്പന്തു കളിക്കാന്‍ ഓടിയെത്തിയ എട്ടും പൊട്ടും തിരിയാത്ത ചെറുമക്കുഞ്ഞുങ്ങളെ 'അശ്രീകര'മെന്ന് ആക്ഷേപിക്കുക.

അവരെ കൈകാര്യംചെയ്യാനൊരുങ്ങുക. ഇതൊക്കെ നാട്ടില്‍ നടക്കുമോയെന്നു വേണമെങ്കില്‍ ചിന്തിക്കാം. എന്നാല്‍ പണവും അഴിമതിവീരന്‍മാരായ ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ടെങ്കില്‍ ഇതിലപ്പുറവും നടക്കുമെന്നതിന് സാക്ഷ്യമാണ് വടയമ്പാടി മൈതാനത്തിന്റെ ചരിത്രം.തീര്‍ത്തും സാധാരണക്കാരായ ഗ്രാമീണര്‍ക്ക് അധികാരത്തിന്റെ വീമ്പുപറച്ചില്‍ കേള്‍ക്കാതെ ഇരിക്കാന്‍ കഴിയുമായിരുന്ന ഗ്രാമത്തിലെ ഏക ഇടമായിരുന്നു കോളനിക്കാരുടെ ഓരോരുത്തരുടെയും സ്വന്തമായ ഈ വടയമ്പാടി മൈതാനം. അതിനെയാണ് ക്ഷേത്രത്തിന്റെയും സമുദായത്തിന്റെയും പേരില്‍ ഒരുകൂട്ടം കരപ്രമാണിമാര്‍ ഹൈജാക്ക് ചെയ്തത്. ആ മൈതാനത്തിന് തണലേകി ഇപ്പോഴുമുണ്ട് അധസ്ഥിതനായ ഏതോ 'മലയപ്പുലയന്‍' നട്ടുനനച്ച് വളര്‍ത്തിയ കൂറ്റന്‍ പാല മരം.ഈ മൈതാനവിഷയം ഒരു കളിസ്ഥലത്തിന്റെ കൈയേറ്റപ്രശ്‌നം മാത്രമല്ലെന്ന് സമരക്കാര്‍ ഉറപ്പിച്ചു പറയുന്നു. ദലിതരെ കണ്‍മുന്നില്‍ നിന്ന് ആട്ടിപ്പായിക്കാനാഗ്രഹിക്കുന്ന സവര്‍ണ തന്ത്രങ്ങളുടെ ആത്മാവിഷ്‌കാരം കൂടിയാണ് ഇതെന്ന് അവര്‍ വിശ്വസിക്കുന്നു. ക്ഷേത്രത്തോടോ അവിടെ കുടികൊള്ളുന്ന ദേവിയോടോ ഈ പ്രക്ഷോഭകര്‍ക്ക് പ്രശ്‌നവുമില്ല. എന്നാല്‍ ക്ഷേത്രത്തിനും ഭക്തര്‍ക്കുമിടയിലെ വ്യാപാരികളാണ് അയിത്തമന്ത്രം ഉരുവിട്ട് നാടിന്റെ സ്വസ്ഥതയ്ക്ക് ഭംഗംവരുത്തിയതെന്നു സമരസമിതി നേതാക്കള്‍ ആരോപിക്കുന്നു. അതിനവര്‍ ഈ മൈതാനത്തെ കരുവാക്കുകയാണെന്നും സമരസമിതി വിശദീകരിക്കുന്നു.

രണ്ടാം ഭാഗം:

‘ആദ്യം അവര്‍ ഞങ്ങടെ ദേവിയെ തട്ടിയെടുത്തു, പിന്നെ ഭൂമിയും’

Next Story

RELATED STORIES

Share it