malappuram local

വടപുറം പാലത്തില്‍ കക്കൂസ് മാലിന്യം തള്ളിയ കേസ്: മുഖ്യ പ്രതി അറസ്റ്റില്‍

നിലമ്പൂര്‍: സിഎന്‍ജി റോഡില്‍ വടപുറം പാലത്തില്‍ കക്കൂസ്  മാലിന്യം തള്ളിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മാലിന്യം നീക്കംചെയ്യാനുപയോഗിച്ച വാഹനത്തിന്റെ ഡ്രൈവര്‍ പാണ്ടിക്കാട് നെല്ലിക്കുത്ത് കോട്ടക്കുത്ത് അബ്ദുല്‍ ബഷീര്‍(32)നായാണ് നിലമ്പൂര്‍ സിഐ കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വാഹന ഉടമയെയും മറ്റു രണ്ടുപേരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  ഐക്കരപ്പടി ചെറുകാവ് പൂച്ചാമൂല മുഹമ്മദ് ഷാഫി(30), ഐക്കരപ്പടി പൂച്ചാര്‍മൂലയില്‍ മുജീബ് റഹ്മാന്‍(37), വാഹന ഉടമ വെട്ടിക്കാട്ടിരി മമ്പാടന്‍പറമ്പ് അബ്ദുള്‍ മജീദ്(48) എന്നിവരെയാണു കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്. ഇവര്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അബ്ദുല്‍ ബഷീറിനെ സമാനമായ കേസില്‍ തേഞ്ഞിപ്പലം പോലിസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. പരിസരമലീനീകരണം നടത്തിയതിനും പുഴയിലെ വെള്ളം ഉപയോഗശൂന്യമാക്കിയതിലൂടെ പൊതുമുതല്‍ നശീകരണത്തിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ജല അതോറിറ്റി കണക്കാക്കിയിരുന്നത്. വികെ റോഡിലെ ഹോട്ടലിലെ ശുചിമുറി മാലിന്യം ഇവര്‍ വാഹനങ്ങളില്‍ ശേഖരിച്ച ശേഷം വടപുറം പഴയ പാലത്തില്‍ തള്ളുകയായിരുന്നു. ഇത്തരത്തില്‍ സ്ഥിരമായി ഇവര്‍ പലയിടങ്ങളില്‍ നിന്നും മാലിന്യ നീക്കത്തിന് കരാറെടുക്കുന്നവരാണെന്നു പോലിസ് പറഞ്ഞു. നിലമ്പൂര്‍, എടവണ്ണ, വണ്ടൂര്‍ ഭാഗങ്ങളിലെ സിസിടിവി നിരീക്ഷിച്ചതില്‍ നിന്നു ഹോട്ടല്‍ തിരിച്ചറിയുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഐക്കരപ്പടിയിലെ കല്ലുവെട്ടുകുഴിയില്‍ ഒളിപ്പിച്ച നിലയില്‍ വാഹനങ്ങള്‍ പോലിസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ജനവാസകേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ മാലിന്യം തള്ളിയതില്‍ ഈ സംഘത്തിന് പങ്കുണ്ടെന്നാണ് പോലിസ് നിഗമനം. അന്വേഷണസംഘത്തില്‍ എസ്‌ഐ ബിനുതോമസ്, എഎസ്‌ഐ പ്രദീപ് കുമാര്‍, സിപിഒമാരായ മനോജ്, ജയരാജ്, രാജീവ്, വിമല്‍, പ്രദീപ്, ഇ ജി ജാബിര്‍, ബിനോബ്, വിനോദ്, ഷെമീര്‍, സെക്കീര്‍ ഹുസൈന്‍, ജോണ്‍ വര്‍ഗീസ്, ഹോം ഗാര്‍ഡ് അല്കസാണ്ടര്‍ എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it